Sports

പുതിയ തുടക്കം പ്രതീക്ഷിച്ച് ടീം ഇന്ത്യ

കാണ്‍പൂര്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ഏകദിനം ഇന്ന് കാണ്‍പൂരില്‍ അരങ്ങേറും. അഞ്ച് മല്‍സരങ്ങളടങ്ങിയതാണ് ഏകദിന പരമ്പര. പുതിയ തുടക്കം പ്രതീക്ഷിച്ചാണ് മഹേന്ദ്രസിങ് ധോണിക്കു കീഴില്‍ ആതിഥേയര്‍ കച്ചകെട്ടുന്നത്. നേരത്തെ മൂന്നു മല്‍സരങ്ങളടങ്ങിയ ട്വന്റി പരമ്പര ഇന്ത്യ 0-2ന് സന്ദര്‍ശകരായ ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍ അടിയറവ് വച്ചിരുന്നു. ആദ്യ രണ്ടു മല്‍സരങ്ങളിലും ദക്ഷിണാഫ്രിക്ക വെന്നിക്കൊടി നാട്ടിയപ്പോള്‍ ട്വന്റി പരമ്പരയിലെ അവസാന മല്‍സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.

ട്വന്റി പരമ്പരയില്‍ സ്വന്തം കാണികള്‍ക്കു മുന്നിലേറ്റ തോല്‍വിക്ക് മറുപടി പറയണമെങ്കില്‍ ഇന്ത്യക്ക് ഏകദിന പരമ്പര സ്വന്തമാക്കിയേ തീരൂ. എന്നാല്‍, മികച്ച ഫോമിലുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെതിരേ ഇന്ത്യക്ക് അത് എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍. ഒന്നാം ഏകദിനത്തില്‍ ബാറ്റിങ് ലൈനപ്പില്‍ ഇന്ത്യ ചില പരീക്ഷണങ്ങള്‍ വരുത്താനിടയുണ്ട്. ഇന്നത്തെ കളിയില്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ പരീക്ഷിച്ചേക്കുമെന്ന് ധോണി പറഞ്ഞു. പുതുമുഖ താരം ഗുര്‍കീറത്ത് സിങിന്റെ അരങ്ങേറ്റം ഇന്നുണ്ടായേക്കില്ലെന്നാണ് സൂചന.

ഉമേഷ് യാദവാണ് ഇന്ത്യന്‍ പേസ് പടയെ നയിക്കുന്നത്. ബാറ്റിങില്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, ധോണി എന്നിവരിലാണ് ഇന്ത്യ പ്രധാനമായും പ്രതീക്ഷ വച്ചു പുലര്‍ത്തുന്നത്. ബാറ്റിങിനും ബൗളിങിനും ഒരു പോലെ പിന്തുണയ്ക്കുന്ന പിച്ചായതിനാല്‍ ടീമിലെ ഓരോ താരങ്ങളുടെയും പ്രകടനം ഇരു ടീമിനും നിര്‍ണായകമാവും.അതേസമയം, ട്വന്റി പരമ്പരയിലെ വിജയകുതിപ്പ് തുടരാനുറച്ചാണ് ആഫ്രിക്കന്‍ ടീം കച്ചകെട്ടുന്നത്. മൂന്നു ഫോര്‍മാറ്റുകളിലും വ്യത്യസ്ഥ ക്യാപ്റ്റന്‍മാരെയാണ് ദക്ഷിണാഫ്രിക്ക പരീക്ഷിക്കുന്നത്. ട്വന്റിയില്‍ ഫ്ഫ് ഡുപ്ലെസിസാണ് ദക്ഷിണാഫ്രിക്കയെ നയിച്ചിരുന്നത്.

എന്നാല്‍, ഏകദിനത്തില്‍ വെടിക്കെട്ട് വീരന്‍ എബി ഡിവില്ലിയേഴ്‌സാണ് സന്ദര്‍ശകരെ നയിക്കുന്നത്. ടെസ്റ്റില്‍ ഹാഷിം അംലയാണ് ആഫ്രിക്കന്‍ ടീമിന്റെ നായകന്‍. അംല, ഡിവില്ലിയേഴ്‌സ്, ഡുപ്ലെസിസ്, ഡുമിനി, മില്ലര്‍ എന്നിവരാണ് ആഫ്രിക്കന്‍ ടീമിന്റെ പ്രധാന ബാറ്റിങ് സെന്‍സേഷനുകള്‍. ഡെയ്ല്‍ സ്റ്റെയ്‌നാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പേസ് പടയെ നയിക്കുന്നത്. സ്പിന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത് ഇംറാന്‍ താഹിറാണ്. ടീം:- ഇന്ത്യ: രോഹിത്, ധവാന്‍, കോഹ്‌ലി, ധോണി (ക്യാപ്റ്റന്‍), റായുഡു, റെയ്‌ന, അക്ഷര്‍, അശ്വിന്‍, ഭുവനേശ്വര്‍, മോഹിത്, ഉമേഷ്. ദക്ഷിണാഫ്രിക്ക: ഡികോക്ക്, അംല, ഡുപ്ലെസിസ്, ഡിവില്ലിയേഴ്‌സ് (ക്യാപ്റ്റന്‍), ഡുമിനി, മില്ലര്‍, ബെഹാര്‍ഡിയെന്‍, മോറിസ്, സ്‌റ്റെയ്ന്‍, മോര്‍ക്കല്‍, റബാണ്ട, താഹിര്‍.
Next Story

RELATED STORIES

Share it