ernakulam local

പുതിയ 123 കുളങ്ങളുമായി ജലസമൃദ്ധി പദ്ധതി

കൊച്ചി: നാടിന്റെ പരമ്പരാഗത ജലസ്രോതസുകളായ കുളങ്ങളും ചിറകളും വൃത്തിയാക്കാന്‍ ആവിഷ്‌കരിച്ച നൂറു കുളം നവീകരണ പദ്ധതി ലക്ഷ്യത്തോടുക്കുമ്പോള്‍ പുതിയ 123 കുളങ്ങള്‍ തീര്‍ക്കാന്‍ ജലസമൃദ്ധി പദ്ധതിയുമായി ജില്ലാ ഭരണകൂടം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിതകേരളം മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഞായറാഴ്ച്ച രാവിലെ പത്തിന് കുന്നുകര ഗ്രാമപ്പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. കാലവര്‍ഷത്തിന് മുമ്പു തന്നെ ജലസമൃദ്ധി പദ്ധതി ലക്ഷ്യം കാണുമെന്ന് കോ- ഓഡിനേറ്ററും ദാരിദ്ര്യ ലഘൂകരണ യൂനിറ്റ് പ്രൊജക്ട് ഡയറക്ടറുമായ കെ ജി തിലകന്‍ പറഞ്ഞു. മഴവെള്ളം നിറഞ്ഞ് സംഭരണികളായി മാറുന്ന ഈ കുളങ്ങള്‍ പ്രദേശത്തെ ജലവിതാനം ഉയര്‍ത്തും.
കൂടാതെ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനും കാര്‍ഷികമേഖലയുടെ വികസനത്തിലൂടെ കുടുംബങ്ങളുടെ ഉപജീവനം മെച്ചപ്പെടുത്തുന്നതിനും ജലസമൃദ്ധി പദ്ധതി ലക്ഷ്യമിടുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2018-19 സാമ്പത്തികവര്‍ഷം ജില്ലയില്‍ 12 ബ്ലോക്കകളിലെ 65 ഗ്രാമപ്പഞ്ചായത്തുകളിലായി 334 കുളങ്ങള്‍ പുതുതായി നിര്‍മിക്കും. ഇതില്‍ 123 കുളങ്ങളാണ് മെയ് 31നകം പൂര്‍ത്തീകരിക്കുന്നത്. കയര്‍ഭൂവസ്ത്രം വിരിച്ച് കുളങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ വിഹിതം 40 ശതമാനം തുകയില്‍ നിന്നും കണ്ടെത്തുമെന്നും കെ ജി തിലകന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it