kasaragod local

പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് ആസ്ട്രാള്‍ വാച്ചസ്

കാസര്‍കോട്്: നഷ്ടത്തിന്റെ പേരില്‍ 2006ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് പൂട്ടിയ ആസ്ട്രാള്‍ വാച്ചസ് പുതിയ സര്‍ക്കാറില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ (കെഎസ്‌ഐഡിസി)യുടെ കോടികള്‍ വിലമതിക്കുന്ന സ്ഥലവും കെട്ടിടവും നെല്ലിക്കുന്നിലുണ്ട്. 2006ല്‍ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമാണ് സ്ഥാപനം പൂട്ടാന്‍ ഉത്തരവിട്ടത്. ഇവിടെ ഐടി പാര്‍ക്ക് സ്ഥാപിക്കുമെന്നായിരുന്നു അന്ന് മന്ത്രി വാഗ്ദാനം ചെയ്തിരുന്നത്. നീണ്ട പത്ത് വര്‍ഷം കഴിഞ്ഞിട്ടും ആസ്ട്രാള്‍ വാച്ചസിന്റെ മോചനത്തിന് നടപടിയായില്ല. പുതിയ വ്യവസായമന്ത്രി ഇ പി ജയരാജന്‍ കണ്ണൂര്‍ സ്വദേശിയായതിനാലാണ് ആസ്ട്രാള്‍ വാച്ചസിന് മോചനമാകുമെന്ന പ്രതീക്ഷ ഉയര്‍ത്തുന്നത്. ബീച്ച് റോഡിലുള്ള മൂന്നര ഏക്കര്‍ സ്ഥലം ഇപ്പോള്‍ കാടുപിടിച്ച് കിടക്കുകയാണ്. ആസ്ട്രാള്‍ വാച്ചസിന്റെ അസംബ്ലിങ് യൂനിറ്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും ഇതിനകത്തുണ്ട്. 2006ല്‍ സ്ഥാപനം പൂട്ടിയപ്പോള്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ഒന്നരമാസത്തോളം അസ്ട്രാള്‍ വാച്ചസ് പരിസരത്ത് കഞ്ഞിവച്ച് സമരം നടത്തിയിരുന്നു. ഇവിടെയുണ്ടായിരുന്ന സ്ത്രീകളടക്കമുള്ള തൊഴിലാളികളെ ആനുകൂല്യമൊന്നും നല്‍കാതെ നിര്‍ബന്ധ റിട്ടയര്‍മെന്റ് നല്‍കുകയായിരുന്നു. അതേസമയം അസ്ട്രാള്‍ വാച്ചസില്‍ ജോലിചെയ്തിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ഡപ്യൂട്ടേഷനില്‍ വന്‍ ശമ്പളത്തില്‍ കെ—എസ്‌ഐ—ഡി—സിയില്‍ ജോലിചെയ്യുന്നുണ്ട്. വ്യാവസായികമായി പിന്നാക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയില്‍ 1980ല്‍ അന്നത്തെ വ്യവസായമന്ത്രിയായിരുന്ന പി സി ചാക്കോയാണ് ആസ്ട്രാള്‍ വാച്ചസ് ഉദ്ഘാടനം ചെയ്തത്. എച്ച്—എംടി വാച്ചുകളുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ ഇവിടെ ഉല്‍പാദിപ്പിച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ തന്നെ കാസര്‍കോട് ആസ്ട്രാള്‍ വാച്ചസ് കമ്പനി പ്രസിദ്ധമായിരുന്നു. തൊഴിലാളികള്‍ സമരം തുടങ്ങിയതോടെ പ്രസ്തുത സ്ഥലത്ത് ഐ—ടി പാര്‍ക്ക് നിര്‍മിക്കുമെന്ന് അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിരുന്നില്ല. കാടുപിടിച്ച് കിടക്കുന്ന സ്ഥലം ഇപ്പോള്‍ കയ്യേറ്റക്കാരുടേയും സാമൂഹിക ദ്രോഹികളുടേയും പിടിയിലാണ്. കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്ന് ഉപകരണങ്ങള്‍ തുരുമ്പിച്ച നിലയിലാണ്. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് ഏതുസമയത്തും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. ആസ്ട്രാള്‍ വാച്ചസിന്റെ ചുറ്റുമതില്‍ പല ഭാഗത്തും തകര്‍ന്ന് ചില ഭാഗങ്ങള്‍ കയ്യേറിക്കൊണ്ടിരിക്കുകയാണ്. കെട്ടിടത്തിലെ വിലപിടിപ്പുള്ള ഉപകരണങ്ങള്‍ പലതും കടത്തികൊണ്ടുപോയിട്ടുണ്ട്.
Next Story

RELATED STORIES

Share it