പുതുതായി മദ്യഷാപ്പ് തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി

കോഴിക്കോട്: സുപ്രിംകോടതി ഉത്തരവുപ്രകാരം അടച്ചുപൂട്ടിയവയല്ലാതെ പുതുതായി ഒരു മദ്യശാല പോലും സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ ഒഴിവാക്കണമെന്നും കത്തോലിക്കാ സഭ ഉള്‍പ്പെടെയുള്ള ആരുമായും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
സഭയുടെ ആശങ്കകള്‍ തള്ളുന്നില്ല. അവര്‍ക്കു താല്‍പര്യമുണ്ടെങ്കില്‍ ചര്‍ച്ചയ്ക്കു സന്നദ്ധനാണ്. സര്‍ക്കാരിന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ബാറുകളും 171 ബിയര്‍-വൈന്‍ പാര്‍ലറുകളും ആറ് ബിവറേജസ് ഔട്ട്‌ലെറ്റുകളും ഒരു ക്ലബ്ബും മൂന്ന് സൈനിക കാന്റീനുകളും 499 കള്ളുഷാപ്പുമാണ് തുറക്കുക.
ഇവയെല്ലാം യുഡിഎഫ് ഭരണകാലത്ത് പ്രവര്‍ത്തിച്ചിരുന്നവയും 2016 ഡിസംബറിലെ കോടതി ഉത്തരവിനെ തുടര്‍ന്ന് പൂട്ടിയവയുമാണ്. കള്ളുഷാപ്പുകള്‍ അടച്ചതുമൂലം 12,100 ജീവനക്കാരും ബാറുകളും ബിയര്‍ പാര്‍ലറുകളും പൂട്ടിയതിനാല്‍ 7,800 ജീവനക്കാരും തൊഴില്‍രഹിതരായിട്ടുണ്ട്. 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്ത് 29 ഫൈവ് സ്റ്റാര്‍ ബാറുകളും 813 ബിയര്‍-വൈന്‍ പാര്‍ലറുകളും 4,234 കള്ളുഷാപ്പുകളും 306 ബിവറേജസ് ഔട്ട്‌ലെറ്റുകളും 34 ക്ലബ്ബുകളും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
ഹൈക്കോടതിയുടെയും സുപ്രിംകോടതിയുടെയും വിധികള്‍ നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മദ്യവര്‍ജനമെന്ന സര്‍ക്കാര്‍ ലക്ഷ്യം നടപ്പാക്കുന്നതിന് വേണ്ടി വിമുക്തി പദ്ധതി സംസ്ഥാനതലം മുതല്‍ പ്രാദേശികതലം വരെ പ്രാവര്‍ത്തികമാക്കുന്നുണ്ടെന്നും പദ്ധതിയുടെ ഫലം ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it