പുതിയ സിബിഐ തലവനെതിരേ ഗുരുതര ആരോപണം

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സിയായ സിബിഐയുടെ തലവനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ച എം നാഗേശ്വര റാവു പൊതുവേദിയില്‍ വര്‍ഗീയ വിദ്വേഷം നടത്തിയതിന് നടപടി നേരിട്ട ഉദ്യോഗസ്ഥനെന്ന്.
1998 ഡിസംബര്‍ 10ന് മനുഷ്യാവകാശ ദിനത്തില്‍ ദി ഹ്യൂമന്‍ എന്ന സന്നദ്ധസംഘടന നടത്തിയ പൊതുപരിപാടിയില്‍ രാജ്യത്തെ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയതിന് സ്ഥലംമാറ്റ നടപടി നേരിട്ടിരുന്നു ഇദ്ദേഹമെന്ന്
സിപിഎം ഒഡീഷ സംസ്ഥാന സെക്രട്ടറി അലി കിഷോര്‍ പട്‌നായിക് പറഞ്ഞു. ഒഡീഷയിലെ ബെഹ്‌റാംപൂരില്‍ നടന്ന പൊതുചടങ്ങില്‍ സംസാരിച്ച റാവു, മുസ്‌ലിംകളും ക്രിസ്ത്യാനികളും മാര്‍ക്‌സിസ്റ്റുകളുമാണ് മനുഷ്യാവകാശങ്ങളുടെ ഏറ്റവും വലിയ ഭീഷണിയെന്നതടക്കമുള്ള വിദ്വേഷപരാമര്‍ശമാണ് ഇദ്ദേഹം നടത്തിയിരുന്നത്. സംഭവം വിവാദമായതോടെ റവന്യൂ ഡിവിഷനല്‍ കമ്മീഷണറും ഡിഐജിയും അന്വേഷണം നടത്തി. റാവു കുറ്റക്കാരനാണെന്ന് കണ്ടെത്തി.
പിന്നീട് ഇദ്ദേഹത്തെ ബെഹ്‌റാംപൂര്‍ വികസന അതോറിറ്റി വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയായിരുന്നു.
ഒഡീഷയിലെ മയൂര്‍ഭഞ്ജ് എസ്പിയായിരിക്കെ സഹപ്രവര്‍ത്തകന്റെ ബന്ധുവിനെ കള്ളക്കേസില്‍ കുടുക്കിയതിനു കോടതിയുടെ രൂക്ഷമായ വിമര്‍ശനവും താക്കീതും ലഭിച്ച വ്യക്തിയെയാണ് രാജ്യത്തെ സ്വതന്ത്ര അന്വേഷണ ഏജന്‍സിയായി അറിയപ്പെടുന്ന സിബിഐയുടെ തലപ്പത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it