kozhikode local

പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രതിഷേധിച്ച്് രാജിവച്ചു

താമരശ്ശേരി: തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയില്‍ പ്രതിഷേധിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജിവെച്ചു. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്് കെ കെ നന്ദകുമാറാണ് വാര്‍ഡ് അംഗത്തിന്റെ അഴിമതിയില്‍ പ്രതിഷേധിച്ച്് രാജിവെച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വ്യാജ രേഖകള്‍ ചമച്ച് പഴയ കിണര്‍ പുതിയതാണെന്ന് വരുത്തി തീര്‍ക്കുകയും പദ്ധതിയുടെ പേരില്‍ അഴിമതി നടത്തുകയും ചെയ്ത പുതുപ്പാടി പഞ്ചായത്തിലെ ഇടതു അംഗത്തിന്റെയും ഇടതുപക്ഷത്തിന്റെയും നടപടിയില്‍ പ്രതിഷേധിച്ചും എല്‍ഡിഎഫിന്റെ അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന നിലപാടിലും പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി.
എല്‍ഡിഎഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്തില്‍ പട്ടികജാതി സംവരണത്തിലുള്ള അംഗങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്നായിരുന്നു യൂഡിഎഫ് അംഗമായ നന്ദകുമാര്‍ പ്രസിഡന്റ് പദവിയിലെത്തിയത്. പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു വര്‍ഷം പഴക്കമുള്ള പഴയ കിണറിന് പണം നല്‍കി അഴിമതി നടത്തിയതിനെതിരെ ഭരണ സമിതി യോഗത്തില്‍ പ്രസിഡന്റ് സ്വീകരിച്ച നിലപാട് ഭൂരിപക്ഷ ബലത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ തള്ളിയിരുന്നു.യൂഡിഎഫ് അംഗങ്ങളോടൊപ്പം പ്രസിഡണ്ടും വിയോജനക്കുറിപ്പ് രേഖപ്പെടുത്തി എന്നതായിരുന്നു എല്‍ഡിഎഫ് ഇതിന് കാരണമായി വ്യക്തമാക്കിയത്.
മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ 70 ശതമാനത്തില്‍ താഴെയാണ് പഞ്ചായത്തില്‍ പദ്ധതി വിഹിതം ചിലവഴിച്ചിരിക്കുന്നത്. കാരുണ്യ ഭവനപദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് തുടര്‍ വിഹിതം ലഭിക്കുന്നത് ഓഡിറ്റ് ഒബ്ജക്ഷന്റെ പേരില്‍ തടഞ്ഞുവെച്ചതും കാരുണ്യ ഗുണഭോക്താക്കളെ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതും പ്രസിഡണ്ടും ഭരണ സമിതി അംഗങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാക്കിയിരുന്നു.
പഞ്ചായത്തിലെ ഭരണസ്തംഭനത്തിന്റെയും അഴിമതിയുടെയും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറല്ലാത്തത്‌കൊണ്ടാണ് പ്രസിഡണ്ട് സ്ഥാനം രാജിവെക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെകെ നന്ദകുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it