kozhikode local

പുതുപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് മലേറിയ



താമരശ്ശേരി: പുതുപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് മലേറിയ. ഒരു വര്‍ഷത്തോളമായി ബേപ്പൂരിലായിരുന്ന ഉത്തര്‍ പ്രദേശ് സ്വദേശി നാസര്‍ അലിക്കാണ് മലേറിയയാണെന്ന് സ്ഥിരീകരിച്ചത്. ബേപ്പൂരില്‍ നിന്നും രണ്ടാഴ്ച മുമ്പ് പുതുപ്പാടി ഇരുപത്തി അഞ്ചാം മൈലിലെ ഗ്ലാസ് പെയിന്റിങ് കടയില്‍ ജോലിക്കെത്തിയ ഉത്തര്‍ പ്രദേശ് സ്വദേശി നാസര്‍ അലിക്കാണ് മലേറിയ പിടിപെട്ടതായി സ്ഥിരീകരിച്ചത്. ശക്തമായ പനിയെ തുടര്‍ന്ന് താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികില്‍സ തേടുകയും രക്ത പരിശോധനയില്‍ മലേറിയയാണെന്ന് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് പുതുപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച ഇയാള്‍ക്ക് മലേറിയക്കുള്ള മരുന്നുകള്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇവരുടെ ജോലി സ്ഥലത്തും താമസ സ്ഥലത്തും പരിശോധന നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. കഴിഞ്ഞ വര്‍ഷം പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് പുതുപ്പാടിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതിനാല്‍ ഈ വര്‍ഷം ഡെങ്കിപ്പനി ഉള്‍പ്പെടെ നിയന്ത്രിക്കാനായതായും അധികൃതര്‍ പറഞ്ഞു. താമരശ്ശേരിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഗ്രാമപ്പഞ്ചായത്ത് പ്രിസഡന്റ് കെ സരസ്വതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് അംഗങ്ങളുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ഓവുചാലിലേക്ക് മലിന ജലം ഒഴുക്കി വിടുകയും മാലിന്യം പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. എല്ലാ വാര്‍ഡുകളിലും ശുചിത്വ സ്‌ക്വാഡുകള്‍ രൂപീകരിച്ച് വീടുകളില്‍ സന്ദര്‍ശനം നടത്തി രോഗവിവരങ്ങള്‍ ശേഖരിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിക്കും. എല്ലാ വാര്‍ഡുകളിലും 25 ന് മുമ്പ് വാര്‍ഡ് തല യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുവാനും തീരുമാനമായി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താമരശ്ശേരി ടൗണില്‍ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് മരുന്ന് തളിച്ചു. വരും ദിവസങ്ങിളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it