പുതിയ സര്‍ക്കാര്‍ നല്‍കുന്ന സൂചനകള്‍

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

കേരളത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് കാഴ്ചബംഗ്ലാവിലാണ് സ്ഥാനമെന്ന് പറഞ്ഞവരെയെല്ലാം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുന്‍നിരയില്‍ കാഴ്ചക്കാരായി ഇരുത്തി ഒരിക്കല്‍ക്കൂടി ഇടതുപക്ഷഭരണം അധികാരമേറ്റെടുത്തു.
ജനങ്ങളിലേക്ക് ഏറെ വികസനം എത്തിച്ചിട്ടും ഈ ഗതി വന്നല്ലോയെന്ന് വിലപിക്കുന്ന ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന്റെ ഗവണ്‍മെന്റിന്റെ ചരമക്കുറിപ്പായി ജനവിധി. ബിജെപി പകരം മുന്നോട്ടുവച്ച എന്‍ഡിഎ ചാപിള്ളയാണെന്നും അതു പ്രഖ്യാപിച്ചു. ഇതോടെ എല്ലാം ശരിയായി എന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ഗവണ്‍മെന്റിനെ നയിക്കുന്ന സിപിഎം. അല്‍പ്പാല്‍പ്പമായി അവര്‍ പഴയ കൈയിലിരിപ്പ് പുറത്തെടുത്തുതുടങ്ങിയിട്ടുമുണ്ട്. അതിന്റെ തുടക്കം വി എസ് അച്യുതാനന്ദന്‍ തനിക്കുകിട്ടിയ ഒരു കുറിപ്പ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി യെച്ചൂരിയെ ഏല്‍പിച്ചതു സംബന്ധിച്ച് നടക്കുന്ന വിവാദമാണ്.
ആരോ വിഎസിന് എത്തിച്ചതാണ് തുണ്ടുകടലാസിലെ കുറിപ്പ്. സത്യപ്രതിജ്ഞ കഴിഞ്ഞ് വിഎസ് കുറിപ്പ് യെച്ചൂരിയുടെ കീശയിലിടുന്ന ദൃശ്യം കൂടി അവതരിപ്പിച്ചാണ് ഇടതുമുന്നണി ഗവണ്‍മെന്റിന്റെ അധികാരാരോഹണത്തിന്റെ പിറ്റേന്നാള്‍ ദൃശ്യമാധ്യമങ്ങള്‍ ആഘോഷിച്ചത്.
ഈ കുറിപ്പ് പ്രശ്‌നം ഇത്രയും വിശദീകരിക്കേണ്ടിവന്നത് കമ്മ്യൂണിസത്തിനു ചരമക്കുറിപ്പെഴുതുന്നതുപോലെ വിഎസിനും രാഷ്ട്രീയ ചരമക്കുറിപ്പെഴുതാന്‍ ശ്രമം തുടരുന്നു എന്നു കാണിക്കാനാണ്. വിഎസിനെ പുതിയ ഗവണ്‍മെന്റില്‍നിന്ന് അകറ്റിനിര്‍ത്താനുള്ള ശ്രമം തുടരുകയാണ്. നോക്കിലും വാക്കിലും സിപിഎമ്മിന്റെ നേതാക്കളും വക്താക്കളും ജനങ്ങള്‍ക്കു മുമ്പില്‍ അതു ബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിവിരുദ്ധനായി മാറ്റിനിര്‍ത്താന്‍ സംസ്ഥാനനേതൃത്വം പരമാവധി ശ്രമിച്ചതാണ്. പുതിയ ജനറല്‍ സെക്രട്ടറിയുടെ മുന്‍കൈയില്‍ കേന്ദ്രനേതൃത്വമാണ് അദ്ദേഹത്തെ മല്‍സരിപ്പിച്ചതും പ്രചാരണത്തിന് നിയോഗിച്ചതും. മറിച്ചായിരുന്നെങ്കില്‍ വിധി മറ്റൊന്നാവുമെന്ന് ഭയപ്പെട്ടതുകൊണ്ട്.
