Flash News

പുതുവൈപ്പ്: നിര്‍മാണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഐഒസി



കൊച്ചി/തിരുവനന്തപുരം: പുതുവൈപ്പില്‍  നിര്‍മിക്കുന്ന  പാചകവാതക സംഭരണിയുടെ നിര്‍മാണത്തില്‍ നിന്നും പിന്നോട്ടില്ലെന്ന വ്യക്തമായ സൂചന നല്‍കി ഐഒസി. ഐഒസി ചീഫ് ജനറല്‍ മാനേജര്‍ എം കാളികൃഷ്ണ നല്‍കിയ വാര്‍ത്താ കുറിപ്പിലാണ് പുതുവൈപ്പിലെ ഐഒസി പാചകവാതക സംഭരണി നിര്‍മാണത്തില്‍ നിന്നും പിന്നോട്ടില്ലെന്ന സൂചന നല്‍കിയിട്ടുള്ളത്. പുതുവൈപ്പില്‍ നിര്‍മിക്കുന്ന സംഭരണകേന്ദ്രംവഴി കേരളത്തിലെ റോഡുമാര്‍ഗമുള്ള പാചകവാതക വിതരണത്തി ല്‍ നേരിടുന്ന കാലതാമസം ഒഴിവാക്കാന്‍ കഴിയും. ഒപ്പം ദേശീയ പാതവഴിയുള്ള ഇന്ധന നീക്കം അവസാനിപ്പിക്കാന്‍ സാധിക്കും. ഇപ്പോള്‍ ദിവസവും 100ഓളം ബുള്ളറ്റ് ടാങ്കറുകളിലാണ് മംഗളൂരുവില്‍ നിന്നും കേരളത്തിലെ വിവിധ എല്‍പിജി  ബോട്ട്‌ലിങ് പ്ലാന്റിലേക്ക് പാചകവാതകം എത്തിക്കുന്നത്. പുതുവൈപ്പിനിലെ പ്ലാന്റ് യാഥാര്‍ഥ്യമാവുന്നതോടെ ഇതെല്ലാം പരിഹരിക്കാന്‍ കഴിയുമെന്നും കാളികൃഷ്ണ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. പുതുവൈപ്പിനിലെ ഐഒസി പാചകവാതക സംഭരണി നിര്‍മാണ ജോലികള്‍ക്ക് ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ 2016 ആഗസ്തില്‍ അനുമതി നല്‍കിയിട്ടുള്ളതാണ്. എന്നാല്‍, 2017 ഫെബ്രുവരി 16 മുതല്‍ ഒരു വിഭാഗം ആളുകള്‍ ഇതിനെതിരു നില്‍ക്കുകയാണ്. ഹൈക്കോടതിയും ഐഒസിക്ക് നിര്‍മാണ അനുമതി നല്‍കിയിട്ടുണ്ട്.പാചകവാതക സംഭരണിയുടെ നിര്‍മാണം തടസ്സപ്പെടുത്തില്ലെന്ന് 2017 ഏപ്രില്‍ 13ന് ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ മുമ്പാകെ പ്രതിഷേധക്കാര്‍ ഉറപ്പു നല്‍കിയിരുന്നതാണ്.എന്നാല്‍, ഇതിനു വിപരീതമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിര്‍മാണ ജോലി തടസ്സപ്പെടുന്നതു മൂലം ഫെബ്രുവരി 16 മുതല്‍ ഐഒസിക്ക് പ്രതിദിനം ഒരു കോടിയുടെ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകനിലവാരത്തില്‍ തന്നെയുള്ള സുരക്ഷയോടെ മൗണ്ടഡ് വെസല്‍സ് മാതൃകയിലാണ് ഇവിടെ ഐഒസി സംഭരണ കേന്ദ്രം നിര്‍മിക്കുന്നത്. മല്‍സ്യബന്ധനത്തിന് ഇവിടെ നിര്‍മിക്കുന്ന സംഭരണി യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലെന്നും കാളി കൃഷ്ണ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it