kasaragod local

പുതുതന്ത്രങ്ങളും പുത്തനായുധങ്ങളും തേടി അവധിക്കാല അധ്യാപക പരിശീലനം

കാസര്‍കോട്്: അടുത്ത അധ്യയനവര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കായി അധ്യാപകര്‍ അവധിക്കാല അധ്യാപക പരിശീലനങ്ങളിലേക്ക്. പൊതുവിദ്യാലയങ്ങളിലെ പഠനമികവു ലക്ഷ്യമാക്കി കഴിഞ്ഞവര്‍ഷം നടപ്പിലാക്കിയ മലയാളത്തിളക്കവും ഗണിതവിജയവും നല്‍കിയ ആത്മവിശ്വാസത്തോടെയാണ് അധ്യാപകര്‍ ഇത്തവണ അവധിക്കാല പരിശീലനത്തിലെത്തുന്നത്.
ദേശീയപഠനനേട്ട സര്‍വെ (എന്‍എഎസ്)യിലും ടേം മൂല്യനിര്‍ണ്ണയങ്ങളുടെ ഫലവിശകലനങ്ങളിലും കുട്ടികളുടെ പഠനമുന്നേറ്റം വെളിവായതോടൊപ്പം ചില വിഷയങ്ങളില്‍ പഠനനേട്ടം കുറവായതായും കണ്ടെത്തിയിരുന്നു. ഈ ദൗര്‍ബല്യം പരിഹരിക്കലാണ് പരിശീലനത്തിന്റെ മുഖ്യ ഊന്നല്‍. നാസ് പരീക്ഷ നടന്ന 3, 5, 8 ഒഴികെയുള്ള ക്ലാസ്സുകളിലെ പഠനനില കണ്ടെത്താന്‍ കാസര്‍കോട്  ജില്ലയിലെ അധ്യാപകര്‍ നടത്തിയ ടേംമൂല്യനിര്‍ണ്ണയ ഫലവിശകലനമാണ് സംസ്ഥാനത്ത് ഉപയോഗപ്പെടുത്തുന്നത്.
മികച്ച ആശയരൂപീകരണത്തിലേക്ക് നയിക്കുന്ന അറിവുനിര്‍മാണ പ്രക്രിയയ്ക്കുവേണ്ട സംവിധാനങ്ങളും പഠനോപകരണങ്ങളും ഒരുക്കുന്നതിന് അധ്യാപകര്‍ക്ക് പരിശീലനം ലഭിക്കും. പഠനോപകരണങ്ങള്‍ നിര്‍മിച്ചും പരീക്ഷണങ്ങള്‍ ചെയ്തുമുള്ള പ്രായോഗികാനുഭവങ്ങള്‍ തന്നെയാണ് പരിശീലനപ്രവര്‍ത്തനങ്ങള്‍. എല്ലാ ക്ലാസ്സുകളിലും ഗണിതലാബും ശാസ്ത്രലാബും സ്‌കൂളില്‍ ശാസ്ത്രപാര്‍ക്കും സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഇതു വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇംഗ്ലീഷ് ഭാഷയില്‍ കുട്ടികള്‍ക്ക് പ്രാവീണ്യം ഉറപ്പിക്കുന്നതിനായി ട്രൈഔട്ടുതലത്തില്‍ ആരംഭിച്ച ‘ഹലോ ഇംഗ്ലീഷ്’ പരിപാടിയില്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. ഇങ്ങനെ പരിശീലനം നേടിയ അധ്യാപകര്‍ ഇംഗ്ലീഷ്‌വിഷയം പഠിപ്പിക്കുന്നതുവഴി കുട്ടികളുടെ ഇംഗ്ലീഷ് പ്രകടനത്തില്‍ കുതിച്ചു ചാട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് ട്രൈഔട്ടനുഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ദിനാചരണങ്ങള്‍ പഠനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി നടത്തുന്നതിനായി തയ്യാറാക്കിയ ഹരിതോല്‍സവം കൈപ്പുസ്തകം പരിശീലനത്തില്‍ പരിചയപ്പെടുത്തും. കുട്ടികളുടെ സമഗ്ര വികാസം ലക്ഷ്യമിടുന്ന ടാലന്റ്‌ലാബ് സങ്കല്‍പത്തിന്റെ പ്രായോഗിക സാധ്യതകളും പൊതുവായി ചര്‍ച്ച ചെയ്യപ്പെടും.
ഓരോ ക്ലാസ്സും ഓരോ കുട്ടിയും മികവിലേക്ക് എന്നാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനായി കഴിഞ്ഞവര്‍ഷം തയ്യാറാക്കിയ അക്കാദമിക മാസ്റ്റര്‍പ്ലാന്‍ കൂടുതല്‍ സൂക്ഷ്മതലത്തില്‍ മെച്ചപ്പെടുത്തി പ്രായോഗികതലത്തിലെത്തിക്കാനുള്ള ധാരണയും അധ്യാപകര്‍ക്ക് പരിശീലനത്തിലൂടെ ലഭിക്കും. ആറു ദിവസത്തെ ജില്ലാ പരിശീലനം ഇന്ന് അവസാനിക്കും. 24ന് ബിആര്‍സിതലത്തിലുള്ള ആസൂത്രണത്തിനുശേഷം 25 മുതല്‍ മെയ് അഞ്ച് വരെ എട്ടുദിവസം ഒന്നാംഘട്ടമായും മെയ് ഏഴു മുതല്‍ 16 വരെ എട്ടുദിവസം രണ്ടാംഘട്ടമായും എല്ലാ ഉപജില്ലകളിലും പരിശീലനം നടക്കും. ജില്ലയിലെ ഏഴ് ബിആര്‍സികളിലെ 22 കേന്ദ്രങ്ങളിലായാണ് പരിശീലനം നടക്കുക.
Next Story

RELATED STORIES

Share it