പുതിയ ട്രെയിന്‍ സമയക്രമം പ്രാബല്യത്തില്‍



കൊല്ലം: റെയില്‍വേയുടെ പുതിയ സമയക്രമം ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതിയ സമയക്രമം അനുസരിച്ച് ദക്ഷിണ റെയില്‍വേ ഡിവിഷനിലെ 87 ട്രെയിനുകളുടെ വേഗം കൂടും. ഇതില്‍ 51 എക്‌സ്പ്രസ് ട്രെയിനുകളും 36 പാസഞ്ചര്‍ വണ്ടികളും ഉള്‍പ്പെടുന്നു. എഗ്മൂറില്‍ നിന്നു തിരുവനന്തപുരം വരെ സര്‍വീസ് നടത്തിയ അനന്തപുരി എക്‌സ്പ്രസ് കൊല്ലം വരെ നീട്ടി. കൊച്ചുവേളിയില്‍ നിന്നു മംഗലാപുരത്തേക്ക് പുതിയ അന്ത്യോദയ എക്പ്രസ് സമയപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി എട്ടിന് മംഗലാപുരത്തു നിന്നു പുറപ്പെട്ട് അടുത്തദിവസം രാവിലെ 8.15ന് കൊച്ചുവേളിയില്‍ ട്രെയിന്‍ എത്തിച്ചേരും. കൊച്ചുവേളിയില്‍ നിന്നു വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.25നു പുറപ്പെട്ട് അടുത്തദിവസം രാവിലെ 9.15ന് മംഗലാപുരത്ത് ട്രെയിന്‍ എത്തിച്ചേരും. ആകെയുള്ള 18 കോച്ചുകളില്‍ രണ്ടെണ്ണം ജനറലും മറ്റുള്ളവ സെക്കന്‍ഡ് സിറ്റിങും ആയിരിക്കും. മംഗലാപുരത്തിനും കൊച്ചുവേളിക്കും ഇടയില്‍ ഒമ്പത് സ്റ്റോപ്പുകള്‍ മാത്രമാവും ഉണ്ടാവുക. ആഴ്ചയില്‍ രണ്ട് സര്‍വീസ് ഉള്ള ഈ ട്രെയിന്‍ ഓടിത്തുടങ്ങുന്ന തിയ്യതി റെയില്‍വേ പിന്നീട് പ്രഖ്യാപിക്കും. 16343/16344 തിരുവനന്തപുരം പാലക്കാട് അമൃത പൊള്ളാച്ചി, പഴനി വഴി മധുര വരെ നീട്ടി. 16314/16313 കണ്ണൂര്‍ എറണാകുളം ദൈ്വവാര ട്രെയിന്‍ ആലപ്പുഴ വരെ നീട്ടിയിട്ടുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസം കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്കും ആഴ്ചയില്‍ അഞ്ചുദിവസം എറണാകുളത്തു നിന്ന് കണ്ണൂരിലേക്കുമാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നത്. ഇത് ഇനി ഏഴു ദിവസവും കണ്ണൂരില്‍ നിന്ന് ആലപ്പു ഴവരെ സര്‍വീസ് നടത്തും. ഇതിന്റെ നമ്പര്‍ 16308/ 16307 എന്നാവും. ചെന്നൈ-പളനി എക്‌സ്പ്രസ് (22651/22652) പാലക്കാട് വരെ നീട്ടി. പൊള്ളാച്ചി വഴിയുള്ള തിരുച്ചെന്തൂര്‍-പളനി പാസഞ്ചര്‍ (56769/56770) പാലക്കാട് വരെ നീട്ടി.  ട്രെയിനുകളുടെ വേഗം വര്‍ധിപ്പിച്ചതിനാല്‍ പ്രധാന ട്രെയിനുകളുടെ സമയക്രമത്തില്‍ ചെറിയ മാറ്റങ്ങളുണ്ട്. നിലവിലുള്ള ട്രെയിനുകള്‍ റദ്ദാക്കിയിട്ടില്ല. സ്‌റ്റോപ്പുകളിലും മാറ്റമില്ല. രാവിലെ 9.50നു തിരുവനന്തപുരത്തു നിന്ന് പുറപ്പെടാറുള്ള നേത്രാവതി എക്‌സ്പ്രസ് ഇനി 9.45ന് പുറപ്പെടും. വൈകീട്ട് അഞ്ചിന് പുറപ്പെടാറുള്ള തിരുവനന്തപുരം ഗുവാഹത്തി എക്‌സ്പ്രസ് 4.55നു പുറപ്പെടും. വൈകീട്ട് 3.35ന് പുറപ്പെടാറുള്ള തിരുവനന്തപുരം വെരാവല്‍ എക്‌സ്പ്രസ് 4.45നാണു പുറപ്പെടുക. രാവിലെ 6.10ന് പുറപ്പെടുന്ന കോര്‍ബ എക്‌സ്പ്രസ് അഞ്ചു മിനിറ്റ് വൈകിയാണു പുറപ്പെടുക.
Next Story

RELATED STORIES

Share it