kozhikode local

പുതുപ്പണത്ത് സിപിഎം-ലീഗ് സംഘര്‍ഷം

വടകര: പുതുപ്പണം സികെ മുക്കിലുണ്ടായ സിപിഎം-ലീഗ് സംഘട്ടനത്തില്‍ സ്ത്രീകളടക്കം 6 പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം 4മണിയോടെയാണ് സംഭവം.
സംഘര്‍ഷത്തില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ സികെ മുക്കിലെ നാറത്ത് കെ ടി ഇബ്രാഹീം(55), ഇദ്ദേഹത്തിന്റെ ഭാര്യ സുഹറ(45), മകന്‍ റിയാസ് (30), ഫെബിന്‍(19), നാസര്‍(42) എന്നിവര്‍ക്കും സിപിഎം കറുക ബ്രാഞ്ച് സെക്രട്ടറി മൂലയില്‍ വിനോദന്‍(45) ആണ് പരിക്കേറ്റത്.
പരിക്കേറ്റ ലീഗ് പ്രവര്‍ത്തകരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിപിഎം പ്രവര്‍ത്തകരനായ വിനോദന് ചെവിയുടെ ഭാഗത്തേറ്റ പരിക്ക് സാരമായതിനാല്‍ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ ആഹ്ലാദ സൂചകം സിപിഎം പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചിരുന്നു.
ഇതിനിടെ പടക്കം തെറിച്ച് ലീഗിന്റെ ഫഌക്‌സ് ബോര്‍ഡില്‍ കൊള്ളുകയും ഫഌക്‌സ് കത്തുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോഴാണ് ലീഗ് പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിച്ചതെന്നും ഭര്‍ത്താവിനെയും മക്കളെയും അക്രമിക്കുന്നത് കണ്ട് തടയാനെത്തിയ സുഹറയെയും സിപിഎം പ്രവര്‍ത്തകര്‍ വെറുതെ വിട്ടില്ലെന്നും ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു. അതേ സമയം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഭാഗമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പായസം വിതരണം ചെയ്യുന്ന സമയത്ത് സംഘടിച്ചെത്തിയ ഒരു കൂട്ടം ലീഗ് ക്രിമിനല്‍ എല്‍ ഡി എഫ് പ്രവര്‍ത്തകരെ അക്രമിക്കുകയായിരുന്നെന്ന് സിപിഎം കറുക ലോക്കല്‍ കമ്മിറ്റി അറിയിച്ചു.
കറുക പ്രദേശത്ത് മനപ്പൂര്‍വ്വം അക്രമം നടത്തുന്ന ലീഗ് ക്രിമിനലുകളെ ഉടനെ അറസ്റ്റ് ചെയ്യണമെന്നും സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതായും സിപിഎം പുതുപ്പണം ലോക്കല്‍ കമ്മിറ്റി പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഫഌക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചുവെന്ന പേരില്‍ ഇവിടെ ഇരുപാര്‍ട്ടികളും തമ്മില്‍ ചെറിയ തോതിലുള്ള സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നലെ നടന്ന സംഭവവും.
Next Story

RELATED STORIES

Share it