Flash News

പുതുവൈപ്പിലെ പോലിസ് അക്രമത്തിനെതിരേ പ്രതിഷേധം



പോലിസ് നടപടി അപലപനീയം: വി എം സുധീരന്‍

തിരുവനന്തപുരം: പുതു വൈപ്പില്‍ നിലനില്‍പിനു വേണ്ടി സമരം ചെയ്ത സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള നാട്ടുകാരുടെ നേരേ പോലിസ് നടത്തിയ നരനായാട്ട് അപലപനീയമാണെന്ന് വി എം സുധീരന്‍. ജനാധിപത്യ കേരളത്തിലാണ് ഇത് സംഭവിച്ചത് എന്നുള്ളത് അപമാനകരമാണ്.  അധികാരം കൊണ്ട് ജനങ്ങളെ അടിച്ചമര്‍ത്താമെന്ന് ഭരണാധികാരികള്‍ വ്യാമോഹിക്കരുത്. ജനകീയശക്തിക്ക് മുന്നില്‍ ഭരണകൂടത്തിന് മുട്ടുമടക്കേണ്ടിവരുമെന്നും സുധീരന്‍ പറഞ്ഞു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: സമരത്തെ മര്‍ദനമുറകളിലൂടെ അടിച്ചമര്‍ത്തുന്ന ശൈലി  സര്‍ക്കാരിനു ഭൂഷണമല്ലെന്നു സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.   സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ഒരു സമരത്തെ നിര്‍ദയമായി അടിച്ചമര്‍ത്തുന്നത് ജനാധിപത്യത്തിനു പോലും വെല്ലുവിളിയുയര്‍ത്തുന്നു. പുതുവൈപ്പില്‍ സമാധാനമുണ്ടാവണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കൂടുതല്‍ വിവേകത്തോടെയുള്ള സമീപനമാണ്് ഉണ്ടാവേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

എസ് ഡിപിഐ

കൊച്ചി: പുതുവൈപ്പിലെ  സമരത്തിന് നേരെ പോലിസ് നടത്തിയ അതിക്രമം അപലപനീയമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. പലരുടെയും തലയ്ക്കും നട്ടെല്ലിനുമാണ് ഗുരുതര പരിക്ക് എന്നത് പോലിസ് ഭീകരത കൂടുതല്‍ വെളിവാക്കുന്നു. കൊച്ചി മെട്രോ ഉദ്ഘാടന വേളയില്‍ കേന്ദ്രത്തിന്റെ അതേ വികസന രീതിയാണ് കേരളം പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം സമരക്കാര്‍ക്ക് നേരേ നടന്ന അതിക്രമം ദുരൂഹതയുണ്ടാക്കുന്നു.സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ അഭ്യന്തര വകുപ്പ് ഒഴിയണമെന്നും ജനകീയ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നേരിടേണ്ടി വരുമെന്നും അജ്മല്‍ ഇസ്മായീല്‍  മുന്നറിയിപ്പ് നല്‍കി.

ആര്‍എംപിഐ

കോഴിക്കോട്: സമരത്തെ അടിച്ചമര്‍ത്താന്‍ പോലിസ് ഭീകരത അഴിച്ചുവിട്ടത് മുഖ്യമന്ത്രി പിണറായി വിജയനെ പ്രീണിപ്പിക്കാനുള്ള അഭ്യന്തര വകുപ്പിന്റെ ഇടപെടല്‍ കൊണ്ടാണെന്നും അന്യായമായി സ്ത്രീകളെയും കുട്ടികളെയും തല്ലിച്ചതച്ച പോലിസ് ഉേദ്യാഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു പ്രസ്താവനയില്‍ പറഞ്ഞു. സമരക്കക്കാരെ വേട്ടയാടിയ  പോലിസ്  ഉദ്യോഗസ്ഥര്‍ക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുക്കാന്‍ തയ്യാറാവണമെന്നും  വേണു പറഞ്ഞു.

കെഎല്‍സിഎ

തിരുവനന്തപുരം: പുതുവൈപ്പില്‍  സമരം നടത്തിയവരെ  അതിക്രൂരമായി തല്ലിച്ചതച്ച പോലിസ് നടപടിക്കെതിരേ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ തിരുവനന്തപുരം അതിരൂപതാ സമിതി ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കുനേരേ നടന്ന പോലിസ് അതിക്രമം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രസിഡന്റ് ആന്റണി ആല്‍ബര്‍ട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it