World

പുതിയ മിസൈലിന് ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുണ്ടെന്ന് ഉ. കൊറിയ

പുതിയ മിസൈലിന് ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുണ്ടെന്ന് ഉ. കൊറിയ
X


സോള്‍: വന്‍ ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള പുതിയതരം റോക്കറ്റാണ് ഞായറാഴ്ച പരീക്ഷിച്ച മിസൈലെന്ന് ഉത്തര കൊറിയ. 2000 കിലോമീറ്റര്‍ ഉയരത്തിലൂടെ 700 കിലോമീറ്റര്‍ സഞ്ചരിച്ച് പശ്ചിമ ജപ്പാന്‍ കടലില്‍ പതിച്ചു. പുതുതായി വികസിപ്പിച്ച ബാലിസ്റ്റിക് റോക്കറ്റിന്റെ ശേഷി പരീക്ഷിക്കുകയായിരുന്നുവെന്നും ഉത്തര കൊറിയ അറിയിച്ചു. അതേസമയം, ഉത്തര കൊറിയന്‍ അവകാശം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം പറഞ്ഞു.  കൊറിയന്‍ മുനമ്പിനെ വീണ്ടും സംഘര്‍ഷഭരിതമാക്കി രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗമായ കുസോംഗില്‍ നിന്നാണ് ഉത്തര കൊറിയ മിസൈല്‍ വിക്ഷേപിച്ചത്. ഉത്തര കൊറിയയുമായി ചര്‍ച്ചകള്‍ക്ക് ഒരുക്കമാണെന്ന പുതിയ പ്രസിഡന്റ് മുന്‍ ജേ ഇന്നിന്റെ പ്രസ്താവനയ്ക്കു പിന്നാലെയായിരുന്നു പരീക്ഷണം.  ആവര്‍ത്തിച്ചുള്ള ഭീഷണികള്‍ക്കിടയിലും ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങളുമായി മുന്നോട്ട് പോവുന്നത് യുഎസിനെ ചൊടിപ്പിച്ചിരുന്നു. പുതിയ പരീക്ഷണത്തിനു പിന്നാലെ ഉത്തര കൊറിയക്കെതിരേ ഉപരോധം കടുപ്പിക്കുന്നതിന് ലോക രാജ്യങ്ങള്‍ മുന്നോട്ട് വരണമെന്ന് യുഎസ് പ്രസിഡന്റ് ആഹ്വാനം ചെയ്തിരുന്നു. നേരത്തേ, അമേരിക്കയുടെ താക്കീതുകള്‍ക്ക് വഴങ്ങില്ലെന്ന് ഉത്തര കൊറിയ വ്യക്തമാക്കിയതോടെ അമേരിക്ക മേഖലയിലേക്ക് സൈനിക നീക്കംവരെ നടത്തി. എന്നാല്‍, പിന്നീട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിലപാട് മയപ്പെടുത്തുകയായിരുന്നു. ഉത്തര കൊറിയയുമായി ചര്‍ച്ചയാവാമെന്നാണ് ട്രംപ് പറഞ്ഞത്. ഉപാധികള്‍ ന്യായമാണെങ്കില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് ഉത്തര കൊറിയയും പ്രതികരിച്ചിരുന്നു. അതേസമയയം, ഉത്തര കൊറിയന്‍ നടപടി അസ്വീകാര്യമാണെന്ന് ജപ്പാന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it