Flash News

പുതിയ സംസ്ഥാന പാതകള്‍ക്ക് ഇനി ടോളില്ല : മന്ത്രി ജി സുധാകരന്‍



തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന പാതകള്‍ക്ക് ഇനിമുതല്‍ ടോള്‍ ഏര്‍പ്പെടുത്തില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. എട്ട് ടോള്‍ സെന്ററുകളാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. നിലവിലുള്ളവയെ കുറിച്ച് ചര്‍ച്ച ചെയ്തു തീരുമാനിക്കും. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.  പൊതുമരാമത്തു വകുപ്പില്‍ അസംബ്ലി, ജില്ലാ, സംസ്ഥാനതലങ്ങളില്‍ സോഷ്യല്‍ ഓഡിറ്റിങ് നിര്‍ബന്ധമാക്കും. സോഷ്യല്‍ ഓഡിറ്റിങ് നടത്തിയാല്‍ പണി വാങ്ങുമെന്ന് ചില കോണ്‍ട്രാക്ടര്‍മാര്‍ ഭീഷണിപ്പെടുത്തി.  ക്രമക്കേടു നടത്താത്തവര്‍ക്ക് വിയര്‍ക്കേണ്ടി വരില്ല. അല്ലാത്തവര്‍ സൂക്ഷിക്കേണ്ടി വരും. സര്‍ക്കാര്‍ നല്‍കാനുണ്ടായിരുന്ന 1,600 കോടിയുടെ കുടിശ്ശിക നല്‍കിക്കഴിഞ്ഞു.  സംസ്ഥാനത്തെ അതീവ അപകടാവസ്ഥയിലുള്ള 365  പാലങ്ങള്‍  അടിയന്തരമായി മാറ്റി നിര്‍മിക്കണം.   നൂറുവര്‍ഷമായിട്ടും കുഴപ്പമില്ലാത്ത  പത്തു പാലങ്ങള്‍ മാത്രമാണു കണ്ടെത്തിയത്. 19 വര്‍ഷം പഴക്കമുള്ള ഏനാത്ത് പാലം തകര്‍ന്നത് എങ്ങനെയാണെന്നു കണ്ടെത്തണം. അടുത്തവര്‍ഷം ഡിസംബര്‍ വരെയുള്ള 20 മാസത്തിനുള്ളില്‍ 1,10,596 കോടിരൂപ ചെലവിട്ട് 2,642 നിര്‍മാണ പ്രവര്‍ത്തനങ്ങളാവും നടത്തുക. ഇതില്‍ ദേശീയപാത നാലുവരിയാക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 40,000 കോടി രൂപയുമുണ്ട്. കൊല്ലം, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ 1,200 കോടി രൂപ ചെലവിട്ട് റോഡ് ഫണ്ട് ബോര്‍ഡിന്റെ നേതൃത്വത്തില്‍ റോഡുകള്‍ നവീകരിക്കും. 846 കോടി രൂപ അറ്റകുറ്റപ്പണികള്‍ക്കു വേണ്ടിമാത്രമാണ്. 1,406 നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. കൊല്ലം, ആലപ്പുഴ ബൈപാസുകള്‍ ഉടന്‍ പൂര്‍ത്തിയാക്കും. വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈ ഓവറുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it