കേരളത്തിലെ വിജയം ഇന്ത്യയില്‍ കമ്മ്യൂണിസം തിരിച്ചുകൊണ്ടുവരുകയാണെന്നല്ല പറയുന്നത്. അത്തരമൊരു സാധ്യതയുടെ സൂചനപോലും കേരളവും പശ്ചിമബംഗാളുമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന ഈ തിരഞ്ഞെടുപ്പുഫലത്തിലില്ല. തൃണമൂല്‍ ഭരണത്തിനെതിരേ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് ഇടതുമുന്നണി മല്‍സരിച്ചിട്ടും ബംഗാളില്‍ തൃണമൂല്‍ സീറ്റും ജനപിന്തുണയും വര്‍ധിപ്പിച്ചു. അസമിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇടതുപാര്‍ട്ടികള്‍ അപ്രത്യക്ഷമായി. അസമില്‍ ബിജെപി പ്രാദേശിക കക്ഷികളുടെ സഖ്യശക്തി സംഭരിച്ചാണ് കോണ്‍ഗ്രസ്സിനെ അധികാരത്തില്‍നിന്ന് താഴെ വീഴ്ത്തിയത്.
ഇതു വ്യക്തമാക്കുന്നത് ആഗോളവല്‍കൃത ഇന്ത്യയില്‍ ബൂര്‍ഷ്വാസി ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഐക്കു പകരം ബിജെപിയെ സ്വീകരിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനങ്ങളില്‍ സ്ഥിതി മറ്റൊന്നാണെന്നാണ്. ഡല്‍ഹി, ബിഹാര്‍ തിരഞ്ഞെടുപ്പുകള്‍ അതു ചൂണ്ടിക്കാട്ടി. ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പുകളിലും ബിജെപി എന്ന കേന്ദ്രഭരണകക്ഷിക്കെതിരേ സംസ്ഥാനങ്ങളില്‍ പ്രാദേശിക ദേശീയതയുടെ പ്രതീകങ്ങളായ കക്ഷികള്‍ ഉയര്‍ന്നുവന്നിരിക്കുന്നു.
അത്തരമൊരു പ്രാദേശിക രാഷ്ട്രീയ-സാംസ്‌കാരിക ദേശീയതയുടെ പ്രതീകമായാണ് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഇപ്പോള്‍ അധികാരത്തിലെത്തിയത്. 91 സീറ്റ് ലഭിച്ചിട്ടും എല്‍ഡിഎഫിന് 1.82 ശതമാനം വോട്ട് കുറഞ്ഞു. കേരളത്തില്‍ 27 ലക്ഷത്തിലേറെ വോട്ട് കൂടിയിട്ടും ഈ കുറവുണ്ടായി. അതേസമയം, യുഡിഎഫിന് 7.03 ശതമാനം വോട്ട് ഇടിഞ്ഞു. ഒരു സീറ്റേ ലഭിച്ചുള്ളൂവെങ്കിലും ഇരുമുന്നണികളേക്കാളും നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. ഒമ്പതുശതമാനം വോട്ട് കൂടി. ബിജെപി-ബിഡിജെഎസ് സഖ്യം 24 മണ്ഡലങ്ങളില്‍ 25,000നും 46,000നും ഇടയില്‍ വോട്ട് നേടി. ജില്ലാതലത്തില്‍ മൂന്നുശതമാനം മുതല്‍ 13 ശതമാനം വരെ എന്‍ഡിഎ വോട്ട് വര്‍ധിപ്പിച്ചു. അവരുടെ വോട്ട് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 20 ലക്ഷത്തില്‍ കൂടുതലാണ്.
പിണറായിക്കൊപ്പം വിഎസിനെ രംഗത്തിറക്കിയതാണ് നവോത്ഥാന പിന്തുടര്‍ച്ചയ്ക്കും ഇടതുപക്ഷ ഗവണ്‍മെന്റുകളുടെ ജനപ്രിയതയും വിശ്വാസ്യതയും ഇടതുമുന്നണിക്ക് ലഭിക്കാനിടയാക്കിയതും. സോഷ്യല്‍ ഡെമോക്രസിയുടെ ജനാധിപത്യവും ആഭിജാത്യവും അശ്ലീലമാക്കി തകര്‍ത്ത ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിനോടുള്ള രോഷം. മതസൗഹാര്‍ദവും സാംസ്‌കാരിക വൈവിധ്യവും ഉള്‍ച്ചേര്‍ന്ന കേരളം ബിജെപിയുടെ വര്‍ഗീയ ധ്രുവീകരണ ഭീഷണിയെ ഭയന്ന് പ്രതികരിച്ചതും.
