kozhikode local

പുതുപ്പാടിയില്‍ അനധികൃത ക്വാറി പ്രവര്‍ത്തനം നിര്‍ത്തിച്ചു

താമരശ്ശേരി: അധികൃതരുടെ ഒത്താശയോട പ്രവര്‍ത്തിച്ചു വന്ന അനധികൃത ചെങ്കല്‍ക്വാറി സബ് കലക്ടറുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടി. പരിസ്ഥിതി ലോലപ്രദേശമായ പത്തേക്കറോളം ഭൂമിയില്‍ വര്‍ഷങ്ങളായി നടക്കുന്ന അനധികൃത ഖനനമാണ് പിടികൂടിയത്.
6 കല്ലുവെട്ട് യന്ത്രവും ഒരു ജെസിബിയും ഉള്‍പ്പെടെ ക്വാറിയില്‍ നിന്നും വാഹനങ്ങളും യന്ത്രങ്ങളും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഈങ്ങാപ്പുഴ വില്ലേജിലെ ചെമ്മരംപറ്റയിലുള്ള പത്തേക്കറോളം ഭൂമിയില്‍ വര്‍ഷങ്ങളായി അനധികൃത ചെങ്കല്‍ ഖനനം നടക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ മൗനംപാലിക്കുകയായിരുന്നു.
രഹസ്യവിവരത്തെ തുടര്‍ന്ന് സബ് കലക്ടറുടെ പ്രത്യേക സ്‌ക്വാഡ് ശനിയാഴ്ച പരിശോധനക്കെത്തിയപ്പോഴാണ് ഗുരുതരമായ നിയമലംഘനം കണ്ടെത്തിയത്. പത്തേക്കറോളമുള്ള പ്രദേശത്ത് വന്‍തോതിലുള്ള ചെങ്കല്‍ ഖനനമാണ് നടക്കുന്നതെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കല്ല് കയറ്റിയതും കയറ്റാനെത്തിയതുമായ 5 മിനി ലോറികള്‍, 6 കല്ലുവെട്ട് യന്ത്രങ്ങള്‍, ഒരു ജെ സി ബി, ഒരു പിക്കപ്പ് എന്നിവയാണ് പിടിച്ചെടുത്തത്. പതിനായിരക്കണക്കിന് ചെങ്കല്ലാണ് ദിനേനെ ഇവിടെനിന്നും ഖനനം ചെയ്‌തെടുക്കുന്നത്. നിരവധി കുഴികളില്‍ മണ്ണിട്ട് മൂടിയതായും പുതിയ കുഴികള്‍ ആരംഭിച്ചതായും പരിശോധനയില്‍ കണ്ടെത്തി.
ഈങ്ങാപ്പുഴ വില്ലേജ് ഓഫിസര്‍ ക്വാറിയ്ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കി. പുതുപ്പാടി സ്വദേശികളായ കുരിയാനിക്കല്‍ മുഹമ്മദ്, അബ്ദുറഹിമാന്‍ എന്നിവരുടെ ഉടമസ്ഥതിയിലുള്ള ഭൂമിയില്‍നിന്നും ഉണ്ണികുളം എം എം പറമ്പ് അറീക്കരകണ്ടി ജിബു, മലപ്പുറം പുളിക്കല്‍ അരീക്കരകണ്ടി അബുദുല്‍ മുനീര്‍ എന്നിവരാണ് ചെങ്കല്ല് ഖനനം നടത്തുന്നത്. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെട്ട പ്രദേശത്തുനിന്നും വര്‍ഷങ്ങളായുള്ള ചെങ്കല്‍ ഖനനത്തിന് അധികൃതരുടെ ഒത്താശയുണ്ടായിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it