Editorial

പുതിയ മന്ത്രിസഭയ്ക്ക് ഭാവുകങ്ങള്‍

കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും സാക്ഷാല്‍ക്കാരമായാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 19 അംഗ മന്ത്രിസഭ അധികാരമേറ്റിരിക്കുന്നത്. 1957ല്‍ കേരളത്തില്‍ ആദ്യമായി അധികാരത്തിലെത്തിയത് ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ്. ആറു പതിറ്റാണ്ടിനു ശേഷവും കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലനില്‍ക്കുന്നു എന്നത് അദ്ഭുതകരം തന്നെയാണ്. കാരണം ഈ കാലയളവില്‍ ലോകമെങ്ങും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തകര്‍ന്നു തരിപ്പണമായി. ഇന്ത്യയിലും അതു തന്നെയാണു സംഭവിച്ചത്. ഇത്രയും കാലം ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന പശ്ചിമബംഗാളിലും സിപിഎമ്മും ഇടതുപക്ഷവും വന്‍പരാജയം നേരിട്ടിരിക്കുകയാണ്.
ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ ഇടതുപക്ഷ വിജയം ഐതിഹാസികം തന്നെയാണെന്നു പറയേണ്ടിവരും. രാജ്യത്ത് സംഘപരിവാര രാഷ്ട്രീയം ഉയര്‍ത്തുന്ന കടുത്ത ഭീഷണികളെ നേരിടാന്‍ മതേതര ആദര്‍ശങ്ങളില്‍ അടിയുറച്ച ഒരു ജനകീയ പ്രസ്ഥാനത്തിന്റെ ആവശ്യകത എത്ര പറഞ്ഞാലും മതിയാവില്ല. ഇത്രയും കാലം ജനങ്ങള്‍ കോണ്‍ഗ്രസ്സിലാണ് വിശ്വാസം അര്‍പ്പിച്ചത്. നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് തങ്ങളുടെ മതേതര പ്രതിച്ഛായയും അഴിമതി വിരുദ്ധതയും എന്നോ കളഞ്ഞുകുളിച്ചു. അതോടെ വിശ്വാസ്യതയുള്ള ഒരു മതേതര പാര്‍ട്ടിക്കു വേണ്ടിയുള്ള ജനങ്ങളുടെ അന്വേഷണമാണു കേരളത്തില്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉജ്ജ്വല വിജയത്തിനു കളമൊരുക്കിയത്.
1957ല്‍ നിന്നു ചരിത്രം ഒരുപാടു മുന്നോട്ടുപോയിരിക്കുന്നു. അന്ന് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ വരേണ്യരായ ഒരു സംഘം നേതാക്കളാണ് അധികാരത്തിലെത്തിയത്. ഇടതുപക്ഷക്കാരായിരുന്നുവെങ്കിലും അവരില്‍ പലരും സമൂഹത്തിന്റെ ഉന്നത തലങ്ങളില്‍ നിന്നാണ് പൊതുജീവിതത്തിലേക്കു വന്നത്. ഇന്നു പക്ഷേ, സ്ഥിതി മാറിയിരിക്കുന്നു. മുഖ്യമന്ത്രി മലബാറിലെ ഒരു സാധാരണ കുടുംബത്തില്‍ ഒരു ചെത്തു തൊഴിലാളിയുടെ മകനായി ജനിച്ചയാളാണ്. മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും സാമൂഹിക പശ്ചാത്തലവും സമാനം തന്നെ. കഴിഞ്ഞ അര നൂറ്റാണ്ടില്‍ കേരളീയ പൊതുജീവിതത്തിലുണ്ടായ അസാധാരണമായ സാമൂഹിക മാറ്റങ്ങളുടെ പ്രതിഫലനമാണ് ഈ മന്ത്രിസഭയില്‍ നമുക്കു ദര്‍ശിക്കാനാവുക. സാമൂഹിക നീതി ഒരു പരിധിവരെ കേരളീയ ജീവിതത്തിന്റെ അടിസ്ഥാന സ്വഭാവമാക്കി മാറ്റിയതില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സംഭാവന തെളിയിച്ചുകാട്ടുന്നതാണ് ഈ മാറ്റങ്ങള്‍.
പക്ഷേ, അതിനപ്പുറം ജനങ്ങളുടെ ഇച്ഛകളും പ്രതീക്ഷകളും സഫലീകരിക്കുന്ന തരത്തില്‍ ശക്തവും ഫലപ്രദവുമായ ഭരണം കാഴ്ചവയ്ക്കാന്‍ പുതിയ മന്ത്രിസഭയ്ക്കു കഴിയണം. അഴിമതി കേരളത്തിലെ ജനങ്ങള്‍ ഒരിക്കലും വച്ചുപൊറുപ്പിക്കുകയില്ല എന്നതിനു കഴിഞ്ഞ ജനവിധി തന്നെ തെളിവ്. കെടുകാര്യസ്ഥതയും സ്ഥാപിതതാല്‍പര്യങ്ങളും ജനങ്ങള്‍ അംഗീകരിക്കുകയില്ല. അതേസമയം, യുവജനങ്ങള്‍ക്കു തൊഴിലും സാധാരണ ജനങ്ങള്‍ക്കു സുരക്ഷയും പിന്നാക്ക, പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്കു സാമൂഹിക നീതിയും സ്ത്രീകള്‍ അടക്കമുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്ക് ആത്മവിശ്വാസവും പ്രദാനം ചെയ്യുന്ന ഒരു ഭരണകൂടമാണു കേരളം ആഗ്രഹിക്കുന്നത്. അത്തരം പ്രതീക്ഷകള്‍ അസ്ഥാനത്താവില്ല എന്നു വിശ്വസിക്കട്ടെ. പുതിയ മന്ത്രിസഭയ്ക്ക് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.
Next Story

RELATED STORIES

Share it