മൂലധനശക്തികള്‍ കണ്ണുവച്ചിട്ടുള്ള കേരളത്തില്‍ അവര്‍ക്കു വേണ്ടത് കേന്ദ്രത്തിലേതുപോലെ എല്ലാനിലയ്ക്കും മോദി ശൈലിയിലുള്ള ഭരണാധികാരിയെയാണ്. അവര്‍ക്ക് സ്വീകാര്യം വിഎസിനു പകരം പിണറായിയും. ഇടതുമുന്നണിയെയും സിപിഎമ്മിനെയും ഒരുപോലെ കൈയിലൊതുക്കാന്‍ പ്രാപ്തിയുള്ള കാര്‍ക്കശ്യക്കാരനായ ഒരു മുഖ്യമന്ത്രിയെ. ഈ സാധ്യത ഇല്ലാതാക്കാനും ഒരു ജനപക്ഷഭരണം ഉറപ്പുവരുത്താനും ജനങ്ങള്‍ ആവശ്യപ്പെട്ട ഗ്യാരന്റിയായിരുന്നു വിഎസ്; മുഖ്യമന്ത്രിയാക്കിയില്ലെങ്കിലും ഭരണതലത്തിലെ ഒരു ഇടപെടല്‍ ശക്തിയായെങ്കിലും. അതൊഴിവാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനായാല്‍ എല്ലാം ശരിയാവും അഥവാ ശരിയാക്കും എന്ന ആരവം പെട്ടെന്നുയര്‍ന്നത്.
വിശ്വാസം മുതല്‍ മദ്യനയം വരെയുള്ള കാര്യങ്ങളില്‍ കമ്മ്യൂണിസ്റ്റുകളെ എതിര്‍ത്തുപോന്ന കത്തോലിക്കാ സമുദായത്തിന്റെ ബിഷപ് കൗണ്‍സിലിന്റെ പ്രതികരണം തന്നെ മതി. സിപിഎം നേതൃത്വം തീരുമാനിക്കും മുമ്പ് വിഎസിനെ തള്ളിപ്പറഞ്ഞ് പിണറായിക്ക് സ്തുതിപാടാന്‍ കെസിബിസി രംഗത്തുവന്നു. ഇത്തവണ നിയുക്ത മുഖ്യമന്ത്രിയുടെ പാര്‍ട്ടി ഫഌറ്റിലെ വസതിയിലും സത്യപ്രതിജ്ഞയുടെ സദസ്സിലും സെക്രട്ടേറിയറ്റിന്റെ ഇടനാഴികകളിലും ആഹ്ലാദത്തോടെ ഞാന്‍ ഞാന്‍ മുന്നില്‍ എന്ന നിലയില്‍ വന്നവര്‍ ആരൊക്കെയെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നെങ്കില്‍ ഇതു കൂടുതല്‍ വ്യക്തമാവുമായിരുന്നു. പുതിയ ഗവണ്‍മെന്റിന്റെ വര്‍ഗനയവും ദിശയും സംബന്ധിച്ച് കൃത്യമായ സൂചന അതില്‍നിന്നു കിട്ടുമായിരുന്നു.
പക്ഷേ, മാധ്യമപ്രവര്‍ത്തകരുടെ കണ്ണും കാതും കാമറകളും കേന്ദ്രീകരിച്ചത് വിഎസിന്റെ കൈയിലെ കുറിപ്പിലേക്കും യെച്ചൂരിയുടെ കീശയിലേക്കുമായിരുന്നു. ഒന്നര പ്പതിറ്റാണ്ടായി പിണറായി വിജയന്റെ ഏക പരാതി മാധ്യമങ്ങള്‍ തന്നെ വളഞ്ഞുവച്ചാക്രമിക്കുന്നു എന്നായിരുന്നു. ഇല്ലാത്ത ദോഷങ്ങള്‍ തനിക്കിട്ട് ചാര്‍ത്തിത്തരുന്നു എന്നും. എന്നാല്‍, മുഖ്യമന്ത്രിയായതോടെ മാധ്യമങ്ങള്‍ വളഞ്ഞുനിന്ന് സ്തുതിപാഠനം തുടങ്ങിക്കഴിഞ്ഞു. കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴയുകയാണു ചെയ്തതെന്ന് അടിയന്തരാവസ്ഥക്കാലത്തെ മാധ്യമങ്ങളെപ്പറ്റി അഡ്വാനി പറഞ്ഞിട്ടുണ്ട്. ആ അവസ്ഥയിലേക്ക് മാധ്യമങ്ങള്‍ മാറുകയാണോയെന്ന് സംശയിക്കാതെവയ്യ.
