Flash News

പുതിയ കോഴ്‌സുകളുമായി മലയാള സര്‍വകലാശാല



കോഴിക്കോട്: മലയാള സര്‍വകലാശാല പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി വൈസ് ചാന്‍സലര്‍ ഡോ. കെ ജയകുമാര്‍. എംബിഎ, എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്, എംകോം, മാസ്റ്റര്‍ ഇന്‍ ലൈബ്രറി സയന്‍സ് എന്നീ കോഴ്‌സുകളാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. സര്‍വകലാശാലയുടെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളും ഗവേഷണവും മലയാളത്തിലൂടെ സാധ്യമാവുമെന്ന് തെളിയിക്കാനായതാണ് പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള പ്രചോദനമെന്ന് വി സി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  സര്‍വകലാശാല രൂപം നല്‍കിയ ഓണ്‍ലൈന്‍ മലയാളം നിഘണ്ടു വരുന്ന ആഗസ്തില്‍ നിലവില്‍വരും. ഓണ്‍ലൈനായി ലഭ്യമാവുന്ന സമഗ്ര മലയാളം നിഘണ്ടുവിന്റെ പ്രവര്‍ത്തനം കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി നടന്നു വരികയായിരുന്നു. 1,30,000 വാക്കുകളുമായാണ് സമഗ്ര ഓണ്‍ലൈന്‍ നിഘണ്ടു സമര്‍പ്പിക്കുന്നത്. ഓണ്‍ലൈനില്‍ ലഭിച്ചുകഴിഞ്ഞാലും നിഘണ്ടുവില്‍ പുതിയ വാക്കുകളും പ്രാദേശിക പദങ്ങളും ശാസ്ത്രസാങ്കേതിക പദങ്ങളും നിരന്തരം കൂട്ടിച്ചേര്‍ക്കാനാവും. എഴുത്തച്ഛന്‍, എ ആര്‍ രാജരാജവര്‍മ എന്നിവരെ കുറിച്ചുള്ള ഗ്രന്ഥസൂചി തയ്യാറാക്കല്‍ നടന്നുവരികയാണ്. സമകാലിക എഴുത്തുകാരില്‍ എം ടി വാസുദേവന്‍ നായരെ കുറിച്ചും ഗ്രന്ഥസൂചി തയ്യാറാക്കും. മലയാള സാഹിത്യത്തെ പരിഭാഷകളിലൂടെ പുറംലോകത്തെ അറിയിക്കുക എന്ന ഉദ്ദേശ്യത്തോടെ സര്‍വകലാശാല പരിഭാഷാ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ആദ്യമായി രാജലക്ഷ്മിയുടെ ഒരു വഴിയും കുറേ നിഴലുകളും എന്ന പുസ്തകമാണു പരിഭാഷപ്പെടുത്തിയത്. ഖദീജാ മുംതാസിന്റെ ബര്‍സ, അംബികാ സുതന്‍ മാങ്ങാടിന്റെ എന്‍മകജെ എന്നിവയുടെ പ്രകാശനവും നടന്നുകഴിഞ്ഞു. ഒരു വര്‍ഷത്തിനിടയില്‍ അഞ്ച് പുസ്തകങ്ങള്‍ കൂടി പരിഭാഷപ്പെടുത്തണമെന്നാണ് ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ ഇംഗ്ലീഷ് ഭാഷയിലേക്കാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. മറ്റു ഭാഷകളില്‍ കൂടി പുസ്തകം പരിഭാഷപ്പെടുത്തണമെന്ന് താല്‍പ്പര്യമുണ്ട്. മലയാള സര്‍വകലാശാലയില്‍ ഈ വര്‍ഷം മുതല്‍ നമുക്കു ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി പ്രഭാഷണം സംഘടിപ്പിക്കും. ജൂലൈയില്‍ കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ പ്രഫ. സതീഷ് ദേശ്പാണ്ഡെയാണ് പ്രഭാഷണം നടത്തുക.
Next Story

RELATED STORIES

Share it