പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ 2019 മേയില്‍ പൂര്‍ത്തിയാക്കും: കേന്ദ്രമന്ത്രി

തിരുവനന്തപുരം: കൊച്ചി പുതുവൈപ്പിലെ എല്‍പിജി ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടനാരംഭിക്കാനും 2019 മേയ് മാസത്തോടെ പൂര്‍ത്തിയാക്കാനും കേന്ദ്രമന്ത്രി ഡി വി സദാനന്ദഗൗഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.
പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. പദ്ധതിക്കെതിരേ പ്രദേശത്ത് നിലനിന്ന പ്രതിഷേധങ്ങള്‍ ഇപ്പോഴില്ലെന്നും പ്രതിഷേധക്കാരുമായി ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും മന്ത്രി പറഞ്ഞു. കൊച്ചി സേലം എല്‍പിജി പൈപ്പ്‌ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കും. പാലക്കാട് മുതല്‍ സേലം വരെയുള്ള 220 കിലോമീറ്റര്‍ പ്രദേശത്താണ് ഭൂമി ഏറ്റെടുക്കല്‍ വേണ്ടിവരുന്നത്. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും യോഗം ചര്‍ച്ച ചെയ്തു. 2019 ഡിസംബര്‍ അവസാനത്തോടെ മഹാരാജാസ് മുതല്‍ പേട്ട വരെയുള്ള രണ്ടാംഘട്ടം പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.
ഇതുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാനും സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കി സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു. ശബരി റെയില്‍പാത പദ്ധതിയെ കുറിച്ച് പുനരാലോചിക്കേണ്ടി വരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പദ്ധതിച്ചെലവിന്റെ പകുതി വിഹിക്കാമെന്ന ഉറപ്പില്‍ നിന്ന് സംസ്ഥാനം പിന്മാറിയ സാഹചര്യത്തിലാണിത്. സംസ്ഥാനത്തിന്റെ സഹകരണമില്ലാത്തതിനാല്‍ കേന്ദ്ര സഹായമുള്ള പദ്ധതികള്‍ വൈകുകയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.   അങ്കമാലി- എരുമേലി ശബരിപാതയുടെ നിര്‍മാണ ചെലവിന്റെ 50 ശതമാനം വീതം വഹിക്കാമെന്നായിരുന്നു കേന്ദ്രവും സംസ്ഥാനവും തമ്മിലെ ധാരണ.
എന്നാല്‍, മറ്റു പദ്ധതികള്‍ക്ക് തുക ചിലവഴിച്ചതോടെ പണമില്ലാത്തതിനാല്‍ മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. 150 കോടിക്ക് മുകളില്‍ വരുന്ന 21 പദ്ധതികളുടെ വിലയിരുത്തലാണ് പൂര്‍ത്തിയായത്. ഇവയില്‍ മാത്രം നേരത്തെ കണക്കു കൂട്ടിയതിനേക്കാള്‍ 6097 കോടി അധിക ചെലവ് കണക്കാക്കുന്നു. ഭൂമിയേറ്റെടുക്കല്‍, പാരിസ്ഥിതിക അനുമതി നല്‍കല്‍ എന്നിവയിലുള്ള കാലതാമസമാണ് കാരണം.
Next Story

RELATED STORIES

Share it