kozhikode local

പുതിയ പ്രതിസന്ധിയുമായി കല്ലായിപ്പുഴയും തടിവ്യവസായവും

കെ വി ഷാജി സമത
കോഴിക്കോട്: കല്ലായിപ്പുഴയുടെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനത്തിനും ഊര്‍ദ്ധന്‍വലിക്കുന്ന തടി വ്യവസായത്തിനും ഇടയിലെ പുതിയ പ്രതിസന്ധിക്ക്് കനംവയ്ക്കുന്നു. പുഴ സംരക്ഷണത്തിന്റെ ഭാഗമായി കൈ യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടം കര്‍ശന നടപടികളുമായി മുന്നോട്ടുപോവുന്ന സാഹചര്യമാണ് മരവ്യവസായത്തെ കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തുന്നത്. നഗരത്തിലെ സകലമാലിന്യങ്ങളും നെഞ്ചേറ്റി ഒഴുകുന്ന കല്ലായിപ്പുഴയെ ശുദ്ധീ കരിക്കണമെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെയും സംഘടനകളുടെയും ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കല്ലായിപ്പുഴയുടെ മഹത്വം പാടിയ എഴുത്തുകാരും സാമൂഹി കപ്രവര്‍ത്തകരും ശുദ്ധീകരണത്തിനായും ശബ്ദമുയര്‍ത്തിയിരുന്നു. വര്‍ഷങ്ങളായുള്ള ഈ ആവശ്യം മാനിച്ചാണ് ജില്ലാ ഭരണകൂടം കല്ലായിപ്പുഴയെ ശുദ്ധീകരിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോയത്.
പുഴയിലേക്ക് മാനില്യം ഒഴുക്കുന്നത് തടയുന്നതിനും കൈ യേറ്റം ഒഴിപ്പിക്കുന്നതിനുമുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി പുഴയില്‍ സംഭരിച്ചു വച്ച മരങ്ങള്‍ ഉടന്‍ എടുത്തുമാറ്റാനും കൈയേറ്റം ഒഴിയാനും ഉടമകള്‍ക്ക് ജില്ലാ കലക്ടര്‍ നോട്ടീസ് നല്‍കി. മരങ്ങള്‍ എടുത്തുമാറ്റാനുള്ള സമയപരിധി ശനിയാഴ്ച അവസാനിച്ചെങ്കിലും വ്യവസായികളാരും മരങ്ങള്‍ നീക്കം ചെയ്തില്ല. ജില്ലാ കലക്ടറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കല്ലായിയിലെ മരവ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ കോഡിനേഷന്‍ കമ്മിറ്റിയായ കല്ലായി ഇന്‍ഡസ്ട്രിയല്‍ ഏരിയാ വെല്‍ഫെയര്‍ അസോസിയേഷന്‍ മരവ്യവസായ മേഖലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.
നഗരത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹര്‍ത്താല്‍ മാറ്റിവച്ചെങ്കിലും ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരേ ഒറ്റക്കെട്ടായുള്ള പ്രതിരോധം തീര്‍ക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഇഷാഖ് കളത്തിങ്കല്‍ തേജസിനോട് പറഞ്ഞു. പുഴയെ സംരക്ഷിക്കാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നതെങ്കി ല്‍ പുഴയുടെ പരിസരങ്ങളിലായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള മാലിന്യം തടയുകയാണ് ആദ്യം വേണ്ടത്.
പുഴയുടെ സമീപത്തായി പ്രവര്‍ത്തിക്കുന്ന അഞ്ചോളം സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഇപ്പോഴും പുഴയിലേക്ക് ഒഴുക്കിവിടുന്നത് തടയാന്‍ സാധിക്കാത്ത ജില്ലാ ഭരണകൂടം, നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും പുഴയുടെ സ്വാഭാവികമായ അവസ്ഥയെ തടസപ്പെടുത്താത്തതുമായ മരവ്യവസായത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും ഇഷാഖ് പറഞ്ഞു. ഇതേസമയം, പുഴമലിനമാക്കുന്നതിനെതിരേയും കൈയേറ്റത്തിനെതിരേയും ശക്തമായ നടപടികളുമായി മുന്നോട്ടുപോവാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. മരങ്ങള്‍ എടുത്തുമാറ്റാനുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ മരങ്ങള്‍ ലേലം ചെയ്തു വില്‍ക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് ഭരണകൂടം.
ഇതിനുള്ള പ്രാഥമിക നടപടി ആരംഭിച്ചു. ഇരു വിഭാഗവും തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍ പ്രതിസന്ധി രൂക്ഷമാവും. ജില്ലാ ഭരണകൂടത്തിന്റെ ഉറച്ച തീരുമാനത്തിനും മരവ്യവസായികളുടെ നിസ്സഹായതക്കും ഇടയിലാണ് കല്ലായിപ്പുഴയുടെ ഭാവി. നൂറ്റാണ്ടുകളായി കല്ലായിപ്പുഴയില്‍ മരത്തടികള്‍ സംഭരിച്ചു വരുന്നുണ്ട്. മരങ്ങളില്‍ കീടങ്ങള്‍ ആക്രമിക്കുന്നത് തടയുന്നതിനുള്ള സംസ്‌കരണ പ്രക്രിയയാണ് അവ വെള്ളത്തില്‍ താഴ്ത്തിവയ്ക്കുന്നതിലൂടെ നടക്കുന്നതെന്നാണ് വ്യവസായികളുടെ വാദം. ഇത്രയുംകാലം ഇത് മലിനീകരണ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ, പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുകയോ ചെയ്തിട്ടില്ല. കല്ലായിയിലെ മരവ്യവസായം ആരംഭിച്ചതും ലോകശ്രദ്ധയിലേക്ക് വളര്‍ന്നതും പുഴയെ ആശ്രയിച്ചാണ്. പുഴയില്ലെങ്കില്‍ കല്ലായിയിലെ തടിവ്യവസായമില്ല. ഇവിടത്തെ പല മില്ലുകളിലേക്കും പുഴയിലൂടെ മാത്രമേ മരം എത്തിക്കാനാവൂ. ഇവിടങ്ങളിലേക്ക് മറ്റ് വഴികളില്ല. കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് പുഴയില്‍ ഇപ്പോള്‍ ഉള്ളത്. അവ പുഴയില്‍ നിന്ന് നീക്കം ചെയ്താല്‍ എവിടെ സംഭരിക്കും എന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.
പഴയപ്രതാപം കൊണ്ട് ഇനിയും പിടിച്ചുനില്‍ക്കാനാവില്ലെന്ന അവസ്ഥയില്‍ ഇഴഞ്ഞു നീങ്ങുന്ന കല്ലായി തടിവ്യവസായത്തിന് ഏറ്റ വന്‍തിരിച്ചടിയാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതേസമയം ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുന്ന കല്ലായിപ്പുഴയുടെ സംരക്ഷണം ജില്ലാ ഭരണകൂടത്തിനെ സംബന്ധിച്ചിടത്തോളും നിര്‍ണായകവുമാണ്. ഈ പ്രതിസന്ധി എങ്ങിനെ മറികടക്കും എന്നതിനെ ആശ്രയിച്ചിരിക്കും കല്ലായിപ്പുഴയുടേയും, അതിനെ ആശ്രയിച്ച് വളര്‍ന്ന തടിവ്യവസായത്തിന്റേയും ഭാവി.
Next Story

RELATED STORIES

Share it