Flash News

പുതിയ തൊഴില്‍നയം: കേരളത്തെ തൊഴിലാളി സൗഹൃദമാക്കും

തിരുവനന്തപുരം: കേരളത്തെ തൊഴിലാളി സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ രൂപംകൊടുത്ത പുതിയ തൊഴില്‍നയം മന്ത്രിസഭ അംഗീകരിച്ചു. തൊഴില്‍മേഖലകളിലെ അനാരോഗ്യ പ്രവണതകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നയം വ്യക്തമാക്കുന്നു. തൊഴില്‍തര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് നല്ല തൊഴിലാളി-തൊഴിലുടമ ബന്ധം ഉറപ്പാക്കുമെന്നും നയം ചൂണ്ടിക്കാട്ടുന്നു. ചുമട്ടുതൊഴിലാളി ക്ഷേമ പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഗാര്‍ഹിക തൊഴിലാളികളുടെ ജോലിക്കും സംരക്ഷണത്തിനുമായി പ്രത്യേക ലേബര്‍ ബാങ്ക് രൂപീകരിക്കും.
ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്ന പ്രവണത അവസാനിപ്പിക്കും. മിന്നല്‍പണിമുടക്കുകള്‍ നിരുല്‍സാഹപ്പെടുത്തും. കടകളിലും മറ്റു വാണിജ്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ തൊഴില്‍ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇടപെടും. സ്ത്രീത്തൊഴിലാളികള്‍ക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തും- ഇവയാണ് തൊഴില്‍ നയത്തിലെ പ്രധാന നിര്‍ദേശങ്ങള്‍.
കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് ആക്റ്റ് (2000) ഭേദഗതി ചെയ്യുന്നതിനുള്ള കരടു ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഇതനുസരിച്ച് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും പത്തു വര്‍ഷത്തില്‍ കൂടുതല്‍ സ്ഥാനം വഹിക്കാന്‍ കഴിയില്ല. 70 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അംഗമായി തുടരാന്‍ പാടില്ല. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ രൂപീകരണവും പ്രവര്‍ത്തനവും കൂടുതല്‍ ജനാധിപത്യപരമാക്കാന്‍ ഉദ്ദേശിച്ചാണ് ഭേദഗതി കൊണ്ടുവരുന്നത്.
Next Story

RELATED STORIES

Share it