Flash News

പുതിയ ഹജ്ജ് നയം സംബന്ധിച്ച തീരുമാനം രണ്ടിന്



കൊണ്ടോട്ടി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്കു തിരിച്ചടിയാവുന്ന പുതിയ ഹജ്ജ് നയത്തെ കേരളം അടക്കമുള്ള മുഴുവന്‍ സംസ്ഥാനങ്ങളും എതിര്‍ത്തു. ഇന്നലെ മുംബൈയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിലാണു ഹാജിമാരെ ദോഷകരമായി ബാധിക്കുന്ന പുതിയ നയത്തെ സംസ്ഥാനങ്ങള്‍ ഒന്നിച്ച് എതിര്‍ത്തത്.  ഇതേത്തുടര്‍ന്നു ഹജ്ജ് നയം സംബന്ധിച്ച തീരുമാനം നവംബര്‍ രണ്ടിനു ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തിനു ശേഷം തീരുമാനിക്കുമെന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍  പറഞ്ഞു. കഴിഞ്ഞവര്‍ഷം വരെ 75 ശതമാനമുണ്ടായിരുന്ന ഹജ്ജ് ക്വാട്ട 70 ശതമാനമാക്കി കുറയ്ക്കാനും 25 ശതമാനം സ്വകാര്യ ഹജ്ജ് ക്വാട്ട 30 ശതമാനമാക്കി വര്‍ധിപ്പിക്കാനും പുതിയ ഹജ്ജ് നയത്തിലുള്ള ശുപാര്‍ശ ഒഴിവാക്കണം. 70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, തുടര്‍ച്ചയായി അഞ്ചാം വര്‍ഷക്കാര്‍ക്കും നേരിട്ട് ഹജ്ജിന് അനുമതി നല്‍കുന്നതു നിര്‍ത്തലാക്കാനുളള തീരുമാനം പിന്‍വലിക്കണമെന്നുമാണ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിരവധി തീര്‍ത്ഥാടകരാണു വര്‍ഷങ്ങളായി അപേക്ഷ നല്‍കി കാത്തിരിപ്പു പട്ടികയിലുള്ളത്.കേരളത്തില്‍ ഈ വര്‍ഷം 14,000 പേരാണ് അഞ്ചാം വര്‍ഷ കാത്തിരിപ്പു പട്ടികയിലുള്ളത്. കഴിഞ്ഞ 23നു കോഴിക്കോട് ജെഡിടിയില്‍ വച്ച് ഹജ്ജ്കാര്യ മന്ത്രി ഡോ. കെ ടി ജലീലിന്റെ അധ്യക്ഷതയില്‍ വിവിധ സമുദായ സംഘടനാ പ്രതിനിധികള്‍, വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, സംസ്ഥാന ഹജ്ജ് കമ്മറ്റി മെംബര്‍മാര്‍ എന്നിവര്‍ തയ്യാറാക്കിയ പ്രമേയം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കൈമാറി. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, അസി. സെക്രട്ടറി അബ്ദുര്‍റഹ്മാന്‍, കോ-ഓഡിനേറ്റര്‍ എം പി ഷാജഹാന്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തിന്റെ നിലപാടു വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it