kannur local

പുതുവര്‍ഷപ്പുലരിയിലും അക്രമം

ഇരിട്ടി: പുതുവര്‍ഷപ്പുലരിയിലും ജില്ലയില്‍ പലയിടത്തം അക്രമങ്ങള്‍. നാടെങ്ങും പുതുവര്‍ഷാഘോഷ പരിപാടികള്‍ നടക്കുമ്പോഴാണ് സിപിഎം, ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ രാഷ്ട്രീയ അക്രമങ്ങള്‍ അരങ്ങേറിയത്. ഇരിട്ടിക്കു സമീപം തില്ലങ്കേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാറും സ്‌കൂട്ടറും തീവച്ചുനശിപ്പിച്ചു. തില്ലങ്കേരി പിഎച്ച്‌സിക്കു സമീപത്തെ ഒതയോത്ത് ഞാലില്‍ പി എം ജനാര്‍ദ്ദനന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും സ്‌കൂട്ടിയുമാണ് തീയിട്ടു നശിപ്പിച്ചത്. ജനാര്‍ദ്ദനന്റെ മകനും ജവഹര്‍ ബാല ജനവേദി തില്ലങ്കേരി മണ്ഡലം സെക്രട്ടറിയുമായ ജിബിന്റേതാണ് വാഹനങ്ങള്‍. വാഴക്കാല്‍ പ്രിയദര്‍ശിനി ക്ലബ്ബില്‍ നിന്നു പുതുവല്‍സരാഘോഷവും കഴിഞ്ഞ് ഞായറാഴ്ച രാത്രി 12ഓടെ ജിബിന്‍ വീട്ടില്‍ നിര്‍ത്തിയിട്ടതായിരുന്നു കാര്‍. പുലര്‍ച്ചെ രണ്ടോടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് അടുത്തടുത്തായി നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിനശിച്ച നിലയില്‍ കണ്ടത്. ജിബിന്റെ പരാതിയില്‍ മുഴക്കുന്ന് എസ്‌ഐ പി രാജേഷ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലിസ് ശക്തമായ നടപടി സ്വികരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു. സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്താന്‍ പൊതുസമൂഹം മുന്നോട്ടുവരണം. പോലിസ് കൂടുതല്‍ ശക്തമായി ഇടപെട്ട് അക്രമകാരികളെ അമര്‍ച്ച ചെയ്യാനും അറസ്റ്റ് ചെയ്യാനും ഉടന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തിനിരയായ ജിബിന്റെ വീട് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി സന്ദര്‍ശിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രന്‍ തില്ലങ്കേരി, കെ പി പ്രഭാകരന്‍, കെ പി പത്മനാഭന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
Next Story

RELATED STORIES

Share it