kozhikode local

പുതുപ്പാടിയില്‍ രണ്ടാള്‍ക്കു കൂടി ഡെങ്കിപ്പനി

താമരശ്ശേരി: പുതുപ്പാടി പഞ്ചായത്തിലെ വള്ള്യാട് രണ്ട് പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥീകരിച്ചു ഇവരെ വിദഗ്ധ ചികില്‍സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. നാലു ദിവസം മുമ്പ് ഡെങ്കിപ്പനി ബാധിച്ച നാല് പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.സമൃദ്ധമായ വേനല്‍മഴ ലഭിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തോട്ടം മേഖലയിലാണ് ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് കൊതുകുകള്‍ കൂടുതലായും മുട്ടയിട്ട് പെരുകുന്നത്.
റബര്‍തോട്ടങ്ങളില്‍ പാല്‍ ശേഖരിക്കുന്ന ചിരട്ടയിലെ വെള്ളം കളഞ്ഞ് കമിഴ്ത്തി വയ്ക്കണം. കൃഷിയിടങ്ങളിലെ പാളകള്‍ കൊക്കൊ തൊണ്ടുകള്‍ വീടിന്റെ പരിസരങ്ങളില്‍ അലസമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകള്‍ തുടങ്ങിയവയില്‍ തങ്ങിനില്‍ക്കുന്ന വെള്ളം ഒഴിവാക്കുകയും വെള്ളം കെട്ടി നിര്‍ത്താന്‍ ഇടവരുത്താതെ പരിസരം വൃത്തിയായി സൂക്ഷിക്കണം.
റബര്‍ തോട്ടത്തില്‍ ടാപ്പിങിന് പോകുന്ന തൊഴിലാളികള്‍ ശരീരത്തില്‍ ഓയില്‍മെന്റ് തേച്ച് കൊതുകിന്റെ കടിയേല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് നേരിയ രീതിയിലുള്ള പനി അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ചികില്‍സ തേടണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ വേണുഗോപാല്‍, ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ ഒ കെ ജനാര്‍ദ്ദനന്‍ എന്നിവര്‍ അറിയിച്ചു. ജെഎച്ച്—ഐമാരായ കെ വി ഷിബു അബ്ദുള്‍ ഗഫൂര്‍, വി ആര്‍ റിനീഷ്, എന്‍ ടി ബി, എ ദാസ്, പത്മജ എന്നിവരുടെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പഞ്ചായത്തിലെ രോഗബാധ പ്രദേശങ്ങളില്‍ ഊര്‍ജിതമായ ബോധവല്‍ക്കരണവും ലഘുലേഖ വിതരണവും കൊതുക് ഉറവിട നശീകരണവും നടത്തി വരുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതര സംസ്ഥന തൊഴിലാളികള്‍ താമസിക്കുന്നിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു.
പകര്‍ച്ച വ്യാധി പകര്‍ത്തുന്ന തരത്തില്‍ തെഴിലാളികളെ താമസിപ്പിച്ചിരുന്ന പഞ്ചായത്ത് ബസാറിലെ രണ്ട് സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കുകയും സ്ഥാപനവും പരിസരവും വൃത്തിയാക്കാനും തൊഴിലാളികള്‍ക്ക് ആവശ്യമേര്‍പ്പെടുത്താനും നോട്ടീസ് നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it