പുതിയ സംരംഭങ്ങള്‍ക്ക്് കേന്ദ്ര സഹായം: മന്ത്രി ഇപി ജയരാജന്‍

ന്യൂഡല്‍ഹി: കേരളത്തില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തുടങ്ങുന്നതിന് സഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര ഉറപ്പു നല്‍കിയതായി സംസ്ഥാന വ്യവസായ- സ്‌പോര്‍ട്‌സ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. പിഎംഇജിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഒട്ടേറെ സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ ആരംഭിക്കാനുള്ള സാധ്യതകളും പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും മന്ത്രി വിശദീകരിച്ചു. ന്യൂഡല്‍ഹിയില്‍ കേന്ദ്ര ചെറുകിട, —ഇടത്തരം സംരംഭക വകുപ്പ് മന്ത്രി കല്‍രാജ് മിശ്ര, കേന്ദ്ര സ്‌പോര്‍ട്‌സ്—യുവജനകാര്യ സഹമന്ത്രി ഡോ. ജിതേന്ദ്രസിങ് എന്നിവരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജയരാജന്‍. ഖാദി, കൈത്തറി മേഖലകള്‍ വികസിപ്പിച്ചെടുക്കാനും കേന്ദ്രസഹായം അനുവദിക്കും. പുതിയ സാങ്കേതിക വിദ്യകള്‍ പരമാവധി ഉപയോഗപ്പെടുത്തി വ്യവസായ വികസനം സാധ്യമാക്കുന്നത് ചര്‍ച്ച ചെയ്തു. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പടുത്തുന്നതിനും സഹായം നല്‍കും. യുവതീയുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും കേന്ദ്രമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തിന്റെ വ്യവസായ മേഖലയിലെ നൂതന പദ്ധതികളെ കേന്ദ്രമന്ത്രി അഭിനന്ദിച്ചുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു. 2018ല്‍ നടക്കുന്ന ആറാമത് തീരദേശ ഏഷ്യന്‍ ഗെയിംസ് കേരളത്തില്‍വച്ചു നടത്താന്‍ അനുമതി നല്‍കണമെന്ന് കേന്ദ്ര സ്‌പോര്‍ട്‌സ്- യുവജനകാര്യ സഹമന്ത്രി ഡോ. ജിതേന്ദ്ര സിങുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായി മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ 590 കിലോമീറ്റര്‍ തീരപ്രദേശമുണ്ട്. അതിനാല്‍ ഗെയിംസ് ഫലപ്രദമായി നടത്താനുള്ള ഭൗതിക സംവിധാനമുണ്ട്. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനുമായി സഹകരിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.  കേരളത്തിലെ സ്‌പോര്‍ട്‌സ് മേഖലയെ താഴേത്തട്ടു മുതല്‍ നവീകരിക്കാന്‍ കേന്ദ്രസഹായം നല്‍കുന്നതു പരിഗണിക്കും. കോളജ്, യൂനിവേഴ്‌സിറ്റി തലങ്ങളില്‍ ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ തുടങ്ങുന്നതും പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it