പുതുതായി അനധികൃത ഫഌക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നത് തടയാന്‍ എന്തുചെയ്യാനാവുമെന്നു ഹൈക്കോടതി

കൊച്ചി: പുതുതായി അനധികൃത ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതു തടയാന്‍ എന്തു ചെയ്യാനാവുമെന്നു സര്‍ക്കാര്‍ അറിയിക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. ആലപ്പുഴ ജില്ലയിലെ കറ്റാനത്തെ ഒരു പള്ളിക്കു മുന്നില്‍ സ്ഥാപിച്ച അനധികൃത ബോര്‍ഡുകള്‍ നീക്കാന്‍ പള്ളി അധികൃതര്‍ നല്‍കിയ ഹരജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്.
ഫഌക്‌സ്, പരസ്യ ബോര്‍ഡുകള്‍ എന്നിവ അനധികൃതമായി സ്ഥാപിക്കുന്നതിനെതിരേ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കഴിഞ്ഞ ദിവസം അനുബന്ധ റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതു പരിശോധിച്ച ശേഷം ഹരജി വീണ്ടും പരിഗണിക്കാന്‍ നവംബര്‍ 13ലേക്ക് മാറ്റി. നിരത്തുകളിലെ അനധികൃത ഫഌക്‌സ് ബോര്‍ഡുകള്‍ നീക്കണമെന്ന ഹൈക്കോടതി ഉത്തരവിനു ശേഷവും തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ പഴയ സ്ഥിതി തന്നെയാണെന്നു അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപോര്‍ട്ട് പറയുന്നു.
കൊച്ചി നഗരത്തില്‍ ചില ബോര്‍ഡുകള്‍ നീക്കിയെങ്കിലും ദിനം പ്രതി പുതിയ ബോര്‍ഡുകളും ബാനറുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇടക്കാല ഉത്തരവുണ്ടായിട്ടും തിരുവനന്തപുരം നഗരത്തില്‍ അനധികൃത ബോര്‍ഡുകള്‍ നീക്കാന്‍ ശ്രമമുണ്ടായില്ലെന്നു വ്യക്തം.
അനധികൃത പരസ്യ ബോര്‍ഡുകള്‍ മാറ്റാന്‍ ആത്മാര്‍ഥമായ ശ്രമം ആരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ നടപ്പാതകളില്‍ കടയുടമകള്‍ ബോര്‍ഡ് സ്ഥാപിക്കുന്നുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികളുടെയും മറ്റും ബോര്‍ഡുകള്‍ അനധികൃതമായി സ്ഥാപിക്കുന്നത് ചോദ്യംചെയ്യുന്നവരെ കൈയേറ്റം ചെയ്യുന്ന സാഹചര്യവുമുണ്ട്. അടുത്ത തിരഞ്ഞെടുപ്പ് സമയമാവുന്നതോടെ സ്ഥിതി കൂടുതല്‍ ദുഷ്‌കരമാവുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം കോര്‍പറേഷനിലെ അനധികൃത ബോര്‍ഡുകള്‍ നീക്കാന്‍ കോര്‍പറേഷന്‍ സെക്രട്ടറിയോ, പോലിസോ കെഎസ്ഇബി ഉദ്യോഗസ്ഥരോ നടപടിയെടുത്തിട്ടില്ലെന്നു റിപോര്‍ട്ട് പറയുന്നു. പ്രധാന കേന്ദ്രങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡുകള്‍ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുണ്ട്. നഗരത്തില്‍ ഗതാഗത തടസ്സമുണ്ടാക്കുന്ന തരത്തില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ വച്ചിട്ടുണ്ട്. റോഡിന്റെ മീഡിയനുകളില്‍ വാഹന യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ ബോര്‍ഡുകളുണ്ട്.
നഗര സൗന്ദര്യത്തെ ബാധിക്കുന്ന തരത്തില്‍ സിനിമാ ബോര്‍ഡുകളും സ്ഥിരംകാഴ്ചയാണെന്നും റിപോര്‍ട്ട് പറയുന്നു. കൊച്ചിയില്‍ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നുണ്ടെങ്കിലും ദിനം പ്രതി പുതിയ ബോര്‍ഡുകളും ബാനറുകളും പ്രത്യക്ഷപ്പെടുന്നു. രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളോടു കൂടിയ ബോര്‍ഡുകളും സിനിമാ പരസ്യങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പാതയോരങ്ങളിലെ മരങ്ങളില്‍ അശ്രദ്ധമായി കെട്ടിത്തൂക്കിയ അനധികൃത ബോര്‍ഡുകള്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാണ്.

Next Story

RELATED STORIES

Share it