പുതുചരിത്രമെഴുതി ഒബാമ ക്യൂബയില്‍

പുതുചരിത്രമെഴുതി ഒബാമ ക്യൂബയില്‍
X
Obama-and-castro

ഹവാന: ക്യൂബ-യുഎസ് ബന്ധത്തില്‍ പുതുചരിത്രമെഴുതി ത്രിദിന സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ക്യൂബയില്‍. നീണ്ട 88 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് ക്യൂബയില്‍ കാലുകുത്തുന്നത്. ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ചെ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ഒബാമയും പത്‌നി മിഷേലും രണ്ടു മക്കളും അടങ്ങുന്ന സംഘം ക്യൂബന്‍ ദ്വീപിലിറങ്ങി.
ഇവരെ ഹവാന വിമാനത്താവളത്തില്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗ്‌സ്, ക്യൂബയിലെ യുഎസ് സ്ഥാനപതി ജോസഫീന വിദാല്‍ ഫെറോ ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ പൂച്ചെണ്ടു നല്‍കി സ്വീകരിച്ചു. ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഒബാമ ക്യൂബയിലെത്തിയത്. പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ, ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്‌ട്രോ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
വ്യാപാര, രാഷ്ട്രീയ പരിഷ്‌കരണങ്ങളും ചര്‍ച്ചയാവും. ഇവിടെനിന്ന് അര്‍ജന്റീനയിലേക്കു തിരിക്കും. ഇതിനു മുന്നോടിയായി ക്യൂബയിലെ വിമതനേതാക്കളുമായി ഒബാമ ചര്‍ച്ച നടത്തും. സ്വകാര്യമേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യവസായസംരംഭകരെ പങ്കെടുപ്പിച്ചുള്ള ചര്‍ച്ചകളും നടക്കും.
ഒടുവില്‍ തങ്ങളത് സാധ്യമാക്കിയെന്നും ക്യൂബന്‍ ജനതയുമായി നേരിട്ടു സംവദിക്കാന്‍ കഴിയുന്നതിനെ പ്രതീക്ഷകളോടെയാണ് കാണുന്നതെന്നും യുഎസ് പ്രസിഡന്റ് ട്വിറ്ററില്‍ കുറിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിട്ട 1959ലെ ക്യൂബന്‍ വിപ്ലവത്തിനുശേഷം ഇവിടം സന്ദര്‍ശിക്കുന്ന പ്രഥമ യുഎസ് പ്രസിഡന്റെന്ന ഖ്യാതി ഇതോടെ സ്വന്തമാക്കിയിരിക്കുകയാണ് ഒബാമ. 1928ല്‍ കാല്‍വിന്‍ കൂളിജാണ് ഇതിനുമുമ്പ് ക്യൂബ സന്ദര്‍ശിച്ച യുഎസ് പ്രസിഡന്റ്.
ഹവാനയിലെ യുഎസ് എംബസി വീണ്ടും തുറന്നതിനുശേഷം നടത്തിയ പ്രസംഗത്തില്‍ സന്ദര്‍ശനത്തെ 'ചരിത്രപരം' എന്നാണ് ഒബാമ വിശേഷിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ശീതയുദ്ധം അവസാനിപ്പിക്കാനും നയതന്ത്രബന്ധം പുനസ്ഥാപിക്കാനും തീരുമാനിച്ചത്.
Next Story

RELATED STORIES

Share it