palakkad local

പുതുശ്ശേരി പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് നടപടികള്‍ ഡിസംബര്‍ 15നകം പൂര്‍ത്തിയാക്കുമെന്ന് കമ്മീഷന്‍

പാലക്കാട്: സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കിയ പാലക്കാട് പുതുശേരി പഞ്ചായത്തിലെ വാര്‍ഡുകളിലെ നടപടികള്‍ ഡിസംബര്‍ 15നകം പൂര്‍ത്തിയാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. വാര്‍ഡിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിന്റെ പേരില്‍ ആ പഞ്ചായത്തിലെ വോട്ടെണ്ണലും ഫല പ്രഖ്യാപനവും മാറ്റിവെക്കുന്നത് പ്രായോഗികമല്ലെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.
എട്ടാം വാര്‍ഡിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനാല്‍ പാലക്കാട് പുതുശേരി ഗ്രാമപ്പഞ്ചായത്തിലെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും തടഞ്ഞുവെക്കണമെന്നാവശ്യപ്പെട്ട് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ചന്ദ്രാപുരം സ്വദേശി റാഫി നല്‍കിയ ഹരജി പരിഗണിക്കവേയാണ് കമ്മീഷന്റെ വിശദീകരണം. ബിജെപി സ്ഥാനാര്‍ഥി ഷണ്മുഖം ചെട്ടിയാര്‍ ട്രെയിനിടിച്ച് മരിച്ചതിനെ തുടര്‍ന്ന് എട്ടാം വാര്‍ഡിലെ തിരഞ്ഞെടുപ്പ് കമീഷന്‍ റദ്ദാക്കിയിരുന്നു. പുതിയ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സ്ഥാനാര്‍ഥി കോടതിയെ സമീപിച്ചത്.
വാര്‍ഡിലെ ഉപ തിരഞ്ഞെടുപ്പ് ഉടന്‍ പ്രഖ്യാപിക്കണമെന്നും അതുവരെ മറ്റ് വാര്‍ഡുകളിലെ ഫലം തടഞ്ഞുവെക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.
എന്നാല്‍ ഒരു വാര്‍ഡില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിന്റെ പേരില്‍ ബാക്കി 22 ഇടത്തെ നടപടികള്‍ തടയുന്നത് പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടികളേയും ഇത് ബാധിക്കും.
തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ നടപടികള്‍ പൂര്‍ത്തിയാവുന്ന നവംബര്‍ ഏഴിന് ശേഷം മാത്രമേ ഉപതെരഞ്ഞെടുപ്പിന് നടപടികള്‍ ആരംഭിക്കാനാവൂ.
നവംബര്‍ ഒമ്പതോടെ വിജ്ഞാപനം പുറപ്പെടുവിക്കാനൂമെന്നാണ് കരുതുന്നത്. ഡിസംബര്‍ 15നകം പൂര്‍ത്തീകരിക്കാനാവുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it