wayanad local

പുതിയ മന്ത്രിസഭയില്‍ പ്രതീക്ഷയര്‍പ്പിച്ച് വയനാട്

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജ് അടക്കം പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതുള്‍പ്പെടെയുള്ളവയിലാണ് പുതിയ മന്ത്രിസഭയില്‍ വയനാട്ടുകാരുടെ പ്രതീക്ഷ. കഴിഞ്ഞ മന്ത്രിസഭ തുടങ്ങിവച്ച പദ്ധതികളുടെ വേഗത്തിലുള്ള പൂര്‍ത്തീകരണമാണ് ജില്ലയില്‍ പിണറായി മന്ത്രിസഭ നേരിടുന്ന പ്രധാന വെല്ലുവിളി.
വയനാട്ടുകാരുടെ പ്രതീക്ഷയും ഈ പദ്ധതികളിലാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വയനാട് മെഡിക്കല്‍ കോളജ്. വയനാട്ടുകാരുടെ പതിറ്റാണ്ടുകള്‍ പിന്നിട്ട ഈ ആവശ്യത്തിന് കഴിഞ്ഞ മന്ത്രിസഭയുടെ കാലത്താണ് ചിറകുമുളച്ചത്. കല്‍പ്പറ്റ എംഎല്‍എ ആയിരുന്ന എം വി ശ്രേയാംസ്‌കുമാറിന്റെ ഇടപെടല്‍ മൂലം നടപടികള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞെങ്കിലും ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ പ്രവൃത്തി വൈകാനിടയാക്കി. ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി വിട്ടുനല്‍കിയ 50 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളാണ് തടസ്സമായത്.
ഈ പ്രതിസന്ധി പരിഹരിച്ചുവേണം പുതിയ സര്‍ക്കാരിന് വയനാടിന് മെഡിക്കല്‍ കോളജ് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍. ഏതായാലും മണ്ഡലത്തില്‍ മെഡിക്കല്‍ കോളജിന് മുന്‍ഗണന നല്‍കുമെന്നു കഴിഞ്ഞ ദിവസംസി കെ ശശീന്ദ്രന്‍ എംഎല്‍എ പ്രഖ്യാപിച്ചിരുന്നു.
വയനാട് ചുരം ബദല്‍പാതയാണ് മറ്റൊരു പദ്ധതി. പാത യാഥാര്‍ഥ്യമാക്കുമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും നടപടികള്‍ എങ്ങുമെത്തിയില്ല. ഇവിടെയും പാത കടന്നുപോവുന്ന ഭാഗത്തെ വനഭൂമിയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നമാണ് വിലങ്ങുതടിയായത്. ആദിവാസി മേഖലയുടെ ഉന്നമനത്തിന് നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും ആരോഗ്യമേഖലയിലുള്‍പ്പെടെ കടുത്ത പ്രതിസന്ധി നേരിടുകയാണ്. ആംബുലന്‍സിലും വഴിയരികിലും ആദിവാസി യുവതികള്‍ പ്രസവിക്കേണ്ടിവന്ന സംഭവം ജില്ലയില്‍ വിവാദ കോലാഹലങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ആദിവാസി ഭൂമി പ്രശ്‌നവും പരിഹരിക്കപ്പെട്ടിട്ടില്ല.
സമരകേന്ദ്രങ്ങളില്‍ മിക്കതും സിപിഎം ഉടമസ്ഥതയിലാണ് എന്നതു കൊണ്ടുതന്നെ സമരകേന്ദ്രങ്ങളിലുള്ള മുഴവന്‍ ആദിവാസികള്‍ക്കെങ്കിലും എത്രയും വേഗം ഭൂമി നല്‍കി പുനരധിവസിപ്പിക്കുക സര്‍ക്കാരിന്റെ ബാധ്യതയാണ്. വന്യജീവി ആക്രമണത്തില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞ ദുരന്തങ്ങളും ജില്ലയിലുണ്ടായി. ഇവിടങ്ങളിലെല്ലാം സിപിഎം നേതൃത്വത്തിലായിരുന്നു പ്രക്ഷോഭങ്ങള്‍. സമഗ്രമായ പദ്ധതിയിലൂടെ മാത്രമേ ജില്ലയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. കര്‍ഷക ആത്മഹത്യകളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും കാര്‍ഷിക മേഖല പ്രതിസന്ധിയില്‍ തന്നെ തുടരുകയാണ്. അശാസ്ത്രീയ നയങ്ങളാണ് കാര്‍ഷിക മേഖലയുടെ നടുവൊടിച്ചത്. ഈ സാഹചര്യത്തില്‍ പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുപോക്ക് ഇടതു ഭരണത്തില്‍ ഉണ്ടാവുമോ എന്നാണ് കാര്‍ഷിക മേഖലയും ഉറ്റുനോക്കുന്നത്.
Next Story

RELATED STORIES

Share it