thrissur local

പുതൂര്‍ക്കരയില്‍ ആറംഗ കുടുംബം താമസിക്കുന്ന വീട് നിലംപൊത്താറായ അവസ്ഥയില്‍

തൃശൂര്‍: പതിയിരിക്കുന്ന വലിയൊരു ദുരന്തത്തെ മുഖാമുഖം കണ്ടുകൊണ്ട് ദുരിത ജീവിതം തള്ളി നീക്കുകയാണ് അയ്യന്തോള്‍ പുതൂര്‍ക്കരയിലെ ആറംഗ കുടുംബം. ശക്തമായ കാറ്റില്‍ നിലം പൊത്താറായ വീട് ഈ കുടുംബത്തിന്റെ ഉറക്കം കെടുത്തിയിട്ട് നാളേറെയായി.
അയ്യന്തോള്‍ പുതൂര്‍ക്കര കോട്ടയ്ക്കല്‍ വീട്ടില്‍ സമാധാനം നഷ്ടപ്പെട്ടിട്ട് നാളുകളേറെയായി. അത്രയ്ക്കും ദയനീയമാണ് ഇന്ന് ഈ കൂട്ടുകുടുംബത്തിന്റെ അവസ്ഥ. കാലപ്പഴക്കം കൊണ്ട് ചുവരുകളും മേല്‍ക്കൂരയുമെല്ലാം തകര്‍ന്ന വീടിനു കഴിഞ്ഞ ദിവസങ്ങളില്‍ വീശിയ ശക്തമായ കാറ്റ് വിതച്ചതും അത്യന്തം ദുരിതം തന്നെ. തീര്‍ത്തും ബലക്ഷയം നേരിടുന്ന വീടിന്റെ ഓടിട്ട മേല്‍ക്കൂര ഈ കാറ്റില്‍ നിലംപൊത്തി. ഭാഗ്യം കൊണ്ടുമാത്രമാണ് വന്‍ അപകടങ്ങളില്‍ നിന്ന് അന്ന് ഈ കുടുംബം രക്ഷപ്പെട്ടത്.
ശരീരം ഭാഗികമായി തളര്‍ന്ന് കുലത്തൊഴിലായ മണ്‍പാത്ര നിര്‍മ്മാണം ചെയ്യാനാകാത്ത സഹദേവനും ശാരീരികവശതകള്‍ അനുഭവിക്കുന്ന ഭാര്യയും രണ്ട് പെണ്‍മക്കളും അവിവാഹിതരായ രണ്ടു സഹോദരിമാരുമടങ്ങുന്ന ആറംഗ കുടുംബമാണ് അപകടഭീഷണി നിറഞ്ഞ ഈ കൂരയ്ക്കുള്ളില്‍ ജീവിതം തള്ളിനീക്കുന്നത്. േ
മല്‍ക്കൂര തകര്‍ന്നതോടെ കാറ്റും തണുപ്പും വെയിലും മഴയുമെല്ലാം കൊണ്ടാണ് സാമ്പത്തികവും ആരോഗ്യപരമായും ദുരിതം മാത്രം പേറുന്ന കുടുംബം ഈ വീട്ടില്‍ കഴിഞ്ഞു കൂടുന്നത്. സഹദേവനും ഹൃദ്രോഗിയായ സഹോദരിക്കുമെല്ലാമായി മാസം ചെലവിടുന്ന തുക പോലും ഏറെ കഷ്ടപ്പെട്ടാണ് ഇവര്‍ സ്വരുകൂട്ടുന്നത്. മൂന്നു മാസം കൂടുമ്പോള്‍ കിട്ടുന്ന വാര്‍ദ്ധക്യപെന്‍ഷനും സഹോദരിമാരായ അമൃതവല്ലിയും ദേവയാനിയും ഭര്‍ത്താക്കന്‍മാര്‍ മരിച്ച സഹദേവന്റെ രണ്ടു പെണ്‍മക്കളും സ്വകാര്യ സ്ഥാപനങ്ങളിലും വീട്ടു ജോലിക്കും പോയി സമ്പാദിക്കുന്ന തുച്ഛമായ വേതനമാണ് ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ ആശ്രയം.
തകര്‍ന്ന വീട് കൗണ്‍സിലറും തൃശൂര്‍ കോര്‍പ്പറേഷന്‍ അധികൃതരും സന്ദര്‍ശിച്ചു പോയെങ്കിലും അടിയന്തിര സഹായങ്ങളൊന്നും ലഭ്യമായിട്ടില്ല. മുമ്പൊരിക്കല്‍ അവഗണിക്കപ്പെട്ട സര്‍ക്കാര്‍ ഭവനപദ്ധതിയില്‍ ഒരിക്കല്‍ കൂടി പ്രതീക്ഷ അര്‍പ്പിച്ച് കാത്തിരിക്കുമ്പോഴും കാറ്റും മഴയും വിതയ്ക്കുന്ന ഭീഷണിയെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ വിധിയില്‍ വിശ്വാസമര്‍പ്പിച്ച് കഴിഞ്ഞു കൂടുകയാണീ കുടുംബം.
Next Story

RELATED STORIES

Share it