പുതിയ രാഷ്ട്രീയപ്പാര്‍ട്ടിയുമായി ഗോത്രമഹാസഭ

കല്‍പ്പറ്റ: സി കെ ജാനുവും എം ഗീതാനന്ദനും നേതൃത്വം നല്‍കുന്ന ആദിവാസി ഗോത്രമഹാസഭ പുതിയ രാഷ്ട്രീയപ്പാര്‍ട്ടിക്ക് രൂപംനല്‍കുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഊര് വികസന മുന്നണി എന്ന പേരില്‍ രൂപം നല്‍കിയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചേക്കും. കേരളത്തില്‍ മതവും ജാതിയും സാമുദായിക പദവിയും നോക്കിയാണ് ആനുകൂല്യങ്ങ ള്‍ നല്‍കുന്നതെന്നും ഈ സാഹചര്യത്തിലാണ് പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നതെന്നും പാര്‍ട്ടി സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എം ഗീതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതുസംബന്ധിച്ചു വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞുകൂട. നഷ്ടപരിഹാരം നല്‍കുന്നതില്‍ പോലും ഇടത്-വലത് സര്‍ക്കാരുകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോട് വിവേചനം പുലര്‍ത്തുന്നുവെന്ന ആരോപണം വസ്തുതാപരമാണ്. മാറാട് കലാപത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയത് മുസ്‌ലിംകളായതിനാലാണ്. മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ ഉള്‍െപ്പടെയുള്ള സംഘടനകളും 17ഓളം ചെറു ഗ്രൂപ്പുകളും ചേര്‍ന്നാണ് ഊര് വികസന മുന്നണിക്കു രൂപം നല്‍കുന്നത്.
വര്‍ഗീയ-സാമുദായിക രാഷ്ട്രീയത്തിനെതിരേ ജനാധിപത്യ ബദല്‍ ലക്ഷ്യംവച്ചാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. കഴിഞ്ഞ നില്‍പുസമരത്തില്‍ ആദിവാസികള്‍ക്കു ഭൂമി പതിച്ചുനല്‍കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജനുവരി ഒന്നു മുതല്‍ നില്‍പുസമരം പുനരാരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം 17ന് വയനാട് കലക്ടറേറ്റ് പടിക്കല്‍ സൂചനാ നില്‍പുസമരം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. സംസ്ഥാന അധ്യക്ഷ സി കെ ജാനു, രമേശന്‍ കൊയാലിപ്പുര പങ്കെടുത്തു.
Next Story

RELATED STORIES

Share it