kannur local

പുതുവല്‍സരാഘോഷം: എക്‌സൈസ് പരിശോധന കര്‍ശനമാക്കും

കണ്ണൂര്‍: ക്രിസ്മസ്-പുതുവല്‍സരാഘോഷത്തിന്റെ മറവില്‍ ലഹരി ഉപയോഗത്തിനുള്ള സാധ്യത പരിഗണിച്ച് പുതുവല്‍സര പാര്‍ട്ടികളില്‍ കര്‍ശനമായ പരിശോധന നടത്താന്‍ ജില്ലാ ജനകീയ സമിതി യോഗത്തില്‍ എക്‌സൈസ് വകുപ്പിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പുതുവല്‍സര പാര്‍ട്ടികളിലും നിരീക്ഷണം നടത്തും. വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഒരു ഹോസ്റ്റലില്‍നിന്ന് ഈ മാസം രണ്ടുഗ്രാം ഹഷീഷ് ഓയില്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനയ്ക്കു കലക്ടര്‍ നിര്‍ദേശിച്ചു. ഡിസംബര്‍ അഞ്ചു മുതല്‍ ജനുവരി അഞ്ചു വരെ സ്‌പെഷ്യല്‍ ഡ്രൈവ് പിരീഡാണെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു. അനധികൃത മദ്യ-മയക്കുമരുന്ന് ഉല്‍പാദനവും വിപണനവും തടയാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കണ്ണൂര്‍ ഡിവിഷന്‍ ഓഫിസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ മൂന്ന് സര്‍ക്കിള്‍ ഓഫിസുകള്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ട്രൈക്കിങ് ഫോഴ്‌സ് യൂനിറ്റും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. രാത്രികാലങ്ങളില്‍ പ്രത്യേക വാഹന പരിശോധന നടത്താനും ചെക്‌പോസ്റ്റുകളില്‍ വാഹന പരിശോധന കര്‍ശനമാക്കാനും ശക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയതായി എക്‌സൈസ് വകുപ്പ് അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ലഹരി ഉപയോഗം കണ്ടെത്തുന്ന സാഹചര്യത്തില്‍ കൗണ്‍സലിങിനും ബോധവല്‍ക്കരണത്തിനുമായി കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും സേവനം ഉപയോഗിക്കാന്‍ യോഗം തീരുമാനിച്ചു. വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം നേരിടുന്നത് സംബന്ധിച്ച് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികള്‍ പങ്കെടുക്കാത്തതില്‍ ജില്ലാ കലക്ടര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ മാസം 49.8 ലിറ്റര്‍ ചാരായവും 93. 79 ലിറ്റര്‍ വിദേശ മദ്യവും 282. 35 ലിറ്റര്‍ ഇതരസംസ്ഥാന മദ്യവും 1.87 കിലോ കഞ്ചാവും 3.18 ഗ്രാം ബ്രൗണ്‍ഷുഗറും 1100 ലിറ്റര്‍ വാഷും 165. 500 കിലോ പാന്‍മസാലയും പിടിച്ചെടുത്തതായി എക്‌സൈസ് വകുപ്പ് അറിയിച്ചു. 97 അബ്കാരി കേസുകളും 31 എന്‍ഡിപിഎസ് കേസുകളും 351 കോട്പ കേസുകളും എടുത്തു. ആകെ 94 പേര്‍ക്കെതിരേയാണ് കേസ്. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. എഡിഎം ഇ മുഹമ്മദ് യൂസുഫ്, കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി വി സുരേന്ദ്രന്‍, സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it