Flash News

പുതുവൈപ്പിലെ ഐഒസി പാചകവാതക സംഭരണി : സമരം ശക്തമാവുന്നു



വൈപ്പിന്‍: പുതുവൈപ്പിലെ ഐഒസി പാചകവാതക സംഭരണിക്കെതിരേ പ്രദേശവാസികളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സമരം കൂടുതല്‍ ശക്തമാവുന്നു. പ്രതിഷേധക്കാര്‍ക്കു നേരെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്രൂരമര്‍ദനമാണ് പോലിസ് അഴിച്ചുവിടുന്നത്. കൊച്ചുകുട്ടികളും സ്ത്രീകളുമടക്കം സമരരംഗത്തുള്ള നിരവധി പേരാണ് പോലിസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ പലരും പരിക്ക് വകവയ്ക്കാതെ സമരരംഗത്തു തുടരുകയാണ്. കഴിഞ്ഞദിവസവും പോലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ കുട്ടികളടക്കം നിരവധി പേര്‍ക്കു പരിക്കേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ വൈപ്പിന്‍ മേഖലയില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. ഹര്‍ത്താലില്‍ ഇരുചക്രവാഹനങ്ങളെ പോലും കടത്തിവിട്ടില്ല. രാവിലെ തന്നെ മാലിപ്പുറം പാലത്തില്‍ റോഡ് ഉപരോധിച്ചു. എട്ടുമണിയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനങ്ങളുമായി രംഗത്തെത്തി. ഉച്ചയോടെ ഗതാഗതതടസ്സം ഒഴിവായെങ്കിലും കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫിഷറീസ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത തീരദേശ ഹര്‍ത്താലും പൂര്‍ണമായിരുന്നു. ഇന്‍ബോര്‍ഡ്, ഔട്ട്‌ബോര്‍ഡ് വള്ളങ്ങളും നാടന്‍ വള്ളങ്ങളും മല്‍സ്യബന്ധനത്തിന് പോയില്ല. സംഘര്‍ഷത്തെ തുടര്‍ന്ന് ഞാറയ്ക്കല്‍ പോലിസ് സ്റ്റേഷനില്‍ അന്തിയുറങ്ങിയവര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ പോലിസ് നിഷേധിച്ചു. ഒടുവില്‍ സ്റ്റേഷന്‍വളപ്പില്‍ രണ്ടു സ്ത്രീകള്‍ മൂത്രമൊഴിച്ചതോടെ ഇവരെ കളമശ്ശേരി എആര്‍ ക്യാംപിലേക്ക് നീക്കി. തുടര്‍ന്ന് ഉച്ചയ്ക്കു രണ്ടുമണിയോടെ ഇവരെ ഞാറയ്ക്കല്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചു. 64 സ്ത്രീകളും 17 പുരുഷന്മാരും ഉള്‍പ്പെടെ 81 പേരെയാണ് ഹാജരാക്കിയത്. കോടതി സമരക്കാര്‍ക്കു ജാമ്യം നല്‍കിയെങ്കിലും സമരക്കാര്‍  നിഷേധിച്ചു. തങ്ങള്‍ക്കു പോലിസിന്റെ തല്ല് കിട്ടുന്നതിനേക്കാള്‍ ജയിലില്‍ പോവുന്നതാണ് നല്ലതെന്ന് സമരക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. പോലിസിനെക്കുറിച്ചുള്ള പരാതി എഴുതിനല്‍കാന്‍ കോടതി സമരക്കാരോട് നിര്‍ദേശിച്ചു. ഈ കേസില്‍ ജാമ്യം നിഷേധിക്കേണ്ട കാര്യമില്ലെന്നും സമരക്കാര്‍ 10 മിനിറ്റിനുള്ളില്‍ കോടതിയില്‍ നിന്നു പുറത്തുപോവണമെന്നും ഉത്തരവ് ലംഘിച്ച് കോടതിവളപ്പില്‍ തുടര്‍ന്നാല്‍ കേസെടുക്കുമെന്നും കോടതി അറിയിച്ചതോടെയാണ് സമരക്കാര്‍ കോടതിയില്‍ നിന്നു പിരിഞ്ഞുപോയത്. ഇതിനിടെ, മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും വേണ്ടെന്നും സമരക്കാര്‍ക്കിടയില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടിയാലോചന നടത്തി തീരുമാനമെടുക്കാനാണ് സമരക്കാരുടെ ധാരണ.
Next Story

RELATED STORIES

Share it