Gulf

പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സൗകര്യം

ദോഹ: പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കമ്പനികളെയും സ്ഥാപനങ്ങളെയും സഹായിക്കുന്നതിന് തൊഴില്‍-സാമൂഹിക ക്ഷേമ മന്ത്രാലയത്തിലെ പെര്‍മനന്റ് റിക്രൂട്ട്‌മെന്റ് കമ്മിറ്റി നിരവധി ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഇനിമുതല്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്മാര്‍ട്ട് ഐഡികള്‍ ഉപയോഗിച്ച് സ്‌പോണ്‍സര്‍മാര്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
ഇത് സമയവും അധ്വാനവും ലാഭിക്കാന്‍ റിക്രൂട്ടര്‍മാരെ സഹായിക്കുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ ഇബ്‌റാഹിം അബ്ദുല്ല അല്‍ദുഹൈമി പറഞ്ഞു. അപേക്ഷ പരിശോധിച്ച് തള്ളുകയോ അംഗീകരിക്കുകയോ ചെയ്യുക എന്നതാണ് കമ്മിറ്റിയുടെ ചുമതലയെന്ന് അദ്ദേഹം വ്യക്തമാക്കി. കരിമ്പട്ടികയില്‍പ്പെട്ട കമ്പനികളുടെ അപേക്ഷകള്‍ മാത്രമാണ് നിരസിക്കുന്നത്.
കരിമ്പട്ടികയില്‍പ്പെടുത്താനുണ്ടായ പ്രശ്‌നത്തിന് പരിഹാരം കാണുകയും പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്താല്‍ മാത്രമേ അത്തരം കമ്പനികളുടെ അപേക്ഷകള്‍ പരിഗണിക്കുകയുള്ളു. ഇത്തരത്തിലുള്ള നിരവധി അപേക്ഷകള്‍ തള്ളിയിട്ടുണ്ട്.സുതാര്യമായും തുല്യതയോടെയുമാണ് സ്വകാര്യ തൊഴിലാളി കമ്പനികളുടെ റിക്രൂട്ട്‌മെന്റ് അപേക്ഷകള്‍ കമ്മിറ്റി കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലഭിക്കുന്ന നൂറ് ശതമാനം അപേക്ഷകളും ഒരാഴ്ചക്കുള്ളില്‍ തന്നെ പരിഗണിക്കാന്‍ കമ്മിറ്റിക്ക് സാധിക്കുന്നുണ്ട്. കമ്മിറ്റിയുടെ ആഴ്ചയിലെ മീറ്റിങുകള്‍ രണ്ട് ദിവസത്തില്‍ നിന്ന് നാല് ദിവസമായി വര്‍ധിപ്പിച്ചതായും ഇബ്രാഹിം ചൂണ്ടിക്കാട്ടി.
അതേസമയം, സ്റ്റാന്റിങ് കമ്മിറ്റി ഫോര്‍ റിക്രൂട്ട്‌മെന്റും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ റിക്രൂട്ട്‌മെന്റ് കമ്മിറ്റിയും നന്നായി സഹകരിച്ചുപ്രവര്‍ത്തിക്കുന്നതായി പ്രവാസികാര്യ വകുപ്പ് മേധാവിയും റിക്രൂട്ട്‌മെന്റ് കമ്മിറ്റി തലവനുമായ ബ്രിഗേഡിയര്‍ നാസിര്‍ ജബര്‍ അല്‍അത്തിയ്യ അല്‍ശുര്‍ത്ത മഅക്ക് മാഗസിനോട് വ്യക്തമാക്കി.
റിക്രൂട്ട്‌മെന്റ് അപേക്ഷകള്‍ അംഗീകരിക്കുന്നതിനു നിരവധി മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. തൊഴിലാളിക്ക് നിശ്ചയിച്ച ശമ്പളം വ്യക്തമാക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം നല്‍കേണ്ടതാണ്. നിശ്ചിത തൊഴിലിനു സ്വദേശികള്‍ ലഭ്യമല്ലെന്ന് കാണിക്കുന്ന തൊഴില്‍ ശക്തി വകുപ്പിന്റെ രേഖകള്‍ ലഭിച്ചതിനു ശേഷം മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂവെന്നും നാസിര്‍ പറഞ്ഞു.
ഒളിച്ചോടിയും തൊഴിലില്ലാത്ത രീതിയിലും പിടികൂടപ്പെട്ട തൊഴിലാളികളെക്കുറിച്ചും അവരെ ഖത്തറിലെത്തിച്ച കമ്പനികളെക്കുറിച്ചും പെര്‍മനന്റ് കമ്മിറ്റിക്ക് സെര്‍ച്ച് ആന്റ് ഫോളോ അപ്പ് ഡിപാര്‍ട്ട്‌മെന്റ് വിവരം നല്‍കുമെന്ന് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസര്‍ മുഹമ്മദ് ഈസ അല്‍സെയ്ദ് പറഞ്ഞു. കമ്പനിയില്‍ ഒഴിവില്ലാതെ തന്നെ റിക്രൂട്ട്‌മെന്റ് നടത്തുന്നതാണ് ചിലര്‍ക്ക് തൊഴിലില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്നതെന്ന് ആല്‍സെയ്ദ് വ്യക്തമാക്കി. ഇത്തരം കമ്പനികളെ കര്‍ശനമായി നിരീക്ഷിക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it