kozhikode local

പുതുവര്‍ഷം ശുചിത്വ വര്‍ഷമായി ആചരിക്കാന്‍ തീരുമാനം

കോഴിക്കോട്: ശുചിത്വത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും പ്രാധാന്യം നല്‍കി പുതുവര്‍ഷം (2018) ജില്ലയില്‍ ശുചിത്വ വര്‍ഷമായി ആചരിക്കാന്‍ ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാര്‍,  മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ജില്ലയുടെ സമഗ്രമായ ശുചിത്വവും മാലിന്യ നിര്‍മാര്‍ജനവും ലക്ഷ്യംവച്ച് ജനകീയ പങ്കാളിത്തത്തോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ ക്യാംപയിനാണ് ശുചിത്വ വര്‍ഷാചരണത്തില്‍ ഉദ്ദേശിക്കുന്നതെന്ന് ജില്ലാ വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഇതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി എല്ലാ പഞ്ചായത്ത്- മുനിസിപ്പല്‍ തലങ്ങളിലും ഹരിത കര്‍മ സേനകളുടെ പ്രവര്‍ത്തനം സജീവമായി വരുന്നുണ്ട്. ക്യാംപയിന്റെ ഭാഗമായി ഓരോ വീട്ടിലെയും ഒരാളെ എങ്കിലും ശുചിത്വ സാക്ഷരര്‍ ആക്കുന്നതിനെ കുറിച്ച് ആലോചിക്കും. പദ്ധതിക്ക് നല്ല പേര് കണ്ടെത്തുന്നതിന് അഭിപ്രായം ക്ഷണിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളുടെ നിലവാരം ഉറപ്പാക്കുന്നതിനുള്ള “ഗരിമ’ പദ്ധതി പ്രകാരം ജനുവരി - മാര്‍ച്ച് മാസങ്ങളില്‍ അവരുടെ താമസ കേന്ദ്രങ്ങള്‍ പരിശോധിച്ച് ഗ്രേഡിങ് നല്‍കും. ഇതിന് മേല്‍നോട്ടം വഹിക്കുന്നതിന് എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനെജര്‍ ഡോ. ബിജോയിയെ ചുമതലപ്പെടുത്തിയതായി കലക്ടര്‍ അറിയിച്ചു. ജില്ലയിലെ 2017 വര്‍ഷത്തെ വികസന നേട്ടങ്ങള്‍ ജില്ലാ കലക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു. ഭൂമിയേറ്റെടുക്കുന്നതിന് വരുന്ന വലിയ കാലതാമസം ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്ന പശ്ചാത്തലത്തില്‍ എല്‍ എ ഓഫിസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വി കെ സി മമ്മദ് കോയ എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. എല്‍എ കേസുകള്‍ ഒന്നിച്ച് തീര്‍ക്കാന്‍ നടപടി വേണം. താലൂക്ക് സര്‍വ്വെ ഓഫിസുകളുടെ പ്രവര്‍ത്തനവും കാര്യക്ഷമമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ പുതുതായി സ്ഥാപിച്ച ഡയാലിസിസ് മെഷീനുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് വാട്ടര്‍ കണക്ഷന്‍ നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കാമെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ്എന്‍ജിനീയര്‍ എംഎല്‍എക്ക് ഉറപ്പു നല്‍കി. വളയം, ചെക്യാട്, കണ്ടിവാതുക്കല്‍, നരിപ്പറ്റ, കാവിലുമ്പാറ തുടങ്ങിയ ഭാഗങ്ങളില്‍ കാട്ടാന ശല്യം ഒഴിവാക്കുന്നതിന് വനം വകുപ്പിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് ഇ കെ വിജയന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇവിടങ്ങളില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം നേരിട്ടതായി അദ്ദേഹം പറഞ്ഞു. നാദാപുരം മണ്ഡലത്തിലൂടെ ഒഴുകുന്ന വാണിമേല്‍ പുഴ ശുചീകരിക്കുന്നതിന് പദ്ധതി ആവിഷ്‌ക്കരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. കുറ്റിയാടി ജലസേചന പദ്ധതി കനാലുകളുടെ ചില ഭാഗങ്ങളില്‍ ചോര്‍ച്ച തടയുന്നതിനുള്ള നടപടികള്‍ ഇപ്പോഴും ആയിട്ടില്ലെന്ന് പാറക്കല്‍ അബ്ദുല്ല എംഎല്‍എ പറഞ്ഞു. ആസ്തി വികസന ഫണ്ടില്‍ നിന്ന് തുക വിനിയോഗിക്കാന്‍ നിര്‍ദേശിച്ച തിരുവള്ളൂര്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടം, പുറമേരി പഞ്ചായത്തിലെ വാണിജ്യ കെട്ടിട നിര്‍മാണം എന്നിവ ആരംഭിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കാന്‍ അടിന്തര ഇടപെടല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായ കുന്ദമംഗലം- കോട്ടംപറമ്പ്, എന്‍ഐടി- കൊടുവള്ളി റോഡുകളുടെ സര്‍വേ സംബന്ധിച്ച അപ്പീലില്‍ ഒരാഴ്ചയ്ക്കകം തീര്‍പ്പ് കല്‍പിക്കാമെന്ന് പി ടി എ റഹീം എംഎല്‍എക്ക് സര്‍വേ സൂപ്രണ്ട് ഉറപ്പു നല്‍കി. നരിക്കുനി ബൈപ്പാസ് നിര്‍മാണ നടപടികള്‍ വേഗത്തിലാക്കണമെന്ന് കാരാട്ട് റസാഖ് എംഎല്‍എ ആവശ്യപ്പെട്ടു. കടല്‍ ക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കടല്‍ഭിത്തി തകര്‍ന്ന മേഖലയിലെ ഭിത്തി പുനര്‍നിര്‍മിക്കാനും കടല്‍ഭിത്തിയോട് ചേര്‍ന്ന് താമസിക്കുന്ന മല്‍സ്യത്തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കാനും അടിയന്തര നടപടി വേണമെന്ന് സി കെ നാണു എംഎല്‍എ ആവശ്യപ്പെട്ടു. കടല്‍ഭിത്തിയോട് 50 മീറ്റര്‍ അടുത്ത് താമസിക്കുന്ന മുഴുവന്‍ മല്‍സ്യത്തൊഴിലാളികളെയും പുനരധിവസിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിന് തീരദേശ മേഖലയിലെ എംഎല്‍എമാരെയും തദ്ദേശ സ്ഥാപന അധ്യക്ഷന്മാരെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് യോഗം വിളിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ തകര്‍ന്നു കിടക്കുന്ന 2.68 കിലോമീറ്റര്‍ കടല്‍ഭിത്തി പുനര്‍ നിര്‍മിക്കുന്നതിന് 13 കോടിയുടെ പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചതായി ജലസേചന വകുപ്പ് അറിയിച്ചു. വടകര ജില്ലാ ആശുപത്രിയുടെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിന് ജില്ലാ കലക്ടര്‍ പ്രത്യേക യോഗം വിളിക്കും. ആര്‍ഡിഒ വിഘ്‌നേശ്വരി, എഡിഎം ടി ജനില്‍കുമാര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ എം എ ഷീല യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it