malappuram local

പുതുപൊന്നാനിയില്‍ വീണ്ടും ഗുണ്ടാ ആക്രമണം

പൊന്നാനി: പുതുപൊന്നാനിയില്‍ വീണ്ടും ഗുണ്ടാ ആക്രമണം. പൊന്നാനി എംഇഎസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തടഞ്ഞ് നിര്‍ത്തി ഒരു സംഘം അക്രമിച്ചതായാണു പരാതി. പരിക്കേറ്റ പുതുപൊന്നാനി സ്വദേശി അക്കരയില്‍ ഫാരിസിനെ(17) പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്ലാസ് കഴിഞ്ഞ്  വരികയായിരുന്ന ഫാരിസിനെ എതിരെ വന്ന മൂന്നു പേരടങ്ങുന്ന സംഘം വടിയും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്ന് ഫാരിസും സുഹൃത്തുക്കളും പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് പുതുപൊന്നാനി മേഖലയില്‍ ഉണ്ടായ ഗുണ്ടാ  അക്രമത്തില്‍ പതിനെട്ട് വയസ്സുള്ള റഹീമിന് കണ്ണിന് മാരകമായ പരിക്ക് പറ്റിയിരുന്നു. തുടര്‍ന്ന് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. ഇതിന്റെ പ്രതികാര മെന്നോണമാണ് അക്രമമെന്നാണു പറയപ്പെടുന്നത്.
രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ പ്രദേശത്തെ നിരപരാധികള്‍ അക്രമിക്കപ്പെടുന്ന അവസ്ഥയാണ്. ഒരു അക്രമസംഭവത്തിലും ഉള്‍പ്പെടാത്ത ഫാരിസിനെ ഗുണ്ടാസംഘങ്ങള്‍ അക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. അതേസമയം കണ്ണ് അടിച്ച് തകര്‍ത്ത കേസില്‍ പ്രതികളായവരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ പോലിസ് സ്റ്റേഷന് മുന്നില്‍ സമരത്തിലാണ്. പ്രതികളായ നാലുപേരും ഒളിവിലാണ്.
ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണു വിവരം.
പോലിസ് ഇതു സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്തെ ഗുണ്ടാ ആക്രമണത്തെ തുടര്‍ന്നു നിരപരാധികളെ പോലിസ് പീഡിപ്പിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പലരുടെയും ബൈക്കുകള്‍ തകര്‍ത്ത പോലിസ് യുവാക്കളുടെ മൊബൈല്‍ ഫോണുകളും പിടിച്ചുകൊണ്ടുപോയിട്ടുണ്ട്.ഗുണ്ടാ ആക്രമണം നടത്തിയവരും ആക്രമണത്തിനിരയായവരും ഭരണകക്ഷിയില്‍പ്പെട്ടവരാണ്. ഇതുമൂലം പ്രാദേശിക പാര്‍ട്ടി നേതൃത്വം ഏറെ സമ്മര്‍ദ്ധത്തിലാണ്.
Next Story

RELATED STORIES

Share it