പുതുവല്‍സര ദിനത്തില്‍ ആക്രമണത്തിനു പദ്ധതി; ബെല്‍ജിയത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

ബ്രസ്സല്‍സ്: തലസ്ഥാനമായ ബ്രസ്സല്‍സില്‍ പുതുവര്‍ഷ സായാഹ്നത്തില്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ടെന്നാരോപിച്ച് രണ്ടു പേരെ ബെല്‍ജിയം പോലിസ് അറസ്റ്റ് ചെയ്തു. യൂറോപ്യന്‍ നഗരങ്ങളില്‍ സായുധാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപോര്‍ട്ടുകളെ തുടര്‍ന്നു ബ്രസ്സല്‍സിലും ഫഌമിഷ് ബാര്‍ബന്ദ്, ലീജ് പ്രവിശ്യകളിലും നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്.
ഇവരില്‍നിന്നു സൈനിക വസ്ത്രങ്ങളും കംപ്യൂട്ടറുകളും പിടിച്ചെടുത്തു. അതേസമയം, സ്‌ഫോടക വസ്തുക്കളോ ആയുധങ്ങളോ കണ്ടെത്തിയിട്ടില്ലെന്നു പോലിസ് വ്യക്തമാക്കി. പുതിയ അറസ്റ്റ് പാരിസ് ആക്രമണങ്ങളുമായി ബന്ധപ്പെട്ടല്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. അറസ്റ്റിലായവരില്‍ ഒരാള്‍ സായുധ ഗ്രൂപ്പിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുകയും നേതൃത്വം വഹിക്കുകയും ചെയ്തുവെന്നു സംശയിക്കുന്നതായി പോലിസ് അവകാശപ്പെട്ടു.
അറസ്റ്റിലായവര്‍ ബ്രസ്സല്‍സിലെ പോലിസ് പോലുള്ള 'പ്രതീകാത്മക ലക്ഷ്യങ്ങള്‍' ആക്രമിക്കാന്‍ പദ്ധതിയിട്ടതായും പോലിസ് അറിയിച്ചു. ഇവരില്‍നിന്നു ഐഎസ് പ്രചാരണോപാധികളും കണ്ടെത്തി. മറ്റു നാലു പേരെ ചോദ്യം ചെയ്തുവെങ്കിലും കേസെടുക്കാതെ വിട്ടയച്ചു.
പാരിസില്‍ 130 പേരുടെ മരണത്തിനിടയാക്കിയ നവംബര്‍ 13ലെ സായുധാക്രമണത്തിനു ശേഷം ബെല്‍ജിയം അതീവ ജാഗ്രതയിലാണ്. ആക്രമണത്തിനു ചുക്കാന്‍ പിടിച്ചവര്‍ ബെല്‍ജിയം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചരാണെന്ന റിപോര്‍ട്ടുകളെ തുടര്‍ന്നാണ് രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചത്. പാരിസ് മാതൃകയിലുള്ള ആക്രമണ ഭീഷണിയെ തുടര്‍ന്നു നവംബറില്‍ തലസ്ഥാനമായ ബ്രസ്സല്‍സില്‍ നാലു ദിവസത്തോളം സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും മെട്രോ ഗതാഗത സംവിധാനങ്ങളും അടച്ചിട്ടിരുന്നു.
പുതുവല്‍സര ദിനത്തില്‍ ആക്രമണ സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഓസ്ട്രിയന്‍ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏതൊക്കെ രാജ്യങ്ങള്‍ക്കാണ് ഭീഷണിയുള്ളതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
Next Story

RELATED STORIES

Share it