ernakulam local

പുതുവര്‍ഷ തലേന്ന് തോപ്പുംപടി പാലം അടക്കാനുള്ള തീരുമാനം പ്രദേശവാസികളെ ദുരിതത്തിലാക്കും

മട്ടാഞ്ചേരി: പുതുവല്‍സരാഘോഷത്തിന്റെ ഭാഗമായി 31ന് വൈകീട്ട് ഏഴരയ്ക്ക് തോപ്പുംപടി പാലം അടക്കാനുള്ള തീരുമാനം പ്രദേശവാസികള്‍ക്ക് ദുരിതമാവും. ജോലിക്കും മറ്റ് കാര്യങ്ങള്‍ക്കും നഗരത്തിലും ദൂര സ്ഥലങ്ങളിലും പോവുന്നവര്‍ മടങ്ങിയെത്താന്‍ വൈകുമെന്നിരിക്കെ സബ് കലക്ടറുടെ തീരുമാനത്തില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ രാത്രി ഒമ്പതിന് ശേഷം ഇതര ജില്ലകളിലെ വാഹനങ്ങള്‍ എത്തുന്നത് തടയാന്‍ പോലിസ് ബോര്‍ഡറില്‍ പരിശോധന നടത്തുമെങ്കിലും പ്രദേശവാസികളുടെ വാഹനങ്ങള്‍ കടത്തി വിടാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് വിപരീതമായി പാലം അടക്കുവാനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് വഴി വച്ചേക്കും. സ്വന്തം വീടുകളിലേക്ക് ആളുകള്‍ക്ക് എത്താനുള്ള അവകാശത്തിന് മേലുള്ള കടന്ന് കയറ്റമായി ഇത് മാറുമെന്നാണ് ആക്ഷേപം. പുതുവല്‍സരാഘോഷത്തിന്റെ പേരില്‍ പ്രദേശവാസികളെ ബുദ്ധിമുട്ടിക്കുന്ന നടപടിയില്‍ നിന്ന് അധികൃതര്‍ പിന്‍മാറണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്. ഇത്തവണത്തെ പുതുവല്‍സരാഘോഷത്തിന് മാറ്റ് കുറക്കുന്നതാണ് പപ്പയെ കത്തിക്കല്‍ കടപ്പുറത്ത് നിന്ന് മാറ്റാനുള്ള തീരുമാനം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരിലാണ് കത്തിക്കല്‍ മാറ്റിയതെങ്കിലും കഴിഞ്ഞ 33 വര്‍ഷങ്ങള്‍ക്കിടെ കാര്‍ണിവലിന്റെ ചരിത്രത്തിലാദ്യമായാണ് പപ്പയെ കത്തിക്കല്‍ കടപ്പുറത്ത് നിന്ന് മാറ്റുന്നത്. സുനാമി വേളയില്‍ പോലും പപ്പയെ കത്തിക്കല്‍ കടപ്പുറത്ത് തന്നെയാണ് നടന്നിട്ടുള്ളത്. ഫോര്‍ട്ട്‌കൊച്ചി പരേഡ് മൈതാനിയാവട്ടെ നവീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ കാര്‍ണിവലാണ്.
Next Story

RELATED STORIES

Share it