ആഗോളവല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തിലെ വികാസമെന്താണ്? ഇടതുപക്ഷത്തിന് അത് എങ്ങനെ സാധിക്കും? ഈ തിരഞ്ഞെടുപ്പില്‍ അതു വ്യക്തമാക്കപ്പെട്ടിട്ടില്ല. ആഗോളവല്‍ക്കരണത്തെ എതിര്‍ക്കുന്നുവെന്ന് പറയുമ്പോഴും അതിനെ നേരിട്ടുകൊണ്ടുള്ള ബദല്‍ വികസനതന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടില്ല. ആഗോളതലത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അവസ്ഥ അതാണ്. ഇന്ത്യയില്‍ തന്നെ ആഗോളവല്‍ക്കരണത്തിനെതിരായ സമരം എന്നു പറയുമ്പോഴും വ്യക്തതയും പ്രയോഗപരതയുമില്ല. മുതലാളിത്തനയത്തിന്റെ കെടുതി അനുഭവിക്കുന്ന പ്രാന്തവല്‍ക്കരിക്കപ്പെടുന്ന ജനങ്ങളെ അതിനെതിരേ അണിനിരത്താനുള്ള പ്രക്ഷോഭമാര്‍ഗങ്ങള്‍ തുറക്കാനും അവര്‍ക്കായിട്ടില്ല.
ഇത്തരമൊരു സാഹചര്യത്തില്‍ കേരള വികസന സെമിനാറിലെ അധ്യക്ഷപ്രസംഗംകൊണ്ടോ സെമിനാര്‍ രേഖകളിലെ നിര്‍ദേശങ്ങളുടെ ഗൃഹപാഠംകൊണ്ടോ ഒരു ഇടതുപക്ഷ ഭരണ വികസന പരിപ്രേക്ഷ്യം പിണറായി വിജയനെന്ന മുഖ്യമന്ത്രിക്ക് സ്വയം പ്രയോഗത്തില്‍ വരുത്താനാവില്ല. മാത്രമല്ല, പ്രധാനമന്ത്രി മോദിയുടെ ഭരണശൈലിയാണ് പിണറായി വിജയന്‍ സ്വീകരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്നത് ഇനി പിണറായി വിജയന്‍ ഗവണ്‍മെന്റാണത്രെ. ലക്ഷങ്ങള്‍ ചെലവഴിച്ച് പുതിയ ഗവണ്‍മെന്റിനെ ദേശവ്യാപകമായി ഔദ്യോഗിക പരസ്യത്തിലൂടെ പരിചയപ്പെടുത്തിയത് അങ്ങനെയാണ്. ഇതൊരു പിഴവല്ല; സ്വാഭാവിക പ്രതിഫലനമാണ്.
ഭരണ-വികസന അശ്ലീലത്തിന്റെ പ്രതീകമായി മാറിയ യുഡിഎഫ് ഭരണത്തിന് അന്ത്യമായി. ആര്‍എസ്എസ്-ബിജെപിയുടെ ആദ്യ രാഷ്ട്രീയ ആസൂത്രണം പരാജയപ്പെട്ടു. കേരളത്തെ അഴിമതിക്കാരില്‍നിന്നും തീവെട്ടിക്കൊള്ളക്കാരില്‍നിന്നും മോചിപ്പിക്കുമെന്നു പറഞ്ഞ ഇടത് ജനാധിപത്യ മുന്നണിയുടെ ഗവണ്‍മെന്റ് അധികാരത്തിലേറി. ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ്. അഴിമതിയില്ലാത്ത, വര്‍ഗീയസംഘര്‍ഷങ്ങളില്ലാത്ത, രാഷ്ട്രീയ കൊലപാതകങ്ങളില്ലാത്ത, വിലക്കയറ്റമില്ലാത്ത ആശ്വാസത്തിന്റെയും സമാധാനത്തിന്റെയും ഭരണനാളുകളാണ് അവരുടെ മനസ്സില്‍.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഭരണ മധുവിധു കഴിയാനുള്ള 100 ദിവസമെങ്കിലും എല്‍ഡിഎഫ് ഗവണ്‍മെന്റിന് എല്ലാവരും സമയം കൊടുക്കണം; അവസരവും. അവരുടെ ഭരണ-ആസൂത്രണ നയങ്ങള്‍ എങ്ങനെ, ഏതുവഴിക്കു പോവുന്നുവെന്ന് കാത്തിരുന്നുവേണം കാണാന്‍.

(കടപ്പാട്: വള്ളിക്കുന്ന് ഓണ്‍ലൈന്‍)
Next Story

RELATED STORIES

Share it