പുതിയ നിയമങ്ങള്‍ അധികഭാരം അടിച്ചേല്‍പിക്കുന്നു: ഡിജിപി

കൊച്ചി: പുതിയ നിയമങ്ങള്‍ വരുമ്പോള്‍ അതുമൂലമുണ്ടാവുന്ന അധികഭാരം പോലിസ് സേനയുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് ഡിജിപി ടി പി സെന്‍കുമാര്‍. പോലിസ് നവീകരണം കേരളത്തില്‍ എന്ന വിഷയത്തില്‍ ചവറ കള്‍ച്ചറല്‍ സെന്ററും കേരള ആര്‍ടിഐ ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലിസ് സേനയുടെ ശക്തി വര്‍ധിപ്പിച്ചാല്‍ മാത്രമേ നവീകരണപ്രക്രിയ പൂര്‍ത്തിയാവൂ.
പോലിസിനെ ഇതര സേവനമേഖലകളിലേക്ക് വിന്യസിച്ചിരിക്കുന്നതുമൂലം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. സേനയിലെ പതിനായിരത്തോളം പോലിസുകാരെയാണ് മറ്റിടങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്.
പോലിസിലെ നവീകരണം എന്നാല്‍ നിയമങ്ങളുടെ നവീകരണമാണ്. നിയമങ്ങള്‍ പലതും മാറേണ്ടതുണ്ട്. ആറു ലക്ഷത്തോളം കേസുകള്‍ പ്രതിവര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍, പോലിസുകാരുടെ എണ്ണവും പരിമിതമാണ്. നിയമം കര്‍ശനമായി നടപ്പാക്കുമ്പോള്‍ മനുഷ്യാവകാശത്തിന്റെ പേരില്‍ പോലിസിനെ പ്രതിരോധത്തിലാക്കുന്നവരും സംസ്ഥാനത്തുണ്ട്. ഇത് പോലിസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനും തടസ്സമാകുകയാണ്. വ്യക്തിവിരോധം തീര്‍ക്കാന്‍ സോഷ്യല്‍ മീഡിയകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ ക്വട്ടേഷന്‍ ഗ്രൂപ്പുകളും സംസ്ഥാനത്ത് വ്യാപകമാണെന്നും ഡിജിപി പറഞ്ഞു.
ശമ്പളം കുറവായതിനാല്‍ മറ്റു ജോലികള്‍ തേടിപ്പോവുന്ന പ്രവണത പോലിസ് സേനയില്‍ കൂടിവരികയാണ്. ഇക്കാരണത്താല്‍ സൈബര്‍ സെല്ലിലും മറ്റും വിദഗ്ധരെ കിട്ടാനില്ലാത്ത സാഹചര്യമാണുള്ളത്. സൈബര്‍ കേസുകള്‍ നിയന്ത്രിക്കാന്‍ ഇപ്പോള്‍ സംവിധാനമില്ല. മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് സ്വാധീനത്തില്‍ വീട് വിട്ടിറങ്ങുന്നവരുടെ എണ്ണവും കൂടുതലാണ്.പ്രതിമാസം 800ഓളം പേരെ സംസ്ഥാനത്ത് കാണാതാവുന്നുണ്ട്. 2014ല്‍ 570 വീട്ടമ്മമാരാണ് ഒളിച്ചോടിയതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഫാ. സെബാസ്റ്റിയന്‍ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. 87ാം ജന്മദിനത്തോടനുബന്ധിച്ച് പ്രഫ. എം കെ സാനുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
Next Story

RELATED STORIES

Share it