ernakulam local

പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിന് പോലിസ് സംരക്ഷണം നല്‍കാന്‍ കലക്ടറുടെ നിര്‍ദേശം



കൊച്ചി: പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി ഇറക്കുമതി ടെര്‍മിനലിന്റെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നതിന് പോലിസ് സംരക്ഷണം ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഹൈക്കോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെയും ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ ഇതു സംബന്ധിച്ച് റൂറല്‍ ജില്ലാ പോലിസ് ചീഫിന് നിര്‍ദേശം നല്‍കിയത്.പുതുവൈപ്പിലെ പ്രത്യേക സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്‍പിജി ഇറക്കുമതി ടെര്‍മിനിലിന് പോലിസ് സംരക്ഷണം നല്‍കണമെന്ന് കഴിഞ്ഞ സെപ്തംബര്‍ എട്ടിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കമ്പനിയുടെ വസ്തുവകകള്‍, തൊഴിലാളികള്‍, ജീവനക്കാര്‍, കരാറുകാര്‍ എന്നിവരടക്കം ടെര്‍മിനലുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ബാധകമാകുന്നതായിരുന്നു ഉത്തരവ്. ഇതിന് പുറമെ കേന്ദ്ര പരിസ്ഥിതി വകുപ്പില്‍ നിന്നും ലഭിച്ച അനുമതിക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബഞ്ചും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് അനുമതി നല്‍കി.പുതുവൈപ്പ് ടെര്‍മിലിനെതിരെ സംയുക്ത സമര സമിതി ഉന്നയിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഏപ്രില്‍ 7ന് വ്യവസായ മന്ത്രി എ സി  മൊയ്തീന്‍ ഗസ്റ്റ് ഹൗസില്‍ യോഗം വിളിച്ചു. മെയ് 11ന് മുഖ്യമന്ത്രി പിണറായി വിജയനും വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചു. സമരസമിതി നേതാക്കളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഈ യോഗത്തില്‍ പങ്കെടുത്തു. ഇതിന്റെ തുടര്‍ച്ചയില്‍ ജില്ലാ കലക്ടര്‍ സര്‍വകക്ഷി യോഗം വിളിച്ചും വിഷയം ചര്‍ച്ച ചെയ്തു. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനം തടയരുതെന്ന് സമരസമിതി നേതാക്കളോട് ഈ യോഗങ്ങളില്‍ അധികൃതര്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.ഇത്രയും നടപടികള്‍ക്ക് ശേഷമാണ് ഇന്നലെ മുതല്‍ ടെര്‍മിനലിന് പോലിസ് സംരക്ഷണം നല്‍കണമെന്ന നിര്‍ദേശം കലക്ടര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവിക്ക് കൈമാറിയത്.
Next Story

RELATED STORIES

Share it