Flash News

പുതിയ ദേശീയ വനിതാ നയം കേന്ദ്ര സര്‍ക്കാര്‍ പരിഗണനയില്‍



ന്യൂഡല്‍ഹി: തനിച്ച് താമസിക്കുന്ന വനിതകള്‍ക്ക് ആദായ നികുതിയില്‍ ഇളവും ഗര്‍ഭിണികള്‍ക്ക് പണരഹിത മെഡിക്കല്‍ സേവനങ്ങളും ഉറപ്പു വരുത്തിക്കൊണ്ടുള്ള പുതിയ ദേശീയ വനിതാ നയം കേന്ദ്ര സര്‍ക്കാര്‍ പരിഗണനയില്‍. വനിതകള്‍ക്ക് സൗജന്യമായി അടിസ്ഥാന ആരോഗ്യ പരിശോധനയ്ക്ക് ആധാറുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഹെല്‍ത്ത് കാര്‍ഡ്, ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്ക് സൗജന്യമായ നിയമ, ആരോഗ്യ പരിരക്ഷയും പുനരധിവാസ കേന്ദ്രവും കൗണ്‍സലിങ് സംവിധാനവും വിഭാവനം ചെയ്യുന്ന പുതിയ വനിതാ നയത്തിനാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ അധ്യക്ഷതയിലുള്ള കേന്ദ്ര മന്ത്രിമാരടങ്ങിയ സമിതി രൂപം നല്‍കിയിരിക്കുന്നതെന്നാണ് റിപോര്‍ട്ട്. ഇത് ഉടന്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍ത്തവ ശുചീകരണ ഉല്‍പന്നങ്ങള്‍ക്ക് നികുതി ഒഴിവാക്കാനും സ്ത്രീകള്‍ക്ക് വേണ്ടി പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ശൗചാലയങ്ങള്‍ നിര്‍മിക്കാനും കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുണ്ട്. 2001നും 2011നുമിടയ്ക്കുള്ള പതിനൊന്ന് വര്‍ഷത്തിനിടയില്‍ തനിച്ച് താമസിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 39 ശതമാനം വര്‍ധനയുണ്ടായതായാണ് കണക്കുകള്‍. ഈ സാഹചര്യത്തിലാണ് ഈ വിഭാഗത്തെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്.  വൃദ്ധരായ സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് വിധവകള്‍ക്ക് താമസ സൗകര്യമൊരുക്കാനും പുതിയ വനിതാ നയത്തില്‍ പദ്ധതിയുണ്ട്. വിധവകളുടെ പുനരധിവാസത്തിനാണ് പ്രത്യേക പരിഗണന നല്‍കുന്നത്.  രാജ്യത്തെ നിര്‍ധനരായ വിധവകളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവഗണിച്ചതിന് കേന്ദ്ര സര്‍ക്കാരിനെതിരേ സുപ്രിംകോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്യത്തെ വിധവകളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയ സുപ്രിംകോടതി, കേന്ദ്രത്തിന് കഴിഞ്ഞ മാസം ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. വിധവകളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് സുപ്രിംകോടതി മുന്നോട്ടുവച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുടര്‍ന്നില്ലെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിധവകളുടെ പുനരധിവാസം കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം പരിഗണിക്കുന്നത്.   2030ഓടെ തൊഴില്‍ മേഖലയില്‍ വനിതകളുടെ പ്രാതിനിധ്യം 50 ശതമാനമായി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന മല്‍സര പരീക്ഷകള്‍ക്ക് പെണ്‍കുട്ടികള്‍ക്ക് ഫീസ് ഇളവ്, സൗജന്യ പരിശീലനം, തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് നഗരങ്ങളില്‍ കൂടുതല്‍ ഹോസ്റ്റലുകള്‍ നിര്‍മിക്കാനും പുതിയ നയത്തില്‍ പദ്ധതിയുണ്ട്.  ഗാര്‍ഹിക പീഡനങ്ങള്‍, കുട്ടികളുടെ ഉടമസ്ഥാവകാശം, വൈവാഹിക തര്‍ക്കങ്ങള്‍ തുടങ്ങി പ്രവാസികളായ ഇന്ത്യന്‍ വനിതകള്‍ നേരിടുന്ന വിഷയങ്ങളും വനിതാ നയത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നാണ് റിപോര്‍ട്ട്.
Next Story

RELATED STORIES

Share it