kozhikode local

പുതിയ താല്‍പര്യപത്രം ക്ഷണിക്കാന്‍ കൗണ്‍സില്‍ തീരുമാനം

കോഴിക്കോട്:  പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടലില്‍ ഹൈമാസ്റ്റ് പോളുകള്‍ സ്ഥാപിക്കുന്നതിന് പുതിയ താല്‍പര്യപത്രം ക്ഷണിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവക്കുകയായിരുന്നു ഇന്നലെ കൗണ്‍സില്‍ യോഗം. നഗരത്തില്‍ സൗജന്യമായി ഹൈമാസ്റ്റ് പോളുകള്‍ സ്ഥാപിച്ച് ലൈറ്റ്, ക്യമറ, വൈ ഫൈ എന്നീ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതിയായിരുന്നു വിഭാവനം ചെയ്തത്. എന്നാല്‍ ടെണ്ടര്‍ നടപടിയിലെ സുതാര്യതയെ ചോദ്യം ചെയ്ത പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പോടെയായിരുന്നു ഒക്ടോബര്‍ 11ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം പാസാക്കിയത്. ടെന്‍ഡറില്‍ ഒരു കമ്പനി മാത്രമായിരുന്നു അന്ന് പങ്കെടുത്തിരുന്നത്. ഇത് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടുകയും ടെന്‍ഡര്‍ നടപടി ചോദ്യം ചെയ്ത് സ്വകാര്യ കമ്പനി ഹൈക്കോടതി മുന്‍പാകെ ഹരജിയും സമര്‍പ്പിച്ചിരുന്നു. ഇതോടെയാണ് കോര്‍പറേഷന്‍ കൗണ്‍സില്‍ പ്രത്യേകയോഗം ചേര്‍ന്ന് തീരുമാനം റദ്ദാക്കി ഉടന്‍ പുതിയ താത്പര്യപത്രം ക്ഷണിക്കാനും തീരുമാനിച്ചത്.ഏക സ്ഥാപനം മാത്രം ടെന്‍ഡറില്‍ പങ്കെടുത്തതിനാല്‍ റീ ടെന്‍ഡര്‍ വിളിക്കണമെന്നായിരുന്നു വിയോജനകുറിപ്പ്. ടെന്‍ഡര്‍ ലഭിച്ച ജിയോയോട് പ്രത്യേക താല്‍പര്യമുണ്ടായിരുന്നെങ്കില്‍ ഹൈക്കോടതിയില്‍ അപ്പീലിന് പോകുമായിരുന്നു. സങ്കീര്‍ണമായ പ്രക്രിയയെ വീണ്ടും സങ്കീര്‍ണമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പി എം സുരേഷ് ബാബു ആരോപിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ സെക്രട്ടറിയുടെ നോട്ട് പരിഗണിക്കേണ്ടിയിരുന്നു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തികാതിരിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേഷന്‍ സെക്രട്ടറി ചൂണ്ടിക്കാണിച്ചത് ഗൗരവത്തോടെ കാണണമെന്ന് ഉപനേതാവ് സി അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു. കോര്‍പറേഷന് സൗജന്യമായി ലൈറ്റും ക്യാമറയും വരുമാനവും കിട്ടുകമാത്രമാണ് പദ്ധതിയിലൂടെ ലക്ഷ്യവയ്ക്കുന്നതെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. എല്ലാം ജനാധിപത്യമായ രീതിയില്‍ പാലിച്ചാണ് ടെന്‍ഡറെന്ന് കൗണ്‍സില്‍ പാര്‍ട്ടി നേതാവ് കെ വി ബാബുരാജ് പറഞ്ഞു. കോര്‍പറേഷന് വരുമാനവും ജനങ്ങള്‍ക്ക് വെളിച്ചവും മാത്രമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഡെപ്യൂട്ടിമേയര്‍ മീരാദര്‍ശക് പറഞ്ഞു. ക്രമംവിട്ട കാര്യങ്ങള്‍ നടന്നെന്ന് വ്യക്തമാണെന്ന് പ്രതിപക്ഷഅംഗം കെ ടി ബീരാന്‍കോയ. വലിയ അഴിമതിയില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതിനാല്‍ അന്വേഷണം വിജിലന്‍സിനെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. പി എം നിയാസ്, പി കിഷന്‍ചന്ദ്, സയ്യിദ് മുഹമ്മദ് ഷമീല്‍, നമ്പിടി നാരായണന്‍, ടി സി ബിജുരാജ്, എം രാധാകൃഷ്ണന്‍, എം സി അനില്‍കുമാര്‍, എന്‍ പി പത്മനാഭന്‍, എം പി സുരേഷ്, കെ ടി സുഷാജ്, പി അനിത, കെ കെ റഫീഖ്, എം എം പത്മാവതി, പി പി ബീരാന്‍കോയ, സി കെ സീനത്ത്, കോര്‍പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, അഡീഷണല്‍ സെക്രട്ടറി കെ പി വിനയന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it