പുതിയ പോലിസ് സ്‌റ്റേഷനുകളിലേക്ക് 147 തസ്തികകള്‍

തിരുവനന്തപുരം: പുതുതായി അനുവദിച്ച അച്ചന്‍കോവില്‍ (കൊല്ലം റൂറല്‍), കയ്പമംഗലം (തൃശൂര്‍ റൂറല്‍), കൊപ്പം (പാലക്കാട്), തൊണ്ടര്‍നാട് (വയനാട്), നഗരൂര്‍ (തിരുവനന്തപുരം റൂറല്‍), പിണറായി (കണ്ണൂര്‍), പുതൂര്‍ (പാലക്കാട്) എന്നീ ഏഴു പോലിസ് സ്റ്റേഷനുകളിലേക്ക് 147 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കൂടാതെ 77 തസ്തികകള്‍ സമീപ പോലിസ് സ്റ്റേഷനുകളില്‍ നിന്ന് പുനര്‍വിന്യസിച്ച് നല്‍കും. ഓരോ സ്റ്റേഷനിലേക്കും 32 വീതം തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. മൃഗസംരക്ഷണ വകുപ്പിനു കീഴിലെ കേരള ഫീഡ്‌സ് ലിമിറ്റഡ്, കോഴിക്കോട് തിരുവങ്ങൂരില്‍ സ്ഥാപിച്ച കാലിത്തീറ്റ ഫാക്ടറിയിലേക്ക് 45 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. കടബാധ്യതമൂലം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്ത കോഴിക്കോട് അത്തോളി ഊരാളികണ്ടി ജാന്‍വി ആര്‍ കൃഷ്ണയ്ക്ക് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു.
ജാന്‍വിയെ സാമൂഹികനീതി വകുപ്പിന്റെ സ്‌നേഹപൂര്‍വം പദ്ധതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. തൃശൂര്‍ തലപ്പിള്ളി താലൂക്കില്‍ കൊട്ടാലിപറമ്പില്‍ സുരേഷിന്റെ കുടുംബം ഒന്നിച്ച് ആത്മഹത്യ ചെയ്തപ്പോള്‍ രക്ഷപ്പെട്ട മകള്‍ വൈഷ്ണവിക്ക് സ്ഥിരം നിക്ഷേപമായി അഞ്ചു ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചു. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിലെ വര്‍ക്കര്‍ വിഭാഗം ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം അനുവദിക്കാന്‍ തീരുമാനിച്ചു. കല്‍പ്പറ്റ എന്‍എംഎസ്എം ഗവണ്‍മെന്റ് കോളജ് വനിതാ ഹോസ്റ്റലില്‍ അഞ്ച് അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. വൈക്കം ചില്ലക്കില്‍ വീട്ടില്‍ രമണിയുടെ മകനും മരുമകളും രണ്ടു കുട്ടികളും തീപ്പൊള്ളലേറ്റ് മരിച്ച സാഹചര്യത്തില്‍ രമണിക്കും മരുമകളുടെ മാതാപിതാക്കള്‍ക്കും രണ്ടു ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Next Story

RELATED STORIES

Share it