പുതുകുന്ന് സിഎസ്‌ഐ ദേവാലയ ആക്രമണം: മൂന്നു പേര്‍ അറസ്റ്റില്‍

കഴക്കൂട്ടം: പുതുവല്‍സര പുലരിയില്‍ പൗഡിക്കോണം പുതുകുന്ന് സിഎസ്‌ഐ ദേവാലയത്തിനു നേരെ ആക്രമണം നടത്തി പൊതുമുതല്‍ നശിപ്പിക്കുകയും ഇടവക അംഗങ്ങളായ ആറുപേരെ മര്‍ദ്ദിക്കുകയും ചെയ്ത സംഘത്തിലെ മൂന്നുപേര്‍ പോലിസ് പിടിയിലായി. ഉളിയാഴ്ത്തറ, പൗഡിക്കോണം മുക്കിക്കട കരക്കകത്ത് വീട്ടില്‍ രാഹുല്‍ (23), പാങ്ങപ്പാറ കാര്യവട്ടം പേരൂര്‍ ക്ഷേത്രത്തിനു സമീപം കിഴക്കേ പുല്ലാന വീട്ടില്‍ വിഷ്ണു (23), ഉളിയാഴ്ത്തറ പൗഡിക്കോണം വിഷ്ണു നഗര്‍ രാജീവ് ഭവനില്‍ രാജീവ് (24) എന്നിവരെയാണ് റൂറല്‍ എസ്പി ഷെഫിന്‍ അഹ്മദ്, ആറ്റിങ്ങല്‍ ഡിവൈഎസ്പി ആര്‍ പ്രതാപന്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
പ്രതികള്‍ സംഘപരിവാര പ്രവര്‍ത്തകരാണ്. പുതുവല്‍സര പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. 5,000ത്തോളം നക്ഷത്രവിളക്കുകള്‍ കത്തിച്ചുകൊണ്ട് പള്ളി പരിസരത്ത് ഇടകവ സ്റ്റാര്‍ഫെസ്റ്റ് നടത്തിയിരുന്നു. 24ന് തുടങ്ങിയ ഫെസ്റ്റ് 27ന് സമാപിച്ചു. എന്നാല്‍, ഈ സ്റ്റാറുകള്‍ കത്തിക്കണമെന്ന് പറഞ്ഞായിരുന്നു പത്തംഗ സംഘം പള്ളി പരിസരത്ത് എത്തിയത്. സംഭവ സ്ഥലത്തുണ്ടായിരുന്ന വിശ്വാസികള്‍ ഇത് എതിര്‍ത്തു. തുടര്‍ന്നു മടങ്ങിപ്പോയവര്‍ 30 പേര്‍ അടങ്ങുന്ന സംഘമായി തിരിച്ചെത്തിയാണ് ആക്രമണം അഴിച്ചുവിട്ടത്.
പള്ളിയിലുണ്ടായിരുന്നവരെ മര്‍ദ്ദിച്ച അക്രമിസംഘം നക്ഷത്രവിളക്കുകള്‍, ട്യൂബ് ലൈറ്റുകള്‍, പുല്‍ക്കുടിലുകള്‍, ക്രിസ്മസ് ട്രീകള്‍, ആര്‍ച്ചുകള്‍, വിവിധ കമാനങ്ങളും അലങ്കാരവസ്തുക്കളും നശിപ്പിച്ചു.
അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍ പോലിസെത്തിയതോടെ രക്ഷപ്പെടുകയായിരുന്നു. അതിനിടെ പോലിസിന്റെ തണുപ്പന്‍ നടപടിയില്‍ പ്രതിഷേധിച്ചു പുതുവര്‍ഷ ദിനം രാവിലെ നാട്ടുകാരും ഇടവക അംഗങ്ങളും ചേര്‍ന്ന് പൗഡിക്കോണം -ശ്രീകാര്യം റോഡ് ഉപരോധിച്ചു. തുടര്‍ന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതികളെ ഉടന്‍ പിടികൂടുമെന്ന ഉറപ്പിന്‍മേലാണ് ഉപരോധം പിന്‍വലിച്ചത്. പോലിസ് നടത്തിയ തിരച്ചിലിലാണ് അക്രമി സംഘത്തിലെ പ്രധാന പ്രതികളായ മൂന്നുപേര്‍ പിടിയിലായത്.
വധശ്രമം, ആരാധനാലയത്തിനു നേരെ ആക്രമണം, പൊതുസ്വത്തു നശിപ്പിക്കല്‍, സംഘം ചേര്‍ന്ന് ആക്രമണം ഉള്‍പ്പെടെ വിവിധ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. മറ്റ് പ്രതികള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് അറിയിച്ചു.
വെഞ്ഞാറമൂട് സിഐ വി എസ് പ്രതീപ്കുമാര്‍, പോത്തന്‍കോട് എസ്‌ഐ ശ്രീജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. അതേസമയം, പ്രതികളെ രക്ഷിക്കാനായി ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it