kasaragod local

പുതിയ പരിഷ്‌കാരങ്ങള്‍ ആരംഭിച്ചു; ബദിയടുക്ക ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാവുന്നു

ബദിയടുക്ക: ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരവുമായി പുതിയ പരിഷ്‌കാരങ്ങള്‍ ആരംഭിച്ചു. ആഴ്ച ചന്ത നടക്കുന്ന ദിവസങ്ങളില്‍ ബസ് സ്റ്റാന്റ് മുതല്‍ പോലിസ് സ്‌റ്റേഷന്‍ വരെ അനുഭവപ്പെടുന്ന ട്രാഫിക് കുരുക്ക് പരിഹരിക്കുന്നതിനായി പഞ്ചായത്തും അധികൃതരും ചേര്‍ന്ന് പുതിയ വാഹന പാര്‍ക്കിങ് സമ്പ്രദായത്തിന് നടപടി തുടങ്ങി.
ട്രാഫിക് പരിഷ്‌ക്കരണത്തിന്റെ ഭാഗമായി പഞ്ചായത്ത് ഓഫിസില്‍ വിളിച്ചുചേര്‍ത്തിരുന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലെ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി പോലിസ് സ്‌റ്റേഷന് മുന്നിലായി ബിഎസ്എന്‍എല്‍ ഓഫിസ് സമീപത്ത് ടൗണിലെത്തുന്ന എല്ലാ സ്വകാര്യ വാഹനങ്ങള്‍ക്കും പാര്‍ക്കിങ് സമ്പ്രദായത്തിന് വേണ്ടി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിരപ്പാക്കി. ഇനി മുതല്‍ ടൗണിലെത്തുന്ന വാഹനങ്ങള്‍ നിശ്ചിത സ്ഥലത്ത് തന്നെ പാര്‍ക്ക് ചെയ്യണം.
പഞ്ചായത്ത് ഓഫിസ്, കൃഷിഭവന്‍, ആശുപത്രികള്‍, കെഎസ്ഇബി, സബ് രജിസ്ട്രാര്‍ ഓഫിസ്, ഹൈസ്‌കൂള്‍ എന്നിവ സ്ഥിതിചെയ്യുന്ന മുകളിലെ ബസാറിലേക്ക് കുമ്പളയില്‍ നിന്ന് വരുന്ന ബസ്സുകള്‍ കയറിയിറങ്ങണം. ബദിയടുക്ക ടൗണില്‍ സര്‍വീസ് നിര്‍ത്തിവെക്കുന്ന ബസ്സുകള്‍ മുകളിലെ ബസാറിലേക്ക് കടന്നുപോവാത്തത് മൂലം യാത്രക്കാര്‍ ഏറെ ദുരിതമനുഭവിക്കുകയായിരുന്നു. ഇതിന് പരിഹാരമായി താഴെ ബസാറില്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്ന ബസ്സുകള്‍ ജനുവരി ഒന്ന് മുതല്‍ രാവിലെ ഒമ്പത് മുതല്‍ 11 വരേയും വൈകീട്ട് മൂന്ന് മുതല്‍ അഞ്ച് വരേയും മുകളിലെ ബസാറിലെത്തി യാത്രക്കാരെ ഇറക്കും. ഓട്ടോ പാര്‍ക്കിങ് ക്രമീകരിച്ച് ഘട്ടംഘട്ടമായി ടൗണ്‍ വികസനം നടപ്പാക്കുകയാണ് ട്രാഫിക് പരിഷ്‌ക്കരണത്തിന്റെ മുഖ്യലക്ഷ്യം.
Next Story

RELATED STORIES

Share it