Pravasi

പുതിയ വിദ്യാഭ്യാസ കലണ്ടര്‍ : അധ്യാപകരുടെ പ്രവൃത്തി ദിനത്തില്‍ വര്‍ധന



ദോഹ: പുതിയ വിദ്യാഭ്യാസ കലണ്ടറനുസരിച്ച് അധ്യാപകരുടെ പ്രവൃത്തി ദിനത്തില്‍ വര്‍ധനവുള്ളതായി വിദ്യാഭ്യാസ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ശര്‍ഖ് റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തെയും നിലവിലെയും കലണ്ടറില്‍ നിന്നും വ്യത്യസ്തമായ സമയക്രമമാണ് പുതിയ കലണ്ടറിലുള്ളത്. 2017-18 വര്‍ഷത്തെ പുതിയ കലണ്ടറനുസരിച്ച് രണ്ടാം സെമസ്റ്ററില്‍ അധ്യാപകര്‍ക്ക് ലഭിക്കേണ്ട മിഡ് ടേം വെക്കേഷന്‍ റദ്ദ് ചെയ്തിരിക്കുന്നു. ഒന്നാം സെമസ്റ്ററില്‍ ഒമ്പത് ദിവസം കൂടി അധ്യാപകര്‍ കൂടുതല്‍ ജോലി ചെയ്യേണ്ടിവരും. ഒന്നാം സെമസ്റ്ററില്‍ വിദ്യാര്‍ഥികള്‍ക്ക് 13 ദിവസം കൂടി അധികം സ്‌കൂളിലെത്തേണ്ടിവരും.രണ്ടാം സെമസ്റ്ററിലെ അധ്യാപകരുടെ ഡ്യൂട്ടി സമയം ഒമ്പതു ദിവസമായും വിദ്യാര്‍ഥികളുടെ പഠന ദിവസങ്ങള്‍ പത്തായും വര്‍ധിപ്പിച്ചിട്ടുണ്ട്. സ്‌കൂള്‍ ദിനങ്ങള്‍ ഏഴ് ദിവസമായും ഓരോ സെമസ്റ്ററും പതിനാല് ദിവസമായുമാണ് ശരാശരി വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഓരോ ദിവസം ഇടവിട്ട് നടത്താറുള്ള പരീക്ഷ ഇത്തവണയും ദിനേനയാക്കി മാറ്റിയിട്ടുണ്ട്. പരീക്ഷക്കിടയിലെ വിശ്രമ ദിവസം ഒഴിവാക്കിക്കൊണ്ടാണ് പുതിയ വിദ്യാഭ്യാസ കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. അധ്യാപകരുടെയും സ്‌കൂള്‍ ജീവനക്കാരുടെയും വാര്‍ഷിക അവധി 45 ദിവസത്തില്‍ നിന്നും 39 ദിവസമായി കുറച്ചിട്ടുണ്ട്. പുതിയ കലണ്ടര്‍ പ്രകാരം സപ്തംബര്‍ പത്തിനാണ് 2017-18 അക്കാദമിക് വര്‍ഷം ആരംഭിക്കുന്നത്. നിലവിലെ കലണ്ടര്‍ പ്രകാരം സപ്തംബര്‍ 18നായിരുന്നു അധ്യയന വര്‍ഷം ആരംഭിച്ചിരുന്നത്. സപ്തംബര്‍ നാലിനു ജീവനക്കാരുടെ പ്രവൃത്തി ദിനം ആരംഭിക്കുന്നതിനു പകരം പുതിയ കലണ്ടറില്‍ ആഗസ്ത് 27ആണ് ജീവനക്കാരുടെ പ്രവൃത്തി ആരംഭിക്കുക.
Next Story

RELATED STORIES

Share it