Alappuzha local

പുതുക്കിപ്പണിത ആനാരി ചുണ്ടന്‍ നീരണിഞ്ഞു

ഹരിപ്പാട്: പുതുക്കിപണിത ആനാരി ചുണ്ടന്‍ ഇന്നലെ രാവിലെ 8.55നും 9.10നും മദ്ധ്യേ ആനാരി കടവില്‍ നീരണിഞ്ഞു. ചലച്ചിത്ര നടന്‍ ഭീമന്‍ രഘു നീറ്റിലിറക്കല്‍ കര്‍മം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ്, ചെറുതന പഞ്ചായത്ത് പ്രസിഡന്റ് എസ് രത്‌നകുമാരി, ചുണ്ടന്‍വള്ള ഉടമാസംഘം പ്രസിഡന്റ് ആര്‍ കെ കുറുപ്പ്, സെക്രട്ടറി മാത്യു ജോസഫ് എന്നിവരുടെ മുഖ്യസാനിധ്യത്തിലായിരുന്നു ചടങ്ങ്.
ചുണ്ടന്‍ വള്ളങ്ങളുടെ രാജശില്‍പി കോഴിമുക്ക് നാരായണന്‍ ആചാരി 1963ല്‍ പണിത ആനാരി ചുണ്ടന്‍ ആദ്ദേത്തിന്റെ പുത്രന്‍ ഉമാമഹേശ്വരനാണ് ഇപ്പോള്‍ പുനര്‍നിര്‍മിച്ചിരിക്കുന്നത്. അമരം മുതല്‍ വെടിത്തടി വരെയുള്ള ഭാഗം പൂര്‍ണമായും മാറ്റി ആധുനിക മല്‍സരവള്ളം കളിക്ക് അനുയോജ്യമായ രീതിയിലാണ് ചുണ്ടന്‍ പുതുക്കിപ്പണിതത്. നീറ്റിര്‍ലിറക്കല്‍ കര്‍മത്തിനു മുന്‍പായി വിവിധ ആരാധനാലയങ്ങളില്‍ പൂജയും വഴിപാടും പ്രാര്‍ഥനയും നടത്തി. സംസ്ഥാന വിനോദ സഞ്ചാരവകുപ്പ് ഗ്രാന്റായി നല്‍കിയ 11 ലക്ഷം രൂപയടക്കം 19 ലക്ഷം രൂപ ചെലവിട്ടാണ് വള്ളം പുതുക്കിപ്പണിതിരിക്കുന്നത്.
വിവിധ കരകളിലെ ചുണ്ടന്‍വള്ള സമിതികളുടെ ഭാരവാഹികളും ബോട്ട് ക്ലബ്ബുകളുടെ പ്രതിനിധികളുമടക്കം നിരവധി ആളുകള്‍ ചടങ്ങിനെത്തിയിരുന്നു. കുമരകം ബോട്ട് ക്ലബാണ് ഇക്കുറി ആനാരി ചുണ്ടനില്‍ നെഹ്റ്രു ട്രോഫിക്ക് തുഴയുന്നത്. പ്രണവം ശ്രീകുമാര്‍ (പ്രസിഡന്റ്), ബിജു ഗീവര്‍ഗീസ് (സെക്രട്ടറി), ലിയാഖത്ത് (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായ ആയിത്തോളം വരുന്ന ഓഹരി ഉടമകളുടേതാണ് വള്ളം.
Next Story

RELATED STORIES

Share it