പുതിയ വിള ഇന്‍ഷുറന്‍സ് പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി

ന്യൂഡല്‍ഹി: കുറഞ്ഞ പ്രീമിയത്തില്‍ രണ്ടു വിള ഇന്‍ഷുറന്‍സിന് കേന്ദ്ര മന്ത്രിസഭായോഗം അനുമതിനല്‍കി. ഭക്ഷ്യധാന്യങ്ങ ള്‍ക്കും എണ്ണക്കുരുവിനും 1.5 മുതല്‍ രണ്ട് ശതമാനം വരെയും തോട്ടവിളകള്‍ക്കും പരുത്തിക്കും അഞ്ചുശതമാനം വരെയുമായിരിക്കും പ്രീമിയം തുക. ഭക്ഷ്യധാന്യങ്ങള്‍ക്കും റാബി വിളകള്‍ക്കും 1.5 ശതമാനവും ഖാരിഫ് സീസണ്‍ വിളകള്‍ക്കു രണ്ടുശതമാനവുമായി നിജപ്പെടുത്തിയിട്ടുണ്ട്.
പുതിയ വിള ഇന്‍ഷുറന്‍സ് തുടര്‍ച്ചയായി രണ്ടുവര്‍ഷങ്ങളി ല്‍ വരള്‍ച്ച അനുഭവിച്ച കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിളനാശം, പ്രകൃതിദുരന്തം എന്നിവയുണ്ടായാല്‍ ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും കര്‍ഷകര്‍ക്കു ലഭിക്കും. ഗവണ്‍മെന്റ് സബ്‌സിഡിക്ക് ഉയര്‍ന്ന പരിധി നിശ്ചയിച്ചിട്ടില്ല. അവശേഷിക്കുന്ന പ്രീമിയം 90 ശതമാനം ആയിരുന്നാലും അത് സര്‍ക്കാര്‍ വഹിക്കും. മുമ്പ് പ്രീമിയം നിരക്കിലെ ക്യാപ്പിങ് മൂലം കര്‍ഷകരുടെ ക്ലെയിം തുകകളില്‍ കുറവ് സംഭവിച്ചിരുന്നു. പ്രീമിയം സബ്‌സിഡിയിനത്തി ല്‍ ഗവണ്‍മെന്റ് നല്‍കുന്ന തുകയില്‍ നിയന്ത്രണം വരുത്തുന്നതിനായാണ് ഇത്തരത്തി ല്‍ ക്യാപ്പിങ് നടത്തിയിരുന്നത്. ക്യാപ്പിങ് സംവിധാനം എടുത്തുമാറ്റിയതിനാല്‍ ഇനിമുതല്‍ ഇന്‍ഷുറന്‍സ് ചെയ്ത മുഴുവന്‍ തുകയും കര്‍ഷകര്‍ക്ക് ക്ലെയിം ചെയ്യാനാവും. ക്ലെയിം തുക നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കാ ന്‍ സ്മാര്‍ട്ട് ഫോണുകളുള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തും.
കൃഷിമന്ത്രാലയം സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ക്കു പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭായോഗമാണ് അനുമതി നല്‍കിയത്. പ്രധാന്‍ മന്ത്രി ഫസല്‍ ഭീമയോജന എന്ന പുതിയ വിള ഇന്‍ഷുറന്‍സിന് അനുമതി നല്‍കിയതോടെ നിലവിലുള്ള ദേശീയ കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിയും പരിഷ്‌കരിച്ച ഇന്‍ഷുറന്‍സ് പദ്ധതിയും ഇല്ലാതായി. കാര്‍ഷിക ഇന്‍ഷുറന്‍സ് കമ്പനിയും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുമാണു പദ്ധതി നടപ്പാക്കുന്നത്.
Next Story

RELATED STORIES

Share it