ernakulam local

പുതുവൈപ്പിനിലെ ഐഒസിയുടെ എല്‍പിജി സംഭരണകേന്ദ്രം ; ഹര്‍ത്താലില്‍ പ്രതിഷേധമിരമ്പി



വൈപ്പിന്‍: പുതുവൈപ്പിനിലെ ഐഒസിയുടെ എല്‍പിജി സംഭരണകേന്ദ്രത്തിനെതിരേ സമരം നടത്തിയവര്‍ക്ക്  നേരെയുണ്ടായ പോലിസ് നടപടിക്കെതിരേ നടന്ന വൈപ്പിന്‍ ഹര്‍ത്താലില്‍ പ്രതിഷേധമിരമ്പി. വരും ദിവസങ്ങളില്‍ സമരം ശക്തമാകുമെന്ന സൂചന നല്‍കുന്നരീതിയിലേക്കാണ് പോലിസ് നടപടികള്‍ക്കൊണ്ടുണ്ടായതെന്ന രീതിയിലേക്ക് സമരം മാറുന്നതെന്ന സൂചന നല്‍കുന്ന രീതിയിലുള്ള ജനപങ്കാളിത്തമാണ് ഉപരോധ സമരത്തില്‍ ഉണ്ടായത്. പുലര്‍ച്ചെ മുതല്‍ സമരക്കാര്‍ വൈപ്പിന്‍-പള്ളിപ്പുറം സംസ്ഥാന പാതയില്‍ പ്രകടനമായെത്തി. ഇതിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ റോഡ് ഉപരോധിച്ചു.എട്ട് മണിയോടെ സ്ത്രീകളും കുട്ടികളും പുതുവൈപ്പിനില്‍ റോഡ് ഉപരോധം തുടങ്ങി. തുടര്‍ന്ന് ഗോശ്രീജങ്ഷനിലും വെളിയത്താം പറമ്പിലും റോഡ് ഉപരോധിച്ചു. ഹര്‍ത്താലിനെ തുടര്‍ന്ന് സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തിയില്ല. ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും നഗരത്തിലേക്ക് ജോലിക്കും മറ്റും പോകേണ്ടവരും ഹര്‍ത്താല്‍മൂലം യാത്ര ഒഴിവാക്കി. ആശുപത്രിയിലേക്ക് പോകുന്ന രോഗികള്‍, പരീക്ഷക്കുള്ള വിദ്യാര്‍ഥികള്‍, കോളജുകളില്‍ പ്രവേശനം നേടേണ്ടവര്‍, തുടങ്ങിയവരെയൊക്കെ സമരക്കാര്‍ കടത്തി വിടുകയും ചെയ്തു. എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ സമരം ശക്തമായിരുന്നെങ്കിലും മറ്റു പഞ്ചായത്തുകളില്‍ കടകമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചു.ഉപരോധസമരം നടക്കുന്ന സ്ഥലങ്ങളില്‍ മാത്രം സ്വകാര്യ വാഹനങ്ങളെ കടത്തിവിട്ടില്ല. ഗോശ്രീ കവലയില്‍ സമരക്കാരെത്തുമെന്ന പ്രതീക്ഷയില്‍ പോലിസ് ആദ്യം അവിടെയാണ് കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ രാവിലെ 11വരെ  പുതുവൈപ്പിനില്‍ കുത്തിയിരുന്ന സമരക്കാര്‍ പ്രകടനമായി മാലിപ്പുറത്തേക്ക് നീങ്ങി. പിന്നീട് ഇവിടെയാണ് ഉപരോധ സമരം നടന്നത്. റോഡില്‍ കുത്തിയിരുന്ന പ്രതിഷേധക്കാര്‍ എംഎല്‍എക്കും,മറ്റ് ജനപ്രതിനിധികള്‍ക്കുമെതിരേ മുദ്രാവാക്യം മുഴക്കി.സാറാ ജോസഫ്, ഫാ. ജേക്കബ്ബ് മണ്ണാറപ്രായില്‍ മാലിപ്പുറത്തെത്തി സമരത്തെ അഭിവാദ്യം ചെയ്തു. ഐഒസി വിരുദ്ധസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചെത്തിയ പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഡെന്നിപാലക്കപറമ്പിലിനെയും അനാവിം കോണ്‍വെന്റ് കന്യാസ്ത്രീമാരെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പുതുവൈപ്പിലെ ദേവാലയത്തില്‍ നിന്നാരംഭിച്ച പോലിസ് സ്്‌റ്റേഷന്‍ മാര്‍ച്ച്  മാലിപ്പുറത്ത് എത്തും വരെ, ഇവര്‍ ഇവിടെ കുത്തിയിരുന്ന് മുദ്രാവാക്യം വിളി തുടര്‍ന്നു. അവരോടൊപ്പം സമരക്കാരും കൂടിചേര്‍ന്ന് വന്‍ ജനാവലിയാണ് പോലിസ് സ്‌റ്റേഷനിലേക്ക് നീങ്ങിയത്.സ്ത്രീകളും കുട്ടികളുമടങ്ങുന്ന മാര്‍ച്ചിന് ജോസി കൊല്ലമ്മാപറമ്പില്‍, ഷൈഹന്‍ പയ്യപ്പിള്ളി, ഷീല സെബാസ്റ്റിന്‍, സജി രേഷ്‌കുമാര്‍, ലിജി നെല്‍സണ്‍, എം ജി സേവ്യര്‍, കെ എക്‌സ് റോബിന്‍, എം എച്ച് റഷീദ്  നേതൃത്വം നല്‍കി. മാര്‍ച്ച് ഞാറക്കല്‍ പോലിസ് സ്‌റ്റേഷനെത്തുന്നതിനു മുമ്പ് അപ്പങ്ങാട് പാലത്തിനരികെ പോലിസ് തടഞ്ഞു. നൂറുകണക്കിന് സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് തങ്ങളുടെ പ്രതിഷേധം അറിയിച്ചു. പ്രതിഷേധസമരം കെഎല്‍സിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി ജെ പോള്‍ ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയര്‍മാന്‍ എം ബി ജയഘോഷ്, കെ ആര്‍ സുഭാഷ്, ഹെന്‍ട്രി ഓസ്റ്റിന്‍, ബിജു കണ്ണങ്ങനാട്ട്, ടി ബി മിനി, ജോസഫ് ബേസില്‍, കെ കെ തമ്പി, രതീഷ്, പി ജെ കുശന്‍, കെ കെ രഘുരാജ്, സി ജി ബിജു, മാഗ്ലിന്‍ പീറ്റര്‍, സാബു കെ വില്യംസ്്  സംസാരിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ജലപീരങ്കി ഉള്‍പ്പെടെ വന്‍ പോലിസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.പോലിസ് നടപടിയില്‍ പ്രതിഷേധിച്ചും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചും നിരവധി സംഘടനകള്‍ രംഗത്തെത്തി. സിപിഐ വൈപ്പിന്‍ മണ്ഡലം കമ്മിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി, കോണ്‍ഗ്രസ് (എസ്) മണ്ഡലം കമ്മിറ്റി, ധീവര സഭ വൈപ്പിന്‍ താലൂക്ക് കമ്മിറ്റി,  ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി, എളങ്കുന്നപ്പുഴ പഞ്ചായത്ത് റസിഡന്‍സ് അപ്പെക്‌സ് അസോസിയേഷന്‍, ധീവര യുവജന സഭ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. പോലിസും ഭരണാധികാരികളും എത്ര അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി വൈസ് ചെര്‍മാന്‍ സി ജി ബിജു പറഞ്ഞു.
Next Story

RELATED STORIES

Share it