പുതുവല്‍സരാഘോഷം; കരുനാഗപ്പള്ളിയില്‍ വ്യത്യസ്ത അപകടങ്ങളില്‍ രണ്ടു മരണം

കരുനാഗപ്പള്ളി: പുതുവല്‍സരാഘോഷത്തിനിടെ കരുനാഗപ്പള്ളിയിലുണ്ടായ പതിനഞ്ചോളം അപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ചു. ഇരുപത്തഞ്ചോളം പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്. മഠത്തില്‍ വിളയില്‍ പ്രൈവറ്റ് ബസ് ഉടമയും ഹോളോബ്രിക്‌സ് കമ്പനി മുതലാളിയുമായ പാവുമ്പ തെക്ക് മഠത്തില്‍ വിളയില്‍ അനില്‍കുമാര്‍(43), മൈനാഗപ്പള്ളി കടപ്പായില്‍ ജിജിന്‍ സദനത്തില്‍ കൃഷ്ണന്‍കുട്ടി- വിജയലക്ഷ്മി ദമ്പതികളുടെ മകന്‍ ജിജിന്‍ ബി കൃഷ്ണന്‍(24) എന്നിവരാണു മരിച്ചത്.
അനില്‍കുമാര്‍ കമ്പനിയില്‍ നിന്നു മടങ്ങുംവഴി എതിരെ വന്ന് ബൈക്ക് ഇടിക്കുകയായിരുന്നു. രാത്രി 10.45ന് മണപ്പള്ളി ആലുമുക്കില്‍ വച്ചായിരുന്നു അപകടം. ഇയാളുടെ സഹോദരിയുടെ മകനും നേവല്‍ ഉദ്യോഗസ്ഥനുമായ വിവേകും സുഹൃത്തായ പ്രദീപും സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അനില്‍കുമാര്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിവേകിനെ കൊച്ചി നേവല്‍ ബേസ് ആശുപത്രിയിലും പ്രദീപിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ദീപയാണ് അനില്‍കുമാറിന്റെ ഭാര്യ. കൃഷ്ണപ്രിയ, ശിവപ്രിയ, വിഷ്ണുപ്രിയ എന്നിവര്‍ മക്കളാണ്. മൃതദേഹം താലൂക്കാശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.
ബൈക്കും പെട്ടി ഓട്ടോയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണു ജിജിന്‍ മരിച്ചത്. രാത്രി 12.30ന് കരുനാഗപ്പള്ളി റെയില്‍വേ ക്രോസിന് സമീപത്തെ മാളിയേക്കല്‍ ജങ്ഷനില്‍വച്ച് ജിജിനും രണ്ടു സുഹൃത്തുകളും സഞ്ചരിച്ചിരുന്ന ബെക്കും കോഴികളെ കയറ്റിവന്ന പെട്ടി ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. ജിജിന്റെ കൂടെ സഞ്ചരിച്ചിരുന്ന രാഗേന്ത്, നിഖില്‍ എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ അപകടങ്ങളില്‍ പരിക്കേറ്റവര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. കരുനാഗപ്പള്ളി പോലിസ് അപകടങ്ങളില്‍ കേസെടുത്തു.
Next Story

RELATED STORIES

